ക്രിസ്തുവിനെപ്പോലെ പ്രകാശവും പ്രത്യാശയും പരത്തുന്ന വ്യക്തികളാകുക

ജനുവരി അഞ്ച് ഞായറാഴ്‌ച മദ്ധ്യാഹ്നനപ്രാർത്ഥനാവേളയിൽ വത്തിക്കാനിൽവച്ച് ഫ്രാൻസീസ് പാപ്പാ പങ്കുവച്ച ചിന്തകളുടെ മലയാള പരിഭാഷ.

Jan 7, 2025 - 11:18
 0  2
ക്രിസ്തുവിനെപ്പോലെ പ്രകാശവും പ്രത്യാശയും പരത്തുന്ന വ്യക്തികളാകുക

രണ്ടായിരത്തിയിരുപത്തിയഞ്ചിലെ പ്രഥമ ഞായറാഴ്‌ചയായ ജനുവരി അഞ്ചാം  തീയതി മദ്ധ്യാഹ്നത്തിൽ ഫ്രാൻസീസ് പാപ്പാ, വത്തിക്കാനിൽ ഞായാറാഴ്ചകളിൽ പതിവുള്ള പൊതുവായ ത്രികാലജപപ്രാർത്ഥന നയിച്ചു. യൂറോപ്പിൽ കടുത്ത ശീതകാലം ആയിരുന്നുവെങ്കിലും പാപ്പായെ കാണുവാനും, പാപ്പായ്‌ക്കൊപ്പം പ്രാർത്ഥനയിൽ പങ്കുകൊള്ളുന്നതിനും വിശുദ്ധ പത്രോസിൻറെ ബസിലിക്കയുടെ ചത്വരത്തിനകത്തും പുറത്തുമായി ഇറ്റലിക്കാരും മറ്റു രാജ്യക്കാരുമായ ആയിരക്കണക്കിന് വിശ്വാസികൾ സന്നിഹിതരായിരുന്നു. റോമിലെ സമയം ഉച്ചയ്ക്ക് 12 മണിക്ക്, ഇന്ത്യയിലെ സമയം ഉച്ചകഴിഞ്ഞ് 4.30-ന്, പാപ്പാ, പതിവുപോലെ, അപ്പസ്തോലിക കൊട്ടാരത്തിന്റെ ജാലകത്തിങ്കൽ എത്തിയപ്പോൾ തീർത്ഥാടകരും സന്ദർശകരുമായെത്തിയ ജനസമൂഹം ആനന്ദാരവങ്ങൾ ഉയർത്തി. ലത്തീൻ ആരാധനാക്രമപ്രകാരം ഈ ഞായറാഴ്ചയിലെ വിശുദ്ധബലിമധ്യേ വായിക്കപ്പെട്ട, വിശുദ്ധ യോഹന്നാന്റെ സുവിശേഷം ഒന്നാം അദ്ധ്യായം ഒന്ന് മുതൽ പതിനെട്ട് വരെയുള്ള ഭാഗത്ത് നാം കാണുന്ന, വചനം മാംസമായ ക്രിസ്തുവിനെക്കുറിച്ചുള്ള തിരുവചനങ്ങളെ അടിസ്ഥാനമാക്കിയായിരുന്നു ഇറ്റാലിയൻ ഭാഷയിൽ ത്രികാലജപപ്രാർത്ഥനയോടനുബന്ധിച്ചുള്ള തന്റെ പ്രഭാഷണം പാപ്പാ നടത്തിയത്.

വിശുദ്ധ പത്രോസിന്റെ ചത്വരത്തിലുണ്ടായിരുന്നവർക്ക് നല്ലൊരു ഞായർ ആശംസിച്ചും, മഴയുണ്ടായിരുന്നിട്ടും തന്നോടൊപ്പം പ്രാർത്ഥനയിൽ പങ്കെടുക്കാനെത്തിയതിന് അവരെ അഭിനന്ദിച്ചുകൊണ്ടുമാണ് ഫ്രാൻസിസ് പാപ്പാ തന്റെ പ്രഭാഷണം ആരംഭിച്ചത്.

ഇരുളിൽ പ്രകാശമായി വന്ന ക്രിസ്തു

വചനം മാംസമായ യേശുവിനെക്കുറിച്ച് പ്രതിപാദിച്ചുകൊണ്ട് ഇന്നത്തെ സുവിശേഷം നമ്മോട് പറയുന്നു: "ആ വെളിച്ചം ഇരുളിൽ പ്രകാശിക്കുന്നു; അതിനെ കീഴടക്കാൻ ഇരുളിന് കഴിഞ്ഞില്ല" (യോഹ. 1, 5). ദൈവസ്നേഹം എത്രമാത്രം ശക്തമാണെന്നും, യാതൊരു ശക്തിക്കും അതിനെ തോൽപ്പിക്കാനാകില്ലെന്നും, എല്ലാ പ്രതിബന്ധങ്ങൾക്കും നിരസിക്കലുകൾക്കും അപ്പുറം അത് തിളങ്ങുകയും നമ്മുടെ പാതയെ പ്രകാശിപ്പിക്കുകയും ചെയ്യുന്നുവെന്നുമാണ് ഇത് നമ്മെ ഓർമ്മിപ്പിക്കുന്നത്.

മനുഷ്യനായിത്തീരുന്ന ദൈവപുത്രൻ, നിരവധി മതിൽക്കെട്ടുകളെയും ഭിന്നതകളെയും അതിജീവിക്കുന്ന തിരുപ്പിറവിയിലും ഇത് നമുക്ക് കാണാം. അക്കാലത്ത്, കർത്താവിനെ അന്വേഷിക്കുക എന്നതിനേക്കാൾ തങ്ങളുടെ അധികാരം സംരക്ഷിക്കാൻ പരിശ്രമിക്കുന്ന വലിയവരുടെ അടഞ്ഞ മനസ്സിനെയും ഹൃദയത്തെയും അവൻ അഭിമുഖീകരിക്കുന്നു (മത്തായി 2, 3-8). ദരിദ്രരായിരുന്നിട്ടും, തങ്ങളുടെ പരിമിതമായ സാധ്യതകൾക്കും കുറവുകൾക്കും ഇടയിലും, സ്നേഹത്തോടെ അവനെ സ്വീകരിക്കുകയും വളർത്തുകയും ചെയ്യുന്ന മറിയത്തിന്റെയും യൗസേപ്പിന്റെയും എളിമയുള്ള ജീവിതം അവൻ പങ്കിടുന്നു. ഹൃദയത്തിലെ കയ്പുനിറഞ്ഞ ജീവിതാനുഭവങ്ങളും സമൂഹത്തിന്റെ അവഹേളനവും അനുഭവിക്കുന്ന ഇടയന്മാരുടെയും (ലൂക്ക 2, 8-18), അവനെ അറിയാനുള്ള ആഗ്രഹത്താൽ സുദീർഘമായ ഒരു യാത്ര നടത്തി, സാധാരണക്കാരായ ജനത്തിന്റെ വീട്ടിൽ, വലിയ ദാരിദ്ര്യത്തിൽ, അവനെ കണ്ടെത്തുന്ന പൂജരാജാക്കന്മാരുടെയും (മത്തായി 2, 1) മുന്നിൽ, അവൻ ദുർബലനും പ്രതിരോധമില്ലാത്തവനുമായി തന്നെത്തന്നെ കാണിച്ചുകൊണ്ടുക്കുന്നു.

ധൈര്യപൂർവ്വം സാക്ഷ്യമേകി മുന്നോട്ടുപോവുക

വൈരുധ്യങ്ങളെന്നു തോന്നുന്ന ഇതും ഇതുപോലെയുള്ള മറ്റു വെല്ലുവിളികളുടെയും മുന്നിലും ദൈവം ഒരിക്കലും തോറ്റുകൊടുക്കുന്നില്ല, മറിച്ച്, നാം എവിടെ ആയിരിക്കുന്നോ, അവിടേക്ക്, കണക്കുകൂട്ടലുകളോ വ്യവസ്ഥകളോ ഇല്ലാതെ, മാനവികതയുടെ ഏറ്റവും ഇരുളടഞ്ഞ രാത്രികളിലും അന്ധകാരത്തിന് മറയ്ക്കാനാകാത്ത പ്രകാശത്തിന്റെ ജനാലകൾ തുറന്നുകൊണ്ട് എല്ലാവരിലേക്കും, നാമോരോരുത്തരിലേക്കും എത്താനായി അവൻ ആയിരക്കണക്കിന് വഴികൾ കണ്ടെത്തുന്നു (ഏശയ്യ 9, 1-6). നമ്മുടേതുപോലെ,  അത്ര എളുപ്പമല്ലാത്ത, പ്രകാശത്തിന്റെയും പ്രത്യാശയുടെയും സമാധാനത്തിന്റെയും ആവശ്യമുള്ള ഈ ഒരു സമയത്ത്, പുറത്തിറങ്ങുക അസാധ്യമെന്ന് തോന്നുന്ന വിധത്തിൽ സങ്കീർണ്ണമായ സാഹചര്യങ്ങൾ ചിലപ്പോഴൊക്കെ മനുഷ്യർ സൃഷ്ടിക്കുന്ന ഈ ഒരു ലോകത്ത്, നമുക്ക് ആശ്വാസവും ധൈര്യവും പകരുന്ന ഒരു യാഥാർത്ഥ്യമാണിത്. പല സാഹചര്യങ്ങളിലും നിന്ന് പുറത്തിറങ്ങൽ അസാധ്യമെന്ന് തോന്നിയേക്കാം, എന്നാൽ അങ്ങനെയല്ലെന്ന് ഇന്ന് ദൈവവചനം പറയുന്നു. സാധിക്കുന്നയിടങ്ങളിലെല്ലാം, കണ്ടുമുട്ടുന്ന വ്യക്തികളിലും സാഹചര്യങ്ങളിലും, കുടുംബ, സാമൂഹ്യ, അന്തർദേശീയ സാഹചര്യങ്ങളിലെല്ലാം പ്രകാശത്തിന്റെ കിരണങ്ങൾ പരത്തിക്കൊണ്ട്, സ്നേഹത്തിന്റെ ദൈവത്തെ അനുകരിക്കാൻ ഇന്ന് വചനം നമ്മെ ക്ഷണിക്കുന്നു. ആദ്യചുവടു വയ്ക്കാൻ ഭയക്കേണ്ടതില്ലെന്ന് നമ്മെ ഓർമ്മിപ്പിക്കുന്നു. ഇന്ന് ദൈവത്തിന്റെ ക്ഷണമിതാണ്, ആദ്യചുവടുവയ്ക്കാൻ ഭയപ്പെടേണ്ട. ധൈര്യം ആവശ്യമാണ്, എന്നാൽ നമുക്ക് ഭയം വേണ്ട. ഏവരുടെയും പാതകൾ വ്യക്തവും, സുരക്ഷിതവും സാധ്യവുമാക്കാൻവേണ്ടി, സഹനത്തിലായിരിക്കുന്നവർക്ക് പ്രകാശമാനമായ സാമീപ്യത്തിന്റെയും, ക്ഷമയുടെയും, സഹാനുഭൂതിയുടെയും അനുരഞ്ജനത്തിന്റെയും ജനാലകൾ മലർക്കെ തുറക്കുക എന്നതാണ് നാം ചെയ്യേണ്ട “ആദ്യ ചുവടുകൾ”. നാം അടുത്തിടെ ആരംഭിച്ച ജൂബിലി വർഷത്തിൽ പ്രത്യേകമായി പ്രതിധ്വനിക്കുന്ന ക്ഷണവും ഇതാണ്. ജീവനോടുള്ള സമൂർത്തങ്ങളായ സമ്മതമേകലുകളോടെയും, ജീവൻ കൊണ്ടുവരുന്ന തിരഞ്ഞെടുപ്പുകൾ നടത്തിയും പ്രത്യാശയുടെ സന്ദേശവാഹകരാകുക. ഇതാണ് രക്ഷയുടെ വഴി. നമുക്കിത് പ്രവർത്തികമാക്കാം.

ആദ്യചുവടുവയ്പുകൾക്ക് തയ്യാറാവുക

എങ്ങനെയാണ് ഞാനായിരിക്കുന്ന ഇടങ്ങളിലും എന്റെ ബന്ധങ്ങളിലും പ്രകാശത്തിന്റെ ഒരു ജനാല തുറക്കാൻ സാധിക്കുകയെന്ന് ഈ പുതുവർഷാരംഭത്തിൽ നമുക്ക് സ്വയം ചോദിക്കാം. എവിടെയാണ് ദൈവസ്നേഹം കടന്നുചെല്ലാൻ സഹായിക്കുന്ന ഒരു പ്രകാശകിരണമാകാൻ എനിക്ക് സാധിക്കുക? ഏതാണ് എനിക്ക് ഇന്ന് നടത്താൻ സാധിക്കുന്ന ആദ്യ ചുവടുവയ്പ്പ്?

ക്രിസ്തുവിലേക്ക് നയിക്കുന്ന പരിശുദ്ധ അമ്മ

യേശുവിലേക്ക് ഏവരെയും നയിക്കുന്ന നക്ഷത്രമായ മറിയം, ഏവർക്കും ദൈവപിതാവിന്റെ സ്നേഹത്തിന്റെ ഉജ്ജ്വലസാക്ഷികളാകുവാൻ നമ്മെ സഹായിക്കട്ടെ എന്ന ആശംസയോടെ പാപ്പാ, ത്രികാലജപപ്രാർത്ഥന നയിക്കുകയും പ്രാർത്ഥനയുടെ അവസാനം ഏവർക്കും ആശീർവ്വാദം നല്കുകയും ചെയ്തു.

ആശീർവാദത്തിനു ശേഷം തന്റെ വാക്കുകൾ തുടർന്ന പാപ്പാ, വിശുദ്ധ പത്രോസിന്റെ ചത്വരത്തിലുണ്ടായിരുന്ന, റോമിലും വിവിധ രാജ്യങ്ങളിലും നിന്നുവന്ന തീർത്ഥാടകവിശ്വാസികളെ വീണ്ടും അഭിസംബോധന ചെയ്‌തുകൊണ്ട് സംസാരിച്ചു.

മതാദ്ധ്യാപനത്തിന്റെ പ്രാധാന്യം

ക്രൊയേഷ്യയിലെ സഗാബ്രിയ അതിരൂപതയിൽനിന്നെത്തിയ മതാദ്ധ്യാപകരെ പ്രത്യേകം അഭിസംബോധന ചെയ്ത പാപ്പാ, അവർ ചെയ്യുന്ന സേവനങ്ങൾക്ക് ആശംസകൾ നേർന്നു. പുതുതലമുറകളുടെ സാംസ്‌കാരിക, ആദ്ധ്യാത്മിക, ധാർമ്മിക പരിശീലനത്തിന് മതാദ്ധ്യാപനം ഏറെ പ്രധാനപ്പെട്ടതാണെന്ന് പാപ്പാ ഓർമ്മിപ്പിച്ചു.

ജൂബലിയുമായി ബന്ധപ്പെട്ട തീർത്ഥാടനത്തിന്റെ ഭാഗമായെത്തിയ വിവിധ വിശ്വാസിസമൂഹങ്ങളെയും പാപ്പാ പ്രത്യേകം പരാമർശിച്ചു.

യുദ്ധവും സമാധാനവും

സമാധാനത്തിനായുള്ള പ്രാർത്ഥനകൾ തുടരാൻ ഏവരെയും ആഹ്വാനം ചെയ്ത പാപ്പാ, ഉക്രൈൻ, പലസ്തീനാ, ഇസ്രായേൽ, ലെബനോൻ, സിറിയ, മ്യാന്മാർ, സുഡാൻ എന്നിവിടങ്ങളെ പ്രത്യേകം പരാമർശിച്ചു. സംഘർഷങ്ങളിൽ മനുഷ്യാവകാശങ്ങൾ മാനിക്കപ്പെടുന്നുവെന്ന് ഉറപ്പാക്കാനായി സ്ഥൈര്യപൂർവ്വം ഇടപെടാൻ അന്താരാഷ്ട്രസമൂഹത്തെ പാപ്പാ ആഹ്വാനം ചെയ്തു. സാധാരണ ജനത്തെയും, സ്‌കൂളുകളെയും ആശുപത്രികളെയും, ജോലിയിടങ്ങളെയും ആക്രമിക്കുന്നത് അവസാനിപ്പിക്കാൻ പാപ്പാ ആവശ്യപ്പെട്ടു. യുദ്ധമെന്നത് ഒരു പരാജയമാണെന്ന് നമുക്ക് മറക്കാതിരിക്കാമെന്ന് പാപ്പാ ആവർത്തിച്ചു.

തന്റെ പ്രഭാഷണത്തിന്റെ അവസാനത്തിൽ, ഏവർക്കും നല്ലൊരു ഞായറാഴ്ച ആശംസിച്ച പാപ്പാ, ദയവായി തനിക്കുവേണ്ടി പ്രാർത്ഥിക്കണമെന്ന് ഏവരോടും അഭ്യർത്ഥിക്കുകയും, ഏവർക്കും നല്ലൊരു ഉച്ചയൂണ് നേരുകയും, നാളെക്കാണാമെന്ന ക്ഷണം നൽകിയും ജാലകത്തിങ്കൽ നിന്നു പിൻവാങ്ങി.

What's Your Reaction?

like

dislike

love

funny

angry

sad

wow