യുദ്ധമുഖങ്ങളിൽ മാനുഷിക നിയമങ്ങൾ മാനിക്കപ്പെടണം: പാപ്പാ
ജനുവരി മാസം അഞ്ചാം തീയതി ഞായറാഴ്ച്ച, മധ്യാഹ്നപ്രാർത്ഥനയുടെ അവസാനം, യുദ്ധം നടക്കുന്ന രാജ്യങ്ങളെ പേരെടുത്തു ഫ്രാൻസിസ് പാപ്പാ പരാമർശിച്ചു
യുദ്ധം നടക്കുന്ന ഇടങ്ങളിൽ, കഴിഞ്ഞ ദിവസങ്ങളിൽ, സ്‌കൂളുകൾക്ക് നേരെയും, ആശുപത്രികൾക്കു നേരെയും നടത്തിയ ആക്രമണങ്ങളെ ഫ്രാൻസിസ് പാപ്പാ നിശിതമായ ഭാഷയിൽ അപലപിച്ചു. ക്രൂരമായ സംഘട്ടനം എന്നാണ്, ജനുവരി മാസം അഞ്ചാം തീയതി ഞായറാഴ്ച്ച, മധ്യാഹ്നപ്രാർത്ഥനയുടെ അവസാനം, പാപ്പാ ഇത്തരം അക്രമങ്ങൾക്കെതിരെ ശബ്ദമുയർത്തിയത്. കുട്ടികളെയും, കുടുംബങ്ങളെയും, രോഗികളെയും, നിരപരാധികളെപ്പോലും വെറുതെ വിടാത്ത ക്രൂരമായ ഇത്തരം ആക്രമണങ്ങളിൽ നിന്നും എല്ലാവരും പിന്തിരിയണമെന്നും പാപ്പാ ആവശ്യപ്പെട്ടു.
ജനീവ കൺവെൻഷനുകളുടെ 75-ാം വാർഷികം അനുസ്മരിച്ചുകൊണ്ട് ഒക്ടോബർ 27-ലെ മധ്യാഹ്ന പ്രാർത്ഥനയുടെ അവസരത്തിലും, ജനങ്ങളുടെ ജീവിതത്തെയും അന്തസ്സിനെയും ബഹുമാനിക്കണമെന്ന് പാപ്പാ ആവശ്യപ്പെട്ടിരുന്നു. അന്താരാഷ്ട്ര മാനുഷിക നിയമങ്ങൾക്ക് അനുസൃതമായി എല്ലാവരും പെരുമാറണമെന്ന് പാപ്പാ പറയുമ്പോഴും, യുദ്ധങ്ങളിൽ നിന്നും പിന്മാറുവാൻ എല്ലാ രാജ്യങ്ങളോടും ആവശ്യപ്പെടുകയും ചെയ്യുന്നു.
യുദ്ധം ബാധിച്ച രാജ്യങ്ങളിലും സങ്കീർണ്ണമായ സാഹചര്യങ്ങളിലും സമാധാനത്തിനായി പ്രാർത്ഥിക്കുന്നത് അവസാനിപ്പിക്കരുതെന്ന് അഭ്യർത്ഥിച്ച പാപ്പാ, ഉക്രെയ്ൻ, പലസ്തീൻ, ഇസ്രായേൽ, ലെബനൻ, സിറിയ, മ്യാൻമർ, സുഡാൻ എന്നീ രാജ്യങ്ങളെ പേരെടുത്തു പരാമർശിച്ചു. മധ്യപൂർവേഷ്യയിൽ ആരംഭിച്ച യുദ്ധത്തിൽ ഏകദേശം 45,805-ലധികം ആളുകൾ കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.
What's Your Reaction?