തിരുക്കുടുംബവും സമകാലീനകുടുംബങ്ങളും

ലത്തീൻ ആരാധനാക്രമപ്രകാരം തിരുക്കുടുംബത്തിന്റെ തിരുനാൾ ആഘോഷിക്കുന്ന പിറവിത്തിരുനാളിന് ശേഷമുള്ള ആദ്യഞായറാഴ്ചയിലെ

Dec 30, 2024 - 11:47
 0  5
തിരുക്കുടുംബവും സമകാലീനകുടുംബങ്ങളും

പെസഹാത്തിരുനാളിന്, കേവലം പന്ത്രണ്ടു വയസ്സുള്ള ബാലനായ യേശുവുമായി ദേവാലയത്തിലേക്ക് പോകുന്ന പരിശുദ്ധ അമ്മയുടെയും, വിശുദ്ധ യൗസേപ്പിന്റെയും കുടുംബത്തെക്കുറിച്ചും, ദേവാലയത്തിൽ ഉപാധ്യായന്മാരുമായി സംവദിക്കുന്ന ദൈവപുത്രനെക്കുറിച്ചുമാണ് വിശുദ്ധ ലൂക്കാ തന്റെ സുവിശേഷം രണ്ടാം അദ്ധ്യയത്തിന്റെ അവസാനഭാഗത്ത് എഴുതുന്നത്. യഹൂദപാരമ്പര്യത്തിൽ ജനിച്ച്, നിയമപ്രകാരമുള്ള എല്ലാം നിറവേറ്റുന്ന ഒരു നല്ല യഹൂദക്കുട്ടിയായായാണ് സുവിശേഷം യേശുവിനെ ഇവിടെ അവതരിപ്പിക്കുക. രക്ഷാകരചരിത്രവുമായി ബന്ധപ്പെട്ട് ദേവാലയത്തിൽ ധൂപാർപ്പണസമയത്ത് ലഭിച്ച ഒരറിയിപ്പിൽ തുടങ്ങി, ദേവാലയത്തിലേക്ക് തിരുക്കുടുംബം നടത്തുന്ന ഈ യാത്രയെക്കുറിച്ചുള്ള വിവരണത്തോടെ യേശുവിന്റെ ശൈശവദശയുമായി ബന്ധപ്പെട്ട കാര്യങ്ങൾ അവസാനിക്കുന്നു എന്ന ഒരു പ്രത്യേകതയും ഈ സുവിശേഷഭാഗത്തിനുണ്ട്. ക്രിസ്തുമസിന് ശേഷമുള്ള ആദ്യ ഞായർ സാധാരണയായി തിരുക്കുടുംബത്തെക്കുറിച്ച് ധ്യാനിക്കുവാനായി പ്രത്യേകം മാറ്റിവച്ചിരിക്കുന്ന ഒരു ദിവസമാണെന്ന് നമുക്കറിയാം. യേശുക്രിസ്തുവിനെയും പരിശുദ്ധ അമ്മയെയും വിശുദ്ധ യൗസേപ്പിനെയും പോലെ, അനുഗ്രഹീതവും വിശുദ്ധവുമായിരിക്കേണ്ട ഒരു കുടുംബത്തിന്റെ ഭാഗമാകാൻ ദൈവത്താൽ പ്രത്യേകമായി വിളിക്കപ്പെട്ടവർ എന്ന നിലയിൽ, തിരുക്കുടുംബത്തെക്കുറിച്ചുള്ള ഇന്നത്തെ സുവിശേഷഭാഗം ഏറെ പ്രധാനപ്പെട്ട ഒന്നാണ്.

ഇസ്രായേൽ ജനതയുടെ പെസഹാ

ഈജിപ്തിലെ അടിമത്തത്തിൽനിന്ന് തന്റെ ജനത്തെ സ്വാതന്ത്രരാക്കാനായി സംഹാരദൂതനെ അയച്ച് ഈജിപ്തുകാരുടെ കടിഞ്ഞൂൽപ്പുത്രൻമാരെ നിഗ്രഹിച്ചുകൊണ്ട് ദൈവം പ്രത്യേകമായി ഇടപെട്ട സംഭവത്തിന്റെ ഓർമ്മയായാണ് കടന്നുപോകലിന്റെ പെസഹാത്തിരുനാൾ ഇസ്രായേൽജനം ആചരിച്ചിരുന്നത്. ഈയൊരാചാരണം ഇസ്രായേൽ ജനത്തോടുള്ള ദൈവത്തിന്റെ കല്പനയുടെ ഭാഗമാണ്. പുറപ്പാട് പുസ്തകത്തിന്റെ പന്ത്രണ്ടാം അദ്ധ്യായത്തിൽ നാം ഇതേകുറിച്ച് വായിക്കുന്നുണ്ട് (പുറപ്പാട് 13, 24-27). പുതിയനിയമത്തിലേക്ക് കടന്നുവരുമ്പോൾ, അടിമത്തത്തിൽനിന്ന്, തിന്മയിൽനിന്ന് തന്റെ ജനത്തെ മോചിപ്പിക്കാനായി കടന്നുവന്ന ദൈവപുത്രന്റെ പെസഹാത്തിരുനാൾ ആചരണം ഈയൊരർത്ഥത്തിൽ ഏറെ മനോഹരമായ ഒന്നാണെന്ന് നമുക്ക് കാണാം. തന്റെ ജീവിതം കുരിശിൽ ബലിയയേകി, തിന്മയെ തോൽപ്പിച്ചുകൊണ്ടാണ് ദൈവപുത്രൻ രക്ഷകനായി നമുക്കിടയിലൂടെ കടന്നുപോയത്.

കുടുംബ-സാമൂഹിക  മാതൃകകൾ

യേശുവും പരിശുദ്ധ അമ്മയും വിശുദ്ധ യൗസേപ്പുമുള്ള തിരുക്കുടുംബത്തിന്റെ മേന്മയും അവിടെ യേശുവിന് ലഭിച്ച പരിശീലനമികവും വെളിവാക്കുന്നതാണ് ഇന്നത്തെ സുവിശേഷമെന്ന് നമുക്ക് പറയാൻ സാധിക്കും. പതിവനുസരിച്ച് ദേവാലയത്തിലേക്ക് പോയിരുന്ന ഒരു കുടുംബം. തങ്ങളുടെ യഹൂദപാരമ്പര്യത്തിലും, ദൈവജനമെന്ന വിളിയിലും അഭിമാനിച്ചിരുന്ന, ദൈവകല്പനയനുസരിച്ച് പെസഹാത്തിരുനാൾ ആചരണം നടത്തിയിരുന്ന, തീക്ഷ്ണമതികളായ മൂന്ന് വ്യക്തികളെയാണ് ഇവിടെ നമുക്ക് കാണാൻ സാധിക്കുക. ഉപാധ്യായന്മാരെ ശ്രവിക്കാനും, അവരുടെ ഉദ്‌ബോധനം മനസ്സിലാക്കാനും, അവരോട് ചോദ്യങ്ങൾ ചോദിക്കാനും തക്കവിധം തങ്ങളുടെ മകനെ വിശ്വാസത്തിൽ വളർത്തിക്കൊണ്ടുവന്ന പരിശുദ്ധ അമ്മയും വിശുദ്ധ യൗസേപ്പും, ഇന്നത്തെ വലിയൊരു വിഭാഗം മാതാപിതാക്കൾക്കും അപ്രാപ്യമായ ഒരു ജീവിതശൈലിയാണ് ജീവിച്ചിരുന്നതെന്ന് വ്യക്തമാണ്. തങ്ങളുടെ മക്കളുടെ പ്രാർത്ഥനാജീവിതവും, വിശ്വാസപരിശീലനവും പ്രാധാന്യത്തോടെ കാണാത്ത, തങ്ങളുടെ മക്കൾക്ക് നല്കാനാകുന്ന ഏറ്റവും നല്ല പ്രയോഗികവിദ്യാഭ്യാസം ഏതെങ്കിലും വിധത്തിൽ, കടമെടുത്തും, ഉള്ളതൊക്കെ വിറ്റുപിറക്കിയും സാധ്യമാക്കാൻ പരിശ്രമിക്കുന്ന എത്രയോ മാതാപിതാക്കളെ നമുക്ക് ഇന്ന് കാണാൻ സാധിക്കും! ഇവിടെയാണ്, വെറുമൊരു തച്ചനായിരുന്നിട്ടും, വലിയ യോഗ്യതകളൊന്നും അവകാശപ്പെടാനില്ലാതിരുന്ന ഒരു കന്യകയായിരുന്നിട്ടും, വിശുദ്ധ യൗസേപ്പും പരിശുദ്ധ കന്യകാമറിയവും തങ്ങളുടെ മകനും, എന്നാൽ ദൈവപുത്രനുമായ യേശുവിനെ, മത, വിശ്വാസകാര്യങ്ങളിൽ കുറവുകളൊന്നും വരുത്താതെ, ദേവാലയത്തിൽ കൊണ്ടുപോകുന്നതിൽ വീഴ്ച വരുത്താതെ, വളർത്തിക്കൊണ്ടുവരാൻ ശ്രദ്ധിക്കുന്നത്.

പെസഹാത്തിരുനാൾ ആഘോഷിക്കാനായി പോകുന്ന തിരുക്കുടുംബത്തെക്കുറിച്ചുള്ള ഈ വിവരണത്തിൽ അവരുടെ സാമൂഹികജീവിതത്തെക്കുറിച്ചുകൂടി ചെറിയൊരു ചിത്രം നമുക്ക് ലഭിക്കുന്നുണ്ട്. ഒരു ദിവസത്തെ വഴി പിന്നിടുവോളം അവർ കരുതിയത് യേശു യാത്രാസംഘത്തിന്റെ കൂടെയുണ്ടെന്നാണ്. അണുകുടുംബങ്ങളിലേക്ക് ചരുങ്ങുന്ന ഇന്നത്തെ ജീവിതങ്ങൾക്ക് മുന്നിൽ, പരസ്പരവിശ്വാസത്തോടെയും സഹകരണത്തോടെയും ജീവിക്കാൻ പറ്റുന്ന ഒരു സാമൂഹികജീവിതമെന്നത് വീണ്ടെടുക്കേണ്ട ഒരു മാതൃകയായി നിൽക്കുന്നുണ്ട്. സ്വന്തം മക്കളെ സമൂഹത്തിലേക്കിറക്കിവിടാൻ ഭയക്കുന്ന, ദുരുപയോഗങ്ങളുടെയും, മയക്കുമരുന്നിന്റെയും, ദുഷിച്ച കൂട്ടുകെട്ടുകളുടെയും ഒക്കെ സാഹചര്യങ്ങൾ നിലനിൽക്കുന്ന ഇന്നത്തെ സമൂഹത്തിനുപകരം, ദൈവവിശ്വാസത്തിൽ അധിഷ്ഠിതമായ, മൂല്യങ്ങളുള്ള ഒരു മാതൃകാസമൂഹത്തെ വീണ്ടും കെട്ടിപ്പടുക്കേണ്ടതിന്റെ ആവശ്യമുണ്ടെന്ന ഒരോർമ്മപ്പെടുത്തലാണ് ഇന്നത്തെ തിരുനാൾ.

ഉത്തരവാദിത്വബോധമുള്ള തലമുറകൾ

ദൈവപുത്രനായിരുന്നിട്ടും ഒരു കന്യകയ്ക്കും വളർത്തച്ഛനും വിധേയനായി ജീവിച്ച യേശുവിനെയാണ് വിശുദ്ധ ലൂക്കാ നമ്മുടെ മുന്നിൽ അവതരിപ്പിക്കുന്നത്. എന്നാൽ അതേസമയം, ദൈവികമായ ഇടപെടലിലൂടെയാണ് തങ്ങളുടെ പുത്രൻ ജനിച്ചതെന്ന് തിരിച്ചറിയുമ്പോഴും, അവൻ അത്യുന്നതന്റെ പുത്രനാണെന്ന അറിയിപ്പ് ലഭിച്ചിട്ടും, യേശുവിന്റെ മാതാപിതാക്കളെന്ന നിലയിൽ മകനോട്, എന്തുകൊണ്ടാണ് നീയിങ്ങനെ ചെയ്യുന്നതെന്ന് ചോദിക്കാൻ ധൈര്യമുള്ള രണ്ടു വ്യക്തിത്വങ്ങളാണ് മറിയവും യൗസേപ്പുമെന്നും നാം കാണുന്നുണ്ട്. ജന്മം നൽകി, ഭക്ഷണവും എല്ലാ സുഖസൗകര്യങ്ങളും നൽകി വളർത്തി വലുതാക്കിയ മാതാപിതാക്കളെ സ്നേഹിക്കാനും ബഹുമാനിക്കാനും അറിയാത്ത, അവർക്ക് മാനുഷികമായ പരിഗണന പോലും നൽകാത്ത, മിടുക്കന്മാരെന്ന് സ്വയം കരുതുന്ന ഒരുപാട് യുവജനങ്ങളേയും മധ്യവയസ്കരെയും ഇന്നത്തെ സമൂഹത്തിൽ നാം കണ്ടുമുട്ടാറുണ്ട്. അതേപോലെതന്നെ സ്വന്തം മക്കൾ എന്തുചെയ്താലും അവരെ ചോദ്യം ചെയ്യാൻ ധൈര്യമില്ലാത്ത മാതാപിതാക്കളെയും നാം കാണാറുണ്ട്. കാരണം പല മാതാപിതാക്കളും തങ്ങളുടെ മക്കൾക്ക് നൽകിയ അമിതസ്നേഹവും വാത്സല്യവും ലാളനയും കൊണ്ട്, ചോദ്യങ്ങളെ അഭിമുഖീകരിക്കാനോ, ശിക്ഷണം സ്വീകരിക്കാനോ, അനുസരിക്കനോ സാധിക്കാത്ത വ്യക്തിത്വങ്ങളായി പല കുട്ടികളും യുവതലമുറയും മാറിപ്പോയിട്ടുണ്ട് എന്നത് നമുക്കറിയാം. ഈയൊരു സാഹചര്യത്തിലാണ്, തന്റെ പിതാവായ ദൈവത്തിന്റെ കാര്യങ്ങളിൽ ശ്രദ്ധ കാട്ടുന്ന, തന്റെ നിയോഗങ്ങൾ തിരിച്ചറിഞ്ഞ് അവ ജീവിക്കാൻ ധൈര്യപൂർവ്വം മുന്നോട്ടിറങ്ങുന്ന, എന്നാൽ അതേസമയം, മാതാപിതാക്കളോട് അനുസരണവും, ജീവിതത്തോട് ഉത്തരവാദിത്വബോധവും ജീവിക്കാൻ കഴിവുമുള്ള യേശുവിന്റെ ജീവിതമാതൃക ഇന്നത്തെ കുട്ടികൾക്കും യുവജനങ്ങൾക്കും മുന്നിൽ ഉണ്ടായിരിക്കേണ്ടത്.

സുവിശേഷവും നമ്മുടെ ജീവിതവും

പിറവിത്തിരുനാളിന് ശേഷമുള്ള ആദ്യഞായറാഴ്‌ച സഭ തിരുക്കുടുംബത്തിന്റെ തിരുനാൾ നാം ആചരിക്കുമ്പോൾ, ദൈവഹിതം പൂർണ്ണമായ വിധേയത്വത്തോടെ ഏറ്റെടുത്ത യേശുവും പരിശുദ്ധ അമ്മയും വിശുദ്ധ യൗസേപ്പുമടങ്ങുന്ന തിരുക്കുടുംബത്തെ അനുസ്മരിക്കുന്നതോടൊപ്പം, നമ്മുടെ കുടുംബങ്ങൾക്കും സമൂഹത്തിനും ഇവരുടെ ജീവിതമാതൃക അനുകരിക്കാനും സ്വന്തമാക്കാനും സാധിക്കണമെന്ന ഒരു ചിന്തകൂടി സഭാമാതാവ് നമുക്ക് മുന്നിൽ വയ്ക്കുന്നുണ്ട്. ദൈവജനമായിരുന്ന ഇസ്രയേലിന്റെ മാതൃകയിൽ ദൈവജനമായ നാം, ദൈവപുത്രനായ ക്രിസ്തുവിലൂടെ പുത്രസ്വീകാര്യതയിലേക്ക് ഉയർത്തപ്പെട്ടുവെന്ന ബോധ്യത്തോടെ, മക്കൾക്കടുത്ത സ്വാതന്ത്ര്യത്തോടും ഉത്തരവാദിത്വത്തോടും കൂടി ജീവിക്കാൻ പരിശ്രമിക്കേണ്ടതുണ്ട്. ഈ ലോകത്തിലെ നമ്മുടെ ജീവിതത്തിന്റെ പ്രാധാന്യം തിരിച്ചറിയുമ്പോഴും, ഇത് ദൈവികമായ ജീവിതത്തിലേക്കുള്ള ഒരു തയ്യാറെടുപ്പാണെന്ന ബോധ്യത്തോടെ ജീവിക്കാൻ നാം പഠിക്കേണ്ടതുണ്ട്. വിശുദ്ധ യോഹന്നാൻ തന്റെ ഒന്നാം ലേഖനം മൂന്നാം അദ്ധ്യായത്തിൽ എഴുതുന്നതുപോലെ, ദൈവമക്കളാണ് നാമെന്ന ബോധ്യത്തിൽ, ദൈവകല്പനകൾ പാലിച്ചും, ദൈവഹിതവുമനുസരിച്ചും, അവന്റെ പ്രീതിക്ക് പാത്രമായും, സഹോദരതുല്യം സ്നേഹിച്ചും ജീവിക്കാൻ നമുക്ക് സാധിക്കട്ടെ (1 യോഹന്നാൻ 3,1-2; 21-24). ദൈവഹിതം പൂർണ്ണമായി ജീവിച്ച തിരുക്കുടുംബത്തിന്റെ അനുഗ്രഹവും മാദ്ധ്യസ്ഥ്യവും പ്രാർത്ഥനകളും നമ്മുടെ കുടുംബങ്ങളിലും സമൂഹങ്ങളിലുമുണ്ടാകട്ടെ. ദൈവം നമ്മെ അനുഗ്രഹിക്കട്ടെ.

What's Your Reaction?

like

dislike

love

funny

angry

sad

wow