യഹൂദ ദീപാവലിയാഘോഷത്തിന് പാപ്പായുടെ ആശംസകൾ
ഡിസംബർ 25-ന് വൈകുന്നേരം ആരംഭിച്ച, യഹൂദ ഹനുക്കാഹ് അഷ്ടദിനാഘോഷത്തിന് ഫ്രാൻസീസ് പാപ്പാ ആശംസകളേകി.
യഹൂദരുടെ ദീപാവലിയാഘോഷമായ “ഹനൂക്കാഹ്”നോടനുബന്ധിച്ച് പാപ്പാ ആശംസകളർപ്പിച്ചു.
ക്രൈസ്തവലോകം തിരുപ്പിറവിത്തിരുന്നാൾ ആഘോഷിച്ച ഡിസംബർ 25-ന് വൈകുന്നേരം ആരംഭിച്ച, ഈ അഷ്ടദിനാഘോഷത്തിന് ഫ്രാൻസീസ് പാപ്പാ ഇരുപത്തിയാറാം തീയതി വ്യഴാഴ്ച (26/12/24) മദ്ധ്യാഹ്ന പ്രാർത്ഥനാശീർവാദനാന്തരമാണ് സമാധാനത്തിൻറെയും സാഹോദര്യത്തിൻറെയും ആശംസകളേകിയത്.
വിശുദ്ധ പത്രോസിൻറെ ബസിലിക്കയിൽ താൻ വിശുദ്ധവാതിൽ തുറന്നതിനെക്കുറിച്ചു പരാമർശിച്ച പാപ്പാ ഈ വാതിൽ നമ്മുടെ ജീവിതത്തിൻറെ അർത്ഥം വെളിപ്പെടുത്തുന്ന ഒരു മനോഹര അടയാളമാണെന്നു പറഞ്ഞു. റോമിലെ റെബീബിയയിലെ കാരാഗൃഹത്തിൽ വ്യാഴാഴ്‌ച രാവിലെ താൻ വിശുദ്ധവാതിൽ തുറന്നതിനെക്കുറിച്ചു സൂചിപ്പിച്ചുകൊണ്ട് പാപ്പാ അത് വേദനയുടെയും പ്രത്യാശയുടെയും വേദിയാണെന്നു പറഞ്ഞു.
കടങ്ങൾ പൊറുക്കുകയെന്നതാണ് ഈ ജൂബിലിയുടെ സവിശേഷ പ്രവർത്തനങ്ങളിൽ ഒന്ന് എന്നനുസ്മരിച്ച പാപ്പാ, താങ്ങാനാവാത്ത കങ്ങളുടെ ഭാരത്തിൽ നിന്ന് നാടുകളെ മോചിപ്പിക്കാനും വികസനം പരിപോഷിപ്പിക്കാനും കാരിത്താസ് ഇന്തെർനാസിയൊണാലിസ് “കടത്തെ പ്രത്യാശയായി രൂപാന്തരപ്പെടുത്തുക” എന്ന ശീർഷകത്തിൽ ആരംഭിച്ചിരിക്കുന്ന പരിപാടിക്ക് പിന്തുണയേകാൻ എല്ലാവർക്കും പ്രചോദനം പകർന്നു.
കടബാദ്ധ്യത പ്രശ്നം സമാധാനവും ആയുധങ്ങളുടെ “കറുത്ത വിപണിയുമായി” ബന്ധപ്പെട്ടിരിക്കുന്നുവെന്നും ആയുധംകൊണ്ട് ജനതകളെ കോളണിവത്ക്കരിക്കുന്നത് മതിയാക്കണമെന്നും പാപ്പാ പറഞ്ഞു. നിരായുധീകരണത്തിനായും പട്ടിണിയും രോഗവും ബാലവേലയും ഇല്ലാതാക്കുന്നതിനായി പ്രവർത്തിക്കാനും സമാധാനത്തിനായി പ്രാർത്ഥിക്കാനും പാപ്പാ എല്ലാവരെയും ക്ഷണിച്ചു
What's Your Reaction?