പ്രത്യാശയിലേക്കൊരു ജൂബിലിവർഷം
ആഗോളകത്തോലിക്കാസഭ 2025-ൽ ആഘോഷിക്കുന്ന ജൂബിലിയുമായി ബന്ധപ്പെട്ട വിചിന്തനം.
കത്തോലിക്കാ സഭാപാരമ്പര്യമനുസരിച്ച് വിശുദ്ധമായ ഒരു വർഷമാണ് ജൂബിലിവർഷം. ദൈവസ്നേഹത്തിന്റെയും ദൈവകരുണയുടെയും, സഭാഗാത്രത്തിലെ അംഗങ്ങൾ എന്ന നിലയിൽ ദൈവത്തിലുള്ള വിശ്വാസത്തിന്റെയും, മാനവരാശിയോടുള്ള ദൈവസ്നേഹത്തിന്റെ പ്രകടനമായി ക്രിസ്തുവിലൂടെ ദൈവം സംലഭ്യമാക്കിയ രക്ഷയെക്കുറിച്ചുള്ള പ്രത്യാശയുടെയും, ദൈവാനുഗ്രഹങ്ങൾക്കുള്ള നന്ദിയുടെയും ഒക്കെ ആഘോഷത്തിന്റെ അവസരം കൂടിയാണ് ജൂബിലിവർഷം. ക്രിസ്തുവിന്റെ ജനനത്തിന്റെ 2025 വർഷങ്ങൾ തീർത്ഥാടകയായ സഭാമാതാവ് ആഘോഷിക്കുമ്പോൾ, ഇതൊരു അനുഗ്രഹീതമായ കാലമായി മാറുകയാണ്. ക്ഷമയുടെയും അനുരഞ്ജനത്തിന്റെയും വിമോചനത്തിന്റെയും ദൈവകരുണയുടെയും ഒക്കെ ഒരു കാലം.
2024 മെയ് 9-ന് ഫ്രാൻസിസ് പാപ്പാ നൽകിയ “സ്‌പേസ് നോൺ കൊൺഫൂന്തിത്” (Spes non confundit), “പ്രത്യാശ നമ്മെ നിരാശരാക്കുന്നില്ല” എന്ന പേപ്പൽ ബൂള വഴി ഔപചാരികമായി പ്രഖ്യാപിക്കപ്പെട്ട 2025-ലെ ജൂബിലി വർഷം 2024 ഡിസംബർ ഇരുപത്തിനാലാം തീയതിമുതൽ 2026 ജനുവരി 6 വരെയുള്ള സമയത്താണ് സഭ ആചരിക്കുക. ദൈവികമായ പ്രത്യാശയിൽ ആഴപ്പെട്ട് നിത്യതയെ ലക്ഷ്യമാക്കിയുള്ള നമ്മുടെ തീർത്ഥാടനം തുടരാൻ പ്രചോദനവും ശക്തിയുമേകുന്ന ഒരു സന്ദേശമാണ് ഈ ജൂബിലിവർഷത്തിലൂടെ പാപ്പായും സഭയും നമുക്ക് മുന്നിൽ വയ്ക്കുന്നത്. ഈ വർഷത്തിൽ നമുക്ക് മുന്നിൽ തെളിയുന്ന വിവിധ ചിന്തകളിൽ പ്രധാനപ്പെട്ടവ, രക്ഷയിലേക്കുള്ള നമ്മുടെ മാർഗ്ഗമായ ക്രിസ്തുവിനെ അനുസ്മരിപ്പിക്കുന്ന വിശുദ്ധ വാതിലും, ഈ വർഷത്തിലേക്കായി പ്രത്യേകം തിരഞ്ഞെടുക്കപ്പെട്ട ആപ്തവാക്യവും ലോഗോയും, മറ്റേതൊരു ജൂബിലിയുടെ അവസരത്തിലുമെന്നപോലെ, 2025-ൽ നമുക്ക് മുന്നിൽ അളവുകളില്ലാതെ വർഷിക്കപ്പെടുന്ന കരുണയും ദൈവവുമായുള്ള അനുരഞ്ജനസാധ്യതകളുമൊക്കെയാണ്.
ജൂബിലി ആഘോഷത്തിന്റെ ചരിത്രവഴികൾ
വിശുദ്ധ പത്രോസിന്റെ കബറിടമുള്ള വത്തിക്കാനിലേക്ക് രണ്ടാം നൂറ്റാണ്ടിൽത്തന്നെ തീർത്ഥാടകർ എത്തിത്തുടങ്ങിയിരുന്നു. പിന്നീടങ്ങോട്ടുള്ള നൂറ്റാണ്ടുകളിൽ, പ്രത്യേകിച്ച് ജൂബിലി വർഷങ്ങളുടെ അവസരങ്ങളിൽ ഈ തീർത്ഥാടകരുടെ എണ്ണം വർദ്ധിച്ചുവന്നു. നാലാം നൂറ്റാണ്ടിൽ പണിയപ്പെട്ട ആദ്യ ബസലിക്കതന്നെ വളരെയേറെ തീർത്ഥാടകർക്ക് ഇടമേകാൻ തക്ക വലിപ്പമേറിയതായിരുന്നു. നിലവിലെ ബസലിക്കയാകട്ടെ ഏതാണ്ട് ഇരുപത്തിരണ്ടായിരം സ്ക്വയർ മീറ്റർ വലിപ്പമുള്ളതാണ്. തീർത്ഥാടകരും സന്ദർശകരുമായി ദിനം പ്രതി ഏതാണ്ട് അൻപതിനായിരത്തോളം ആളുകളാണ് ഇവിടെയെത്തുന്നത്.
കത്തോലിക്കാസഭയിൽ ആദ്യമായി ജൂബിലി ഔദ്യോഗികമായി ആഘോഷിക്കപ്പെട്ടത് 1300-ലാണ്. 1294 മുതൽ 1303 വരെ സഭയെ നയിച്ച ബൊനിഫാസ് എട്ടാമൻ പാപ്പാ ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തിയതിനെകുറിച്ച്, വിശുദ്ധ പത്രോസിന്റെ ബസലിക്കയിലുള്ള വിശുദ്ധവാതിലിൽ, വിശുദ്ധ പത്രോസിന്റെ സിംഹാസനത്തിന്റെ ആഘോഷദിനമായ 1300 ഫെബ്രുവരി 22 എന്ന തീയതിയോടെ രേഖപ്പെടുത്തിയിരിക്കുന്നത് നമുക്ക് കാണാനാകും. ഓരോ നൂറു വർഷങ്ങളിലും ജൂബിലി ആഘോഷിക്കുവാനായിരുന്നു ആദ്യ തീരുമാനമെങ്കിലും, പിന്നീട് കുറച്ചുവർഷങ്ങൾക്ക് ശേഷം ഓരോ അൻപത് വർഷങ്ങളിലും ജൂബിലി ആഘോഷം നടത്താൻ ക്ലമന്റ് ആറാമൻ പാപ്പായും (1342-1352) ക്രിസ്തുവിന്റെ ജീവിതകാലം പോലെ ഓരോ മുപ്പത്തിമൂന്ന് വർഷങ്ങളിലും ജൂബിലി ആഘോഷിക്കാൻ ഉർബൻ ആറാമൻ പാപ്പായും (1378-1389) തീരുമാനമെടുത്തു. പതിനഞ്ചാം നൂറ്റാണ്ടിന്റെ ആരംഭത്തോടെ, ഓരോ ഇരുപത്തിയഞ്ച് വർഷങ്ങളിലും ജൂബിലി ആഘോഷം നടത്താൻ 1470-ൽ പോൾ രണ്ടാമൻ പാപ്പായാണ് തീരുമാനമെടുത്തത്. ഇന്നുവരെ പൊതുവെ ഈ ഒരു രീതിയാണ് സഭയിൽ പാലിച്ചുപോന്നിട്ടുള്ളത്.
വിശുദ്ധ വാതിലുകളും ജൂബിലിയും
ജൂബിലി വർഷത്തിൽ ഏറെ ശ്രദ്ധേയവും ആകർഷണീയവുമായ ഒരു ചടങ്ങ് റോമിലെ മേജർ ബസലിക്കകളിൽ പ്രത്യേകമായ വിശുദ്ധവാതിലുകൾ തുറക്കപ്പെടുന്നതാണ്. ഇത്തരം വിശുദ്ധ വാതിൽ തുറക്കുക എന്ന ചടങ്ങ് ജൂബിലിവർഷവുമായി ബന്ധിക്കപ്പെട്ടത് നിക്കോളാസ് അഞ്ചാമൻ പാപ്പായുടെ (1447-1445) കാലത്താണെന്ന് കരുതപ്പെടുന്നു. ഇടുങ്ങിയ വാതിലിലൂടെ രക്ഷയിലേക്ക് പ്രവേശിക്കുകയെന്ന ഒരു സുവിശേഷചിന്തയാണ് വിശുദ്ധവാതിൽ എന്ന യാഥാർത്ഥ്യത്തിന് പിന്നിൽ നമുക്ക് കാണാനാകുക.
“സ്‌പേസ് നോൺ കൊൺഫൂന്തിത്” എന്ന പ്രമാണരേഖയുടെ ആറാം ഖണ്ഡിക പ്രകാരം, റോമിലെ വിശുദ്ധ പത്രോസിന്റെ ബസലിക്ക (ഡിസംബർ 24), റോമാമെത്രാന്റെ കത്തീഡ്രൽ കൂടിയായ വിശുദ്ധ ജോൺ ലാറ്ററൻ ബസലിക്ക (ഡിസംബർ 29), വിശുദ്ധ മേരി മേജർ ബസലിക്ക (ജനുവരി 1), റോമൻ മതിലിന് പുറത്തുള്ള വിശുദ്ധ പൗലോസിന്റെ ബസലിക്ക (ജനുവരി 5) എന്നീ നാല് മേജർ ബസലിക്കകളിലും റോമിൽത്തന്നെയുള്ള റേബിബ്ബിയ എന്ന പേരിലുള്ള ഒരു ജയിലിലുമാണ് (ഡിസംബർ 26), ഇത്തവണത്തെ വിശുദ്ധവതിലുകൾ തുറക്കപ്പെടുക.
ഇവയിൽ വിശുദ്ധ പത്രോസിന്റെ ബസലിക്കയിലെ വാതിൽ ഡിസംബർ ഇരുപത്തിനാലിന് വൈകുന്നേരം തുറക്കുന്നതോടെയാണ് ജൂബിലി വർഷം ആരംഭിക്കുന്നതെന്ന് നമുക്കറിയാം. ജൂബിലിയുമായി ബന്ധപ്പെട്ട് റോമിലെത്തുന്ന അനേകായിരങ്ങൾക്ക് വിശുദ്ധവാതിലിലൂടെ കടക്കുവാനുള്ള സാധ്യത ഉറപ്പാക്കാൻ വേണ്ടിയാണ് നാല് ബസലിക്കകളിൽ വിശുദ്ധവാതിൽ തുറക്കുവാനുള്ള തീരുമാനം സ്വീകരിച്ചിരിക്കുന്നത്. "ഞാനാണ് വാതിൽ; എന്നിലൂടെ പ്രവേശിക്കുന്നവൻ രക്ഷ പ്രാപിക്കും. അവൻ അകത്തുവരികയും പുറത്തുപോവുകയും മേച്ചിൽസ്ഥലം കണ്ടെത്തുകയും ചെയ്യും" എന്ന വിശുദ്ധ യോഹന്നാന്റെ സുവിശേഷം പത്താം അദ്ധ്യായം ഒൻപതാം വാക്യമായിരിക്കണം വിശുദ്ധ വാതിൽ കടന്നെത്തുന്ന വിശ്വാസിയുടെ ഹൃദയത്തിൽ തെളിയേണ്ടത്. നല്ലിടയനായ ക്രിസ്തുവിനാൽ നയിക്കപ്പെടാനും, അവനെ പിൻചെല്ലാനും സ്വയം വിട്ടുകൊടുക്കുന്ന ഒരു മനസ്സാണ് തീർത്ഥാടകനായ ഓരോ വിശ്വാസിയിലും ഉണ്ടാകേണ്ടത്. വാതിൽ ഒരുവനെ ദേവാലയമെന്ന ദൈവഭവനത്തിലേക്കാണ് കടക്കാൻ അനുവദിക്കുന്നത്. അതുകൊണ്ടുതന്നെ ക്രൈസ്തവരെ സംബന്ധിച്ചിടത്തോളം വിശുദ്ധ വാതിൽ എന്നത്, ബഹുമാനത്തോടെ സമീപിക്കേണ്ട ഒരു വിശുദ്ധയിടം എന്നതിനേക്കാൾ, ദൈവഭവനത്തിലേക്ക് പ്രവേശനം സാധ്യമാക്കുകയും, അതിലൂടെ ദൈവവുമായും, അവിടെയുള്ള വിശ്വാസിസമൂഹവുമായുമുള്ള അവരുടെ ബന്ധത്തിന് വഴിതെളിക്കുകയും ചെയ്യുന്ന ഒന്നുകൂടിയായി അത് മാറുന്നുണ്ട് എന്ന് തിരിച്ചറിയണം. അങ്ങനെ വിശുദ്ധവാതിൽ കടന്നെത്തുന്ന വിശ്വാസിക്ക്, ദൈവവും മനുഷ്യരുമായുള്ള കണ്ടുമുട്ടലിന്റെയും, അതുവഴി അനുരന്ജനത്തിന്റെയും സമാധാനത്തിന്റെയും കാരുണ്യത്തിന്റെയും പ്രത്യാശയുടെയും സാധ്യതകളാണ് മുന്നിൽ തുറക്കപ്പെടുന്നത്.
ജൂബിലിവർഷത്തിന്റെ ആപ്തവാക്യവും ലോഗോയും
"പ്രത്യാശയുടെ തീർത്ഥാടകർ" എന്ന, തികച്ചും അർത്ഥവത്തായ ഒരു ആപ്തവാക്യമാണ് ഫ്രാൻസിസ് പാപ്പാ 2025-ലെ ജൂബിലിക്കായി തിരഞ്ഞെടുത്തിരിക്കുന്നത്. ക്രൈസ്തവർ എന്ന നിലയിൽ, ഈ ഭൂമിയിലെ വിശ്വാസതീർത്ഥാടകരായ നമ്മിൽ പ്രത്യാശയും, ഒരേ ലക്ഷ്യത്തിലേക്ക് യാത്ര ചെയ്യുന്നവർ എന്ന നിലയിൽ ഐക്യ-സഹോദര്യചിന്തകളും, ഉണർത്തുന്ന ഒരു ആപ്തവാക്യമാണിത്. ക്രൈസ്തവരുടെ അനുദിനജീവിതം പ്രത്യാശ നിറഞ്ഞ, ശുഭാപ്തിവിശ്വാസത്തിന്റേതായ ഒരു യാത്രയാകേണ്ടതാണെന്ന് നാം മറന്നുപോകരുത്. പരിശുദ്ധാത്മാവിന്റെ നിർദ്ദേശങ്ങൾക്കനുസരിച്ച് നീങ്ങുന്ന തീർത്ഥാടകരും ദൈവത്തിന്റെ പ്രിയപ്പെട്ട മക്കളുമായ നമ്മെ കാത്തിരിക്കുന്ന ഒരു സ്നേഹപിതാവിന്റെ കണ്മുന്നിലൂടെ, രക്ഷയിലേക്കുള്ള നമ്മുടെ വാതിലും മാർഗ്ഗവുമായി സ്വയം നൽകിയ, രക്ഷകനും നാഥനുമായ ക്രിസ്തുവിന്റെ അരികിലേക്കുള്ള ഒരു യാത്രയിലാണ് നാമെന്ന ബോധ്യവും തിരിച്ചറിവും നമ്മിൽ പ്രത്യാശയും സ്ഥൈര്യവും വളർത്തുന്നതാണ്.
പ്രത്യാശയുടെ തീർത്ഥാടകരുടെ വിശ്വാസയാത്ര പ്രത്യാശയുടെ അടയാളമായ കുരിശിലേക്കും, അതിൽ സ്വജീവനേകി നമുക്ക് നിത്യജീവിതത്തിന്റെ വാതിൽ തുറന്നിട്ട ക്രിസ്തുവിലേക്കുമാണെന്ന് നമ്മെ ഓർമ്മിപ്പിക്കുന്ന ഒരു ചിത്രമാണ് 2025-ലെ ജൂബിലിയുടെ ഔദ്യോഗികചിഹ്നമായി പാപ്പാ സ്വീകരിച്ചിട്ടുള്ളത്. ലോകത്തിന്റെ ദുരിതങ്ങളും ദുഃഖങ്ങളും ചോദ്യങ്ങളും വെല്ലുവിളികളും ആടിയുലയ്ക്കുന്ന മനുഷ്യജീവിതത്തിന് മുന്നിൽ, കരുത്തുറ്റ അഭയമാണ് ദൈവമെന്ന ചിന്ത പകരുന്ന ഒരു ചിത്രമാണിത്. ക്രിസ്തുവിന്റെ കുരിശിലേക്കായുന്ന നാല് വർണ്ണങ്ങളിലുള്ള നാല് മനുഷ്യർ ലോകത്തിന്റെ നാല് ദിക്കുകളിൽനിന്നുമുള്ള മനുഷ്യരെയാണ് പ്രതിനിധാനം ചെയ്യുന്നത്. അവരിൽ കുരിശിനോടടുത്ത് നിൽക്കുന്ന മനുഷ്യൻ കുരിശിനെ നെഞ്ചോട് ചേർത്ത് ചുറ്റിപ്പിടിച്ചിരിക്കുകയാണ്. ബാക്കിയുള്ള സഹയാത്രികരാകട്ടെ ഒന്നിന് പിറകെ ഒന്നായി ചേർത്ത് പിടിച്ച് ക്രിസ്തുവിലേക്കുള്ള തങ്ങളുടെ ജീവിതയാത്രയിൽ പ്രത്യാശയോടെ മുന്നേറുന്നു. കുരിശിന്റെ താഴ്ഭാഗത്ത് ഒരു നങ്കൂരം നമുക്ക് കാണാം. കാറ്റും കോളും നിറഞ്ഞ ലോകസാഗരത്തിൽ ഭക്തന്റെ, വിശ്വാസിയുടെ തോണിയെ ലക്ഷ്യത്തിൽനിന്ന് അകലാൻ വിട്ടുകൊടുക്കാതെ പിടിച്ചുനിറുത്തുന്നത് ക്രിസ്തുവിലുള്ള അടിയുറച്ച വിശ്വാസമാണ്. അവനെ മുറുകെപ്പിടിച്ചാൽ ഒരു കാറ്റിനും കോളിനും നമ്മുടെ ജീവിതതോണിയെ തകർക്കാനാകില്ലെന്ന തിരിച്ചറിവ് നൽകുന്ന ആനന്ദവും ആശ്വാസവും ചെറുതല്ല. വിശുദ്ധഗ്രന്ഥത്തിൽ നാം വായിക്കുന്നതുപോലെ, ശിഷ്യർക്കൊപ്പം യാത്ര ചെയ്യവേ, കടലിനെ ശാന്തമാക്കുകയും, അവർക്ക് ധൈര്യം പകരുകയും ചെയ്ത യേശു (മർക്കോസ് 4, 35-41) നമ്മുടെ ലക്ഷ്യം മാത്രമല്ല, നമ്മുടെ സഹയാത്രികൻ കൂടിയാണെന്ന ചിന്ത നമ്മിൽ പ്രത്യാശ നിറയ്ക്കുന്നുണ്ട്. ക്രൈസ്തവവിശ്വാസയാത്ര ഒരു ഏകാകിയുടെ യാത്രയല്ലെന്ന്, വഴിയിൽ സഹോദരങ്ങളെ തിരിച്ചറിഞ്ഞ്, അവരെയും ചേർത്തുപിടിച്ച് നടത്തേണ്ട, ഐക്യത്തിന്റെയും സഹകരണത്തിന്റെയും പ്രോത്സാഹനത്തിന്റെയും പരസ്പരം ധൈര്യവും കരുത്തും പകരുന്നതിന്റേതുമായ ഒരു യാത്രയാണെന്ന് ജൂബിലിയുടെ ഔദ്യോഗികചിഹ്നം പ്രത്യാശയുടെ തീർത്ഥാടകരെ ഓർമ്മിപ്പിക്കുന്നുണ്ട്. ചിത്രത്തിൽ കാണുന്ന ഉയർന്നുവരുന്ന തിരമാലകൾ, ഈ ലോകമെന്നത് മറ്റെല്ലാവർക്കുമെന്നതുപോലെ ക്രൈസ്തവർക്കും, പ്രതിബന്ധങ്ങളുടെയും വെല്ലുവിളികളുടെയും ഇടമാണെന്ന കാര്യം ഓർമ്മിപ്പിക്കുന്നുണ്ട്. എന്നാൽ നാം ലക്‌ഷ്യം വച്ചിരിക്കുന്നത്, പ്രപഞ്ചസ്രഷ്ടാവും നിയന്താവും പരിപാലകനും നാഥനുമായ ദൈവത്തിലാണ്. ദൈവമക്കൾ എന്ന നിലയിൽ ക്രിസ്തുവിൽ സഹോദരങ്ങളായ നാം ജൂബിലിയുടെ ഈ ഒരു വർഷത്തിൽ മാത്രമല്ല, എല്ലായ്പ്പോഴും ഐക്യത്തോടും സഹകരണമനോഭാവത്തോടും ഒരുമയിലും വേണം നമ്മുടെ വിശ്വാസയാത്രയിൽ മുന്നേറേണ്ടതെന്ന് മറക്കാതിരിക്കാം.
അനുരഞ്ജനവും ദണ്ഡവിമോചനവും ദൈവകരുണയും
2025-ല ജൂബിലി വർഷവും, മറ്റേതൊരു ജൂബിലിവർഷവും പോലെ, അനുരഞ്ജനത്തിന്റെയും, ദൈവകരുണയാൽ നിറയപ്പെടുന്നതിന്റെയും ഒരു വർഷമായിരിക്കണമെന്ന് സഭാമാതാവ് ആഗ്രഹിക്കുന്നുണ്ട്. മാനുഷികമായ ചിന്തയ്ക്കും നീതിബോധത്തിനുമപ്പുറം വലുതാണ് ദൈവകരുണയെന്ന ബോധ്യം പകരുന്ന ഒരു ചിന്തയാണ് ദണ്ഡവിമോചനവുമായി ബന്ധപ്പെട്ടുള്ളത്. നമുക്ക് മുന്നിലുള്ളത് സ്വീകാര്യതയുടെ സമയമെണെന്ന് നാം തിരിച്ചറിയണം. നമ്മുടെ ചിന്താപരിധികൾക്കപ്പുറം നീളുന്ന ദൈവകരുണയ്ക്കായി നമ്മെത്തന്നെ വിട്ടുകൊടുക്കാൻ സാധിക്കണം. ജൂബിലിയുടെ വിശുദ്ധ വാതിൽ കടക്കുന്നതിന്റെ പിന്നിൽ തീർത്ഥാടകമനസുകളിൽ ദൈവകരുണയെന്ന ഈയൊരു അനുഗ്രഹീതലക്‌ഷ്യം കൂടിയുണ്ടെന്ന് നമുക്കോർക്കാം. അനുതപിച്ചുള്ള കുമ്പസാരം ഉൾപ്പെടെ, സഭ നൽകുന്ന പ്രത്യേക നിർദ്ദേശങ്ങൾക്കനുസരിച്ചുള്ള ഭക്തികൃത്യങ്ങൾ അനുഷ്ഠിക്കുന്നതിലൂടെയാണ് പാപമോചനവും, ഒപ്പം ജൂബിലിവർഷത്തിന്റെ പ്രത്യേകതയായ പാപത്തിന്റെ ശിക്ഷയിൽനിന്ന് ഒഴിവുനൽകുന്ന ദണ്ഡവിമോചനവും നേടാൻ നമുക്ക് സാധിക്കുക. ജീവിതത്തിൽ ദൈവത്തിന്റെ പ്രാധാന്യം തിരിച്ചറിയാനും, അവനെ നമ്മുടെ ജീവിതകേന്ദ്രമായി പ്രതിഷ്ഠിക്കാനും, അവനിലേക്ക് നടന്നടുക്കാനുമുള്ള സമയമാണിത്.
2016-ലെ കരുണയുടെ ജൂബിലി വർഷം പ്രഖ്യാപിച്ച വേളയിൽ “മിസെറിക്കോർദിയെ വൂൾത്തൂസ്” എന്ന സ്ഥാപകരേഖയിൽ ഫ്രാൻസിസ് പാപ്പാ എഴുതിയ ഒരു വാക്യം ഇങ്ങനെയായിരുന്നു; "കരുണയെന്നത് നീതിയുടെ എതിരായി നിൽക്കുന്ന ഒന്നല്ല, മറിച്ച്, ദൈവം പാപിയിലേക്ക് അടുത്തുവരുന്ന ദൈവികമായ ഒരു മാർഗ്ഗമാണ്. തന്നിലേക്ക് തന്നെ തിരിഞ്ഞുനോക്കാനും, ജീവിതപരിവർത്തനത്തിന് തയ്യാറാകാനും, വിശ്വസിക്കാനും ദൈവം ഒരുവന് നൽകുന്ന പുതിയ ഒരു അവസരമാണ്. ക്രിസ്തുവിന്റെ മരണ, ഉത്ഥാനങ്ങൾ വഴി ഏവരിലേക്കും കൃപയായി ഒഴുകുന്ന കരുണയാണ് ദൈവനീതി. അങ്ങനെ ക്രിസ്തുവിന്റെ കുരിശ് നാമെല്ലാവരുടെയും, ലോകം മുഴുവന്റെയും മേലുള്ള ദൈവത്തിന്റെ വിധിയായി മാറുന്നു, കാരണം അതിലൂടെ സ്നേഹത്തിന്റെയും പുതുജീവിതത്തിന്റെയും ഉറപ്പാണ് അവൻ നമുക്ക് നൽകുന്നത്." (Misericordiae Vultus, 21).
ജൂബിലിവർഷം ആഘോഷിക്കുകയെന്നാൽ, തീർത്ഥാടനങ്ങൾ നടത്തുന്നതും, ഭക്തികൃത്യങ്ങളിൽ ഏർപ്പെടുന്നതും, നന്മ ചെയ്യുന്നതും മാത്രമല്ലെന്നും, ദൈവകരുണ ആഘോഷിക്കാനും, ഹൃദയം നിറയെ അത് സ്വീകരിക്കാനൊരുങ്ങുന്നതിനുമുള്ള അവസരം കൂടിയാണതെന്നും നമുക്ക് മറക്കാതിരിക്കാം. ഇവിടെ വ്യക്തിപരമായ ഒരുക്കത്തിന്റെയും, തയ്യാറെടുപ്പിന്റെയും പ്രാധാന്യം നാം ഓർക്കേണ്ടതുണ്ട്. കുമ്പസാരമെന്ന കൂദാശയുടെ പ്രാധാന്യം തിരിച്ചറിയേണ്ട, അതിലൂടെ ദൈവകരുണയുടെ സ്വീകർത്താക്കളാകാനുള്ള ഒരു സമയമാക്കി ജൂബിലി വർഷത്തെ മാറ്റേണ്ടതുണ്ട്. റോമിൽ വിശുദ്ധവാതിലുകൾ തുറക്കപ്പെടുന്ന അഞ്ചിടങ്ങളിൽ മാത്രമല്ല, എല്ലാ രാജ്യങ്ങളിലും കത്തോലിക്കാസഭ ഈയൊരു അനുരഞ്ജനത്തിന്റെ കുമ്പസാരക്കൂട് നമുക്കായി ഒരുക്കിയിടുന്നുണ്ട്. പ്രത്യാശയോടെ അതിലേക്കണയാനും, വൈദികനിലൂടെ ദൈവത്തിൽനിന്ന് കരുണയും പാപമോചനവും സ്വീകരിക്കാനും, ദൈവസ്നേഹവും ക്ഷമയും പാപപ്പൊറുതിയും ദണ്ഡവിമോചനവും ആഘോഷിക്കാനും നമുക്ക് സാധിക്കണം. ദൈവവുമായി അനുരഞ്ജനപ്പെടുവാനുള്ള ഈയൊരവസരത്തിൽ, ദൈവത്തിലേക്കെന്നതുപോലെതന്നെ, മനുഷ്യരിലേക്കുകൂടി കൂടുതൽ അടുക്കാൻ നമുക്ക് പരിശ്രമിക്കാം. കരുണയും സ്നേഹവും തേടുക മാത്രം പോരാ, ഏവർക്കും, പ്രത്യേകിച്ച് മനസ്സിലും ശരീരത്തിലും മുറിവേറ്റ മനുഷ്യർക്ക് അത് നൽകുകയും ചെയ്യണം. അതുവഴി നമ്മെ കരുണയോടെ സ്നേഹിക്കുകയും ക്ഷമയോടെ പൊറുക്കുകയും സ്വാതന്ത്രരാക്കുകയും ചെയ്യുന്ന ദൈവത്തിന്റെ മക്കളായി മാറാൻ നമുക്ക് സാധിക്കും.
ജീവിതത്തിലേക്ക് ചില ചിന്തകൾ
2025-ലെ ജൂബിലി ആഘോഷങ്ങൾ ആരംഭിക്കുന്നതോടനുബന്ധിച്ച് ഈ ചെറുചിന്തകൾ പങ്കുവയ്ക്കുമ്പോൾ, സംഘടന, ഇടവക, രൂപതാതലങ്ങളിൽ തീർത്ഥാടനങ്ങൾ സംഘടിപ്പിക്കുക, ധ്യാനങ്ങൾ പോലെയുള്ള ആത്മീയആഘോഷപരിപാടികൾ നടത്തുക, പ്രത്യേകമായി വിശുദ്ധബലിയർപ്പണം നടത്തുക, കാരുണ്യപ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കുക തുടങ്ങി വിവിധ കാര്യങ്ങൾ പാപ്പായുടെയും ആഗോള, പ്രാദേശിക സഭകളുടെയും നിർദ്ദേശാനുസരണം ഇപ്പോൾത്തന്നെ പലയിടങ്ങളിലും നടന്നുകൊണ്ടിരിക്കുന്നുവെന്ന് നമുക്കറിയാം. സാമൂഹികമായ ഈ പ്രവർത്തനങ്ങൾക്ക് ഏറെ മൂല്യമുണ്ടെന്നും, അവ നമ്മുടെ സഹോദരങ്ങൾക്കുള്ള സാക്ഷ്യമാണെന്നും നാം ഒരിക്കലും മറക്കരുത്. എന്നാൽ വ്യക്തിപരമായ അനുതാപത്തിന്റെയും പരിവർത്തനത്തിന്റെയും, അതിലൂടെ സ്വന്തമാക്കാവുന്ന കരുണയുടെയും രക്ഷയുടെയും ജീവന്റെയും പ്രാധാന്യം നാം കുറച്ചുകളയരുതെന്ന് പ്രത്യേകമായി അനുസ്മരിക്കേണ്ടതുണ്ട്. വ്യക്തികളില്ലാതെ സമൂഹമോ, വിശ്വാസികളില്ലാതെ ക്രിസ്തുവിന്റെ സഭാഗാത്രമോ ഇല്ലെന്ന ബോധ്യം നമുക്കുണ്ടാകണം. അതുകൊണ്ടുതന്നെ, വിശ്വാസികളെന്ന നിലയിൽ സഭയിലും സമൂഹത്തിലും നാം ഓരോരുത്തർക്കും ദൈവം നൽകിയിരിക്കുന്ന സ്ഥാനവും പ്രാധാന്യവും തിരിച്ചറിയാനും, സഭാനേതൃത്വത്തിന്റെ മാർഗ്ഗനിർദ്ദേശങ്ങളനുസരിച്ച് ഉത്തരവാദിത്വപൂർവ്വവും, മാതൃകാപരമായും പരസ്പരസഹകരണത്തോടെയും ജീവിക്കാനും, ക്രിസ്തുവെന്ന അമരക്കാരനുപിന്നാലെ, ധൈര്യത്തോടും പ്രത്യാശയോടും കൂടി സഞ്ചരിക്കാനും ഈ ജൂബിലിവർഷത്തിൽ നാം കൂടുതൽ പരിശ്രമിക്കേണ്ടതുണ്ട്. ദൈവവും മനുഷ്യരുമായുള്ള കണ്ടുമുട്ടലിന്റെ സമയമായിരിക്കട്ടെ ജൂബിലിയുടേത്. കുറേക്കൂടി നല്ല മനുഷ്യനാകാൻ, സ്നേഹവും കരുണയും ആഘോഷിക്കാൻ, ദൈവവും മനുഷ്യരുമായി അനുരഞ്ജനപ്പെടാൻ, യഥാർത്ഥ ക്രൈസ്തവജീവിതമാതൃക നൽകിക്കൊണ്ട് നമ്മുടെ ജീവിതതീർത്ഥാടനം നയിക്കാൻ, നമുക്ക് സാധിക്കട്ടെ. പരിശുദ്ധ അമ്മയോടൊപ്പം ദൈവമഹത്വം പ്രഘോഷിച്ചുകൊണ്ട്, ദൈവവചനമായ ക്രിസ്തുവെന്ന സുവിശേഷത്തിന് സാക്ഷ്യമേകാം.
What's Your Reaction?