സംഗീതം ഐക്യം സൃഷ്ടിക്കുകയും കൂട്ടായ്മ വളർത്തുകയും ചെയ്യും, പാപ്പാ

തിരുപ്പിറവിത്തിരുന്നാൾ സംഗീതവിരുന്നൊരുക്കുന്ന കലാകാരന്മാരടങ്ങിയ ഇരുനൂറോളം പേരെ,ഫ്രാൻസീസ് പാപ്പാ, ശനിയാഴ്‌ച (14/12/24) വത്തിക്കാനിൽ ക്ലെമെൻറയിൻ ശാലയിൽ സ്വീകരിച്ചു സംബോധന ചെയ്തു.

Dec 16, 2024 - 19:26
 0  5
സംഗീതം ഐക്യം സൃഷ്ടിക്കുകയും കൂട്ടായ്മ വളർത്തുകയും ചെയ്യും, പാപ്പാ

സവിശേഷമാം വിധം മാനവഹൃദയത്തോടു നേരിട്ടു സംസാരിക്കുന്ന സംഗീതത്തിന് ഐക്യം സൃഷ്ടിക്കാനും കൂട്ടായ്മ വളർത്താനും അപാരമായ കഴിവുണ്ടെന്ന് മാർപ്പാപ്പാ.

സാംസ്കാരിക-വിദ്യഭ്യാസകാര്യങ്ങൾക്കായുള്ള വത്തിക്കാൻ വിഭാഗത്തിൻറെ അദ്ധ്യക്ഷൻ കർദ്ദിനാൾ ഷൊസെ തൊളെന്തിനൊ ദ് മെന്തോൺസിൻറെ നേതൃത്വത്തിൽ എത്തിയ, തിരുപ്പിറവിത്തിരുന്നാൾ സംഗീതവിരുന്നൊരുക്കുന്ന കലാകാരന്മാരടങ്ങിയ ഇരുനൂറോളം പേരെ ശനിയാഴ്‌ച (14/12/24) വത്തിക്കാനിൽ ക്ലെമെൻറയിൻ ശാലയിൽ സ്വീകരിച്ചു സംബോധന ചെയ്യവെ, ഫ്രാൻസീസ് പാപ്പാ, സംഗീതജ്ഞർക്ക് സംഭാവനയേകാൻ കഴിയുന്ന സമാധാനം, പ്രത്യാശ എന്നീ രണ്ടു മൂല്യങ്ങളെക്കുറിച്ച് പരാമർശിക്കുകയായിരുന്നു.

യേശുവിൻറെ ജനനവേളയിൽ, നിശയുടെ നിശബ്ദതയിൽ ഉയർന്ന മാലാഖവൃന്ദത്തിൻറെ ശാന്തിഗീതം വിണ്ണിലും മണ്ണിലും സന്തോഷം നിറച്ചുവെന്നു പറഞ്ഞ പാപ്പാ സമാധാനത്തിൻറെ മാലാഖമാരാകാൻ സംഗീതകലകാരന്മാരെ ക്ഷണിച്ചു. എവിടെ ആയിരുന്നാലും അവിടെ, കലയും ജീവിതവും കൊണ്ട് സാഹോദര്യത്തിൻറെയും അനുരഞ്ജനത്തിൻറെയും സംസ്കൃതി പരിപോഷിപ്പിക്കുന്നതിന് തങ്ങളുടെ കഴിവുകൾ വിനിയോഗിക്കണമെന്ന് പാപ്പാ ഈ സംഗീത കലാകാരന്മാർക്ക് പ്രചോദനം പകർന്നു.

പ്രത്യാശയെക്കുറിച്ചു പരാമർശിച്ച പാപ്പാ, അത്, സർവ്വോപരി, ദൈവത്തിൻറെ ദാനമാണ് എന്ന് തിരുപ്പിറവി നമ്മെ ഓർമ്മിപ്പിക്കുന്നു എന്നു പറഞ്ഞു. പ്രത്യാശയുടെ തീർത്ഥാടകർ എന്ന ആപ്തവാക്യം സ്വീകരിച്ചിരിക്കുന്ന ആരംഭിക്കാൻ പോകുന്ന 2025-ലേ ജൂബിലി വത്സരത്തെക്കുറിച്ചും പാപ്പാ സൂചിപ്പിച്ചു. പ്രത്യാശ വിശ്വാസത്തിൽ അധിഷ്ഠിതവും ഉപവിയാൽ പരിപോഷിതവുമാണെന്നും ആകയാൽ അത്, ഒരുവശത്ത് കർത്താവുമായുള്ള കൂട്ടായ്മയുടെ ഫലഭൂയിഷ്ഠമായ മണ്ണിൽ വേരുന്നുകയും മറുവശത്ത്, സ്നേഹത്തിൻറെ സമൂർത്തമായ തിരഞ്ഞെടുപ്പുകളിൽ വളരുകയും ചെയ്യണമെന്നും പാപ്പാ ഉദ്ബോധിപ്പിച്ചു.

ശാന്തി, പ്രത്യാശ എന്നീ രണ്ടു സംഗീത സ്വരങ്ങൾ കൊണ്ട് ലോകവീഥികൾ നിറയ്ക്കാനും അങ്ങനെ, ഭാവി തലമുറകൾക്ക് മെച്ചപ്പെട്ടതും ഉപരി സമ്പന്നവുമായ നന്മ കൈമാറാനും പാപ്പാ  സംഗീതകലാകാരന്മാർക്ക് പ്രചോദനം പകരുകയും, ഈ അർത്ഥത്തിൽ പലരും അവരിൽ നിന്ന് ഇങ്ങനെയൊരു സമ്മാനം പ്രതീക്ഷിച്ചിരിക്കുന്നുണ്ടെന്ന് ഓർമ്മിപ്പിക്കുകയും ചെയ്തു.

 

What's Your Reaction?

like

dislike

love

funny

angry

sad

wow