ഫ്രാൻസീസ് പാപ്പായുടെ നാല്പത്തിയേഴാം വിദേശ അപ്പൊസ്തോലിക പര്യടനം

പാപ്പായുടെ ഏകദിന അജക്സിയോ സന്ദർശനം. “മദ്ധ്യധരണിയിലെ ജനപ്രിയ മതാത്മകത” (La religiosité populaire en Méditerranée ) എന്ന ശീർഷകത്തിൽ

Dec 16, 2024 - 12:19
 0  7
ഫ്രാൻസീസ് പാപ്പായുടെ നാല്പത്തിയേഴാം വിദേശ അപ്പൊസ്തോലിക പര്യടനം

ഫ്രാൻസീസ് പാപ്പാ ഫ്രഞ്ചു ദ്വീപായ കോസിൻറെ തലസ്ഥാനമായ അജക്സിയോ സന്ദർശിച്ചു. ഫ്രാൻസീസ് പാപ്പായുടെ നാല്പത്തിയേഴാം വിദേശ അപ്പൊസ്തോലിക പര്യടനമായിരുന്നു ഇത്. പൗരാധികാരികളുടെയും പ്രാദേശിക സഭാധികാരികളുടെയും ക്ഷണം സ്വീകരിച്ചുകൊണ്ട് പാപ്പാ ഡിസംബർ 15-ന് ഞായറാഴ്ച കോസിൽ, അജക്സിയൊയിൽ നടത്തിയ ഈ ഏകദിന സന്ദർശനത്തിൻറെ മുഖ്യ ലക്ഷ്യം “മദ്ധ്യധരണിയിലെ ജനപ്രിയ മതാത്മകത” (La religiosité populaire en Méditerranée ) എന്ന ശീർഷകത്തിൽ അജക്സിയൊ രൂപത ഡിസംബർ 14,15 തീയതികളിൽ സംഘടിപ്പിച്ച സമ്മേളനത്തിൻറെ സമാപനത്തിൽ സംബന്ധിക്കുക എന്നതായിരുന്നു. ആദ്യമായിട്ടാണ് കോസ് ഒരു പാപ്പായുടെ  പാദസ്പർശമേറ്റത്. ഫ്രാൻസീസ് പാപ്പാ ഫ്രാൻസിൽ നടത്തിയ മൂന്നാമത്തെ സന്ദർശനമാണിത്. 2014-ൽ സ്ട്രസ്ബൂർഗ് (Strasbourg) 2023-ൽ മർസേയി (Marseille) എന്നീ ഫ്രഞ്ചു നഗരങ്ങൾ പാപ്പാ സന്ദർശിച്ചിരുന്നു. “യേശു നന്മചെയ്തുകൊണ്ട് ചുറ്റിസഞ്ചരിച്ചു” എന്നതായിരുന്നു ഈ സന്ദർശനത്തിൻറെ ആപ്തവാക്യം.  അപ്പൊസ്തോല പ്രവർത്തനം പത്താം അദ്ധ്യായത്തിലെ മുപ്പത്തിയെട്ടാമത്തെ വാക്യത്തിൽ നിന്ന് അടർത്തിയെടുത്തതാണ് പാപ്പാസന്ദർശനത്തിൻറെ ഈ മുദ്രാ വാക്യം.

പാപ്പാ പാർപ്പിടരഹിതരുമൊത്ത്

പാപ്പാ വത്തിക്കാനിൽ നിന്നു പുറപ്പെടുന്നതിനു മുമ്പ് ഞായറാഴ്ച രാവിലെ പാർപ്പിടരഹിതരായ സ്ത്രീപുരുഷന്മാരടങ്ങിയ പത്തുപേരുടെ സംഘവുമായി തൻറെ വാസയിടമായ ദോമൂസ് സാംക്തെ മാർത്തെ മന്ദിരത്തിൽവച്ച് കൂടിക്കാഴ്ച നടത്തി. പാപ്പായുടെ ഉപവിപ്രവർത്തനകാര്യങ്ങളുടെ ചുമതല വഹിക്കുന്ന കർദ്ദിനാൾ കൊൺറാഡ് ക്രയേവ്സ്ക്കിയുടെ നേതൃത്വത്തിലായിരുന്നു ഈ കൂടിക്കാഴ്ച.  തലേദിവസം അതായത്, ശനിയാഴ്ച വൈകുന്നേരം പാപ്പാ റോമിലെ വിശുദ്ധ മേരി മേജർ ബസിലിക്കയിൽ “റോമൻ ജനതയുടെ രക്ഷ” (Salus Populi Romani-സാളൂസ് പോപുളി റൊമാനി) എന്ന അഭിധാനത്തിൽ വണങ്ങപ്പെടുന്ന കന്യകാനാഥയുടെ സവിധത്തിലെത്തി തൻറെ യാത്ര സമർപ്പിച്ചു പ്രാർത്ഥിച്ചു. ഒരോ വിദേശ അജപാലനയാത്രയ്ക്കു മുമ്പും പാപ്പാ ഈ മാതൃസന്നിധിയിൽ ഇപ്രകാരം പ്രാർത്ഥിക്കുക പതിവാണ്.

പാപ്പായുടെ യാത്ര

വത്തിക്കാനിൽ നിന്ന് എതാണ്ട് 30 കിലോമീറ്റർ അകലെ ഫ്യുമിച്ചിനൊയിൽ സ്ഥിതിചെയ്യുന്ന ലെയൊണാർദൊ ദ വിഞ്ചി അന്താരാഷ്ട്രവിമാനത്താവളത്തിൽ ഡിസംബർ 15-ന് ഞായറാഴ്ച രാവിലെ കാറിലെത്തിയ ഫ്രാൻസീസ് പാപ്പാ അവിടെ നിന്ന്, പ്രാദേശിക സമയം, രാവിലെ 7.45-ന് ഇറ്റലിയുടെ ഇത്താ (ITA) വിമാനക്കമ്പനിയുടെ എയർബസ് എ320-ൽ അജക്സിയോയിലേക്കു യാത്രയായി. പതിവുപോലെ വിവധരാജ്യക്കാരായ മാദ്ധ്യമപ്രവർത്തകരും വിമാനത്തിൽ പാപ്പായ്ക്കൊപ്പമുണ്ടായിരുന്നു. റോമിനും അജക്സിയോയ്ക്കുമിടയിലുള്ള 359 കിലോമീറ്റർ വ്യോമദൂരം വ്യോമയാനം 1 മണിക്കൂറും 15 മിനിറ്റും കൊണ്ട് തരണം ചെയ്തു. താൻ സഞ്ചരിക്കുന്ന വിമാനം ഏതെല്ലാം നാടുകളുടെ മുകളിലൂടെ പറക്കുന്നുവോ ആ നാടുകളിലോരോന്നിൻറെയും മുകളിലെത്തുമ്പോൾ ആ രാഷ്ട്രത്തിൻറെ തലവന് പാപ്പാ ഒരു സന്ദേശമയക്കുക പതിവുണ്ട്. ഇത്തവണ ഇറ്റലിയുടെ വ്യോമപാത മാത്രമാണ് പാപ്പാ ഉപയോഗപ്പെടുത്തിയത്. ആകയാൽ ഇറ്റലിയുടെ പ്രസിഡൻറ് സേർജൊ മത്തരേല്ലയ്ക്ക് പാപ്പാ ഒരു ടെലെഗ്രാം സന്ദേശമയച്ചു.

മദ്ധ്യധരണിയിയലെ ജനകീയ ഭക്തിയെ അധികരിച്ചുള്ള സമ്മേളനത്തോടനുബന്ധിച്ചാണ് അജക്സിയോയിലേക്കുള്ള തൻറെ ഈ യാത്രയെന്നും മദ്ധ്യധരണ്യാഴിക്ക് അഭിമുഖമായുള്ള നിരവധിയായ നാഗരികതകളുടെ മതപരവും കലാപരവുമായ പൈതൃകത്തെ മാനിക്കണമെന്ന ക്ഷണം നവീകരിക്കാനുള്ള ഒരു അവസരമാണ് തനിക്കിതെന്നും പാപ്പാ തൻറെ സന്ദേശത്തിൽ പറയുന്നു. വിശ്വാസത്തിൽ തങ്ങളുടെ പിതാക്കന്മാർ പകർന്നു നല്കിയ ആത്മീയ പൈതൃകം അവർ, ചരിത്രപരമായ സംഭവങ്ങൾ ഉണ്ടായിട്ടും, ശ്രദ്ധാപൂർവ്വം സംരക്ഷിച്ചിട്ടുണ്ട് എന്ന വസ്തുത പാപ്പാ അൻുസ്മരിക്കുന്നു. സ്ത്രീപുരുഷന്മാരെ രൂപപ്പെടുത്തിയ നല്ല മൂല്യങ്ങൾ വീണ്ടും കണ്ടെത്തുന്നതിനു ഈ അദ്വിതീയ സംഭവം ഉപരിതാല്പര്യമുണർത്തുമെന്ന തൻറെ പ്രതീക്ഷ പാപ്പാ പ്രകടിപ്പിക്കുന്നു. അങ്ങനെ, മതങ്ങളും രാഷ്ട്രീയസ്ഥാപനങ്ങളും അറിവിൻറെ ലോകവും തമ്മിലുള്ള ഫലപ്രദമായ സംഭാഷണം വഴി സ്വന്തം വേരുകളോടുള്ള ആദരവും സ്വന്തം വിശ്വാസത്തിനും ഭാവിയെക്കുറിച്ചുള്ള ഉത്തരവാദിത്വത്തിനും സാക്ഷമേകുന്നതിനുള്ള സ്വാതന്ത്ര്യവും ഊട്ടിവളർത്തുന്നതിന് സാധിക്കുമെന്നും പാപ്പാ പ്രത്യാശിക്കുന്നു. പ്രസിഡൻറിനും ഇറ്റലിക്കാർക്കും പാപ്പാ അഭിവാദ്യമർപ്പിക്കുകയും നന്മകൾ നേരുകയും ചെയ്യുന്നു തൻറെ സന്ദേശത്തിൽ.

പാപ്പാ അജക്സിയോയിൽ

രാവിലെ പ്രാദേശികസമയം 9 മണിക്ക് എതാനും മനിറ്റുകൾക്കു മുമ്പ് അജക്സിയോയിലെ നപ്പൊലേയൊൻ ബോണപാർത് വിമാനത്താവളത്തിൽ വിമാനം താണിറങ്ങി.  ഫ്രഞ്ചു ദ്വീപായ കോസിൻറെ തലസ്ഥാനവും ആ ദ്വീപിലെ ഏറ്റവും വലിയ നഗരവുമാണ് അജക്സിയോ. നപ്പോളിയൻ ബോണപാർട്ടിൻറെ ജന്മസ്ഥലമായ ഈ നഗരത്തിലെ നിവാസികളുടെ സംഖ്യ ഏതാണ്ട് 74000 ആണ്. ഈ നഗരത്തിൻറെ വികാസ ചരിത്രം ക്രിസ്തുവിനു മുമ്പ് രണ്ടാം നൂറ്റാണ്ടുവരെ പിന്നോട്ടു പോകുന്നതാണെങ്കിലും പതിനഞ്ചാം നൂറ്റാണ്ടിൽ ജേനൊവക്കാരുടെ ആഗമനത്തോടെയാണ് ഗണ്യമായി പുരോഗതിയുണ്ടായത്. ഇവർ 1492-ൽ നഗരത്തെ കടൽമാർഗ്ഗമുള്ള ആക്രമണത്തിൽ നിന്നു രക്ഷിക്കുന്നതിന് കോട്ട പുനർനിർമ്മിച്ചു. പിന്നീട് ഫ്രാൻസിൻറെ അധീനതയിലായപ്പോൾ കൂടുതൽ പുരോഗതിയുണ്ടായി. 1811-ൽ നപ്പോളിയൻ ഈ നഗരത്തെ കോസ് ദ്വീപിൻറെ തലസ്ഥാനമാക്കാൻ തീരുമാനിച്ചു. ഫ്രാൻസിൻറെ പ്രഥമ ചക്രവർത്തിയായിരുന്ന നെപ്പോളിൻറെ ജന്മസ്ഥലമായ അജക്സിയൊയ്ക്ക്, ആ ബന്ധത്തിൻറെ അടിസ്ഥാനത്തിൽ, “ഇംപീരിയൽ സിറ്റി” എന്ന പേരും നലക്പ്പെട്ടു. മനോഹരമായ കടൽത്തീരമുള്ള അജക്സിയൊ ഇന്ന് വിഖ്യാതമായ ഒരു വിനോദസഞ്ചാരകേന്ദ്രവും കോസ് ദ്വപീലെ സാമ്പത്തിക കേന്ദ്രവുമാണ്.

അജക്സിയൊ രൂപത

മർസേയി അതിരൂപതയുടെ സാമന്തരൂപതയാണ് അജക്സിയൊ. ഈ രൂപതയുടെ അതിർത്തിക്കുള്ളിൽ വസിക്കുന്ന 343700 നിവാസികളിൽ കത്തോലിക്കരുടെ സംഖ്യ 2 ലക്ഷത്തി 79450 ആണ്. ഈ രൂപതയിലെ 434 ഇടവകകളിലായി അജപാലനസേവനമനുഷ്ഠിക്കുന്നതിന് അറുപതിൽപ്പരം രൂപതാ വൈദികരും ഇരുപതിനടുത്ത് സന്ന്യസ്തവൈദികരും മാത്രമാണുള്ളത്. 20 സന്ന്യസ്തരും 30 സന്ന്യാസിനികളും ഈ രൂപതയിൽ പ്രവർത്തനനിരതരാണ്. 12 വിദ്യഭ്യാസസ്ഥാപനങ്ങളും അജക്സിയൊ രൂപതയ്ക്കുണ്ട്. സ്പാനിഷ് വംശജനായ കർദ്ദിനാൾ ഫ്രൻസ്വ സവിയെർ ബുസ്തീല്യൊ ആണ് രൂപതാദ്ധ്യക്ഷൻ. സ്പെയിനിലെ പമ്പ്ലോണയിൽ 1968 നവമ്പർ 23-ന് ജനിച്ച അദ്ദേഹം 1994 സെപ്റ്റംബർ 10-ന് പൗരോഹിത്യം സ്വീകരിക്കുകയും 2021 ജൂൺ 13-ന് മെത്രാനായി അഭിഷിക്തനാകുകയും 2023 സെപ്റ്റംബർ 30-ന് കർദ്ദിനാളാക്കപ്പെടുകയും ചെയ്തു. അദ്ദേഹം 2021 മുതൽ അജക്സിയൊ രൂപതയുടെ ഭരണസാരഥിയാണ്.

അജക്സിയോയിലെ നപ്പൊലേയൊൻ ബോണപ്പാർത്തെ വിമാനത്താവളത്തിൽ വ്യോമയാനം നിശ്ചലമായപ്പോൾ ഫ്രാൻസിലെ അപ്പൊസ്തോലിക് നുൺഷ്യൊ ആർച്ച്ബിഷപ്പ് ചെലെസ്തീനൊ മില്യൊരെയും ഫ്രാൻസിൽ പാപ്പായുടെ ഈ ഇടയസന്ദർശനപരിപാടികളുടെ ചുമതലയുള്ള വ്യക്തിയും വിമാനത്തിനകത്തു കയറി പാപ്പായെ അഭിവാദ്യം ചെയ്തു. വിമാനത്തിൽ നിന്നിറങ്ങിയ പാപ്പായെ സ്വീകരിക്കുന്നതിന് ഫ്രഞ്ച് ആഭ്യന്തരമന്ത്രി ബ്രുണോ റെത്തെയ്വ (Bruno Retailleau) വിമാനത്താവളത്തിൽ സന്നിഹിതനായിരുന്നു. പാപ്പായെ അദ്ദേഹം ഹസ്തദാനമേകി സ്വീകരിച്ചപ്പോൾ നാലു ബാലികാബാലന്മാർ ചേർന്ന് പാപ്പായ്ക്ക് പൂച്ചെണ്ടുകളേകി ആദരവർപ്പിച്ചു. പാപ്പാ കുട്ടികളോടു കുശലം പറയുകയും സമ്മാനമേകുകയും ചെയ്തു.  തുടർന്ന് പാപ്പാ ചുവന്ന പരവതാനിയിലൂടെ ചക്രക്കസേരയിൽ നീങ്ങി. വത്തിക്കാൻറെയും ഫ്രാൻസിൻറെയും ദേശീയഗാനങ്ങൾ സൈനികബാൻറ് വാദനം ചെയ്തു.പാപ്പാ സൈനികോപചാരം സ്വീകരിക്കുകയും ദേശീയ പതാകയെ വന്ദിക്കുകയും ചെയ്തു. അതിനു ശേഷം നാലുപേരടങ്ങിയ സംഗീത സംഘം വാദ്യോപകരണസംഗീതം പൊഴിച്ചു. പാപ്പാ ആ നാടൻ സംഗീതം ആസ്വദിക്കുകയും അവർക്ക് അഭിവാദ്യമർപ്പിക്കുകയും ചെയ്തു.  തുടർന്ന് പ്രതിനിധിസംഘങ്ങളെ പരിചയപ്പെടുത്തൽ ചടങ്ങായിരുന്നു. അതിനു ശേഷം പാപ്പായും ആഭ്യന്തരമന്ത്രിയും വിമാനത്താവളത്തിലെ സമ്മേളന ശാലയിലേക്കു പോകുകയും അവിടെ അല്പസമയം ചിലവഴിക്കുകയും ചെയ്തു. തദ്ദനന്തരം പാപ്പാ വിമാനത്താവളത്തിൽ നിന്ന് 7 കിലോമിറ്റർ അകലെ വിശുദ്ധ യോഹന്നാൻറെ നാമത്തിലുള്ള “സൻ ഷാൺ”  പ്രദേശത്തുള്ള പുരാതന ക്രൈസ്തവ ജ്ഞാനസ്നാനത്തൊട്ടി സന്ദർശിക്കാനെത്തി. ഈ ജ്ഞാനസ്നാനത്തൊട്ടി സ്ഥിതിചെയ്യുന്നതിൻറെ പരിസരത്ത് പാപ്പായെ കാണുന്നതിനായി നിരവധിപ്പേർ സമ്മേളിച്ചിരുന്നു. 2005-ലാണ് പുരാവസ്തു ഗവേഷകർ ഈ സ്നാനത്തൊട്ടി കണ്ടെത്തിയത്. കുരിശാകൃതിയിലുള്ള വലിയൊരു തടവും വൃത്താകൃതിയിലുള്ള ചെറിയ ഒരു തടവും ചേർന്നതാണ് ഈ മാമ്മോദീസാത്തൊട്ടിയിരിക്കുന്ന വേദി. പാപ്പാ തുറന്ന വാഹനത്തിലേറി ജനസഞ്ചയത്തെ അഭിവാദ്യം ചെയ്തുകൊണ്ട് നീങ്ങവെ അംഗരക്ഷകർ ഇടയ്ക്കിടെ പിഞ്ചു കുഞ്ഞുങ്ങളെ പാപ്പായുടെ പക്കലേക്ക് എടുത്തുകൊണ്ടുവരുകയും പാപ്പാ പൈതങ്ങളെ ആശീർവ്വദിക്കുകയും ചെയ്യുന്നുണ്ടായിരുന്നു. പാപ്പാ കടന്നുപോയ വഴിക്കു സമാന്തരമായ പാതയിലൂടെ പാപ്പായുടെ വാഹനത്തിനൊപ്പം ചിലർ ഓടുന്നതും നിലകളിലായുള്ള ഭവനസമുച്ചയങ്ങളുടെ ബാൽക്കണികളിലും ജനാലകളിലും നിന്ന് ചിലർ പാപ്പായെ വീക്ഷിക്കുന്നതും പാപ്പായ്ക്ക് സ്വാഗതം എന്ന് എഴുതിപ്പിടിച്ചിരിക്കുന്നതും കാണാമായിരുന്നു. പാപ്പാ രാവിലെ പ്രാദേശികസമയം പത്തുമണിയോടെ മാമ്മോദീസാ തൊട്ടി സ്ഥിതിചെയ്യുന്നിടത്ത് എത്തി. പാപ്പാ വാഹനത്തിൽ നിന്ന് ഇറങ്ങിയില്ല. ഒരു ബാലൻ വിശ്വാസപ്രമാണം ചൊല്ലി. പ്രാർത്ഥന അവസാനിച്ചപ്പോൾ പാപ്പാ ആ ബാലന് ഒരു ജപമാല സമ്മാനിച്ചു. തുർന്ന് ഏതാനും പേർ ചേർന്ന് ഒരു ഗാനോപഹാരം പാപ്പായ്ക്കർപ്പിച്ചു. 108 വയസ്സുള്ള ഒരു മുത്തശ്ശിയും പാപ്പായെ കാണാൻ  ഒരു ചക്രക്കസേരിയിൽ അവിടെ സന്നിഹിതയായിരുന്നു. പാപ്പായുടെ അടുത്തുകാണാനും പാപ്പായുടെ ആശീർവ്വാദം സ്വീകരിക്കാനുമുള്ള ഭാഗ്യം ആ മുത്തശ്ശിക്കു ലഭിച്ചു. തുടർന്ന് പാപ്പാ അവിടെനിന്ന് അജക്സിയോയിലെ സമ്മേളന വേദിയിലേക്കു പോയി. വഴിയിലുടനീളം പാതയോരങ്ങളിൽ ജനങ്ങൾ പാപ്പായെ കാത്തുനില്പുണ്ടായിരുന്നു. ഇടയ്ക്കിടെ വണ്ടി നിറുത്തി പാപ്പാ ചിലരുമായി സംവദിക്കുന്നതും കാണാമായിരുന്നു.

പാപ്പായുടെ ലക്ഷ്യസ്ഥാനമായിരുന്ന സമ്മേളന വേദി, അതായത്, സമ്മേളന-പ്രദർശന ശാല സ്ഥിതിചെയ്യുന്നത് അജക്സിയൊ തുറമുഖ പട്ടണമദ്ധ്യത്തിലാണ്. പലവലിപ്പത്തിലുളള 9 സമ്മേളനശാലകൾ ചേർന്ന വലിയൊരു കെട്ടിടസമുച്ചയമാണിത്. ഇവിടെയാണ് അജക്സിയോ രൂപതയുടെ ആഭിമുഖ്യത്തിൽ,“മദ്ധ്യധരണിയിലെ ജനപ്രിയ മതാത്മകത” എന്ന ശീർഷകത്തിൽ, ദ്വദിന സമ്മേളനം ഡിംസബർ 14,15 തീയതികളിൽ അരങ്ങേറിയത്. അവിടെ എത്തിയ പാപ്പായെ സമ്മേളനശാലയുടെ പ്രവേശനകവാടത്തിനടുത്തുവച്ച് അജക്സിയോ രൂപതയുടെ മെത്രാനായ കർദ്ദിനാൾ ഫ്രൻസ്വ സവിയെർ ബുസ്തീല്യൊ, പ്രാദേശിക സമിതിയദ്ധ്യക്ഷൻ, പ്രാദേശിക ഭരണസമിതിയദ്ധ്യക്ഷൻ, വ്യവസായ വകുപ്പിൻറെ അദ്ധ്യക്ഷൻ, ഈ വകുപ്പിൻറെ വിനിമയവിഭാഗ മേധാവി തുടങ്ങിയവർ ചേർന്നു സ്വീകരിച്ചു. സമ്മേളനശാലയിൽ പ്രവേശിച്ച പാപ്പായെ അവിടെ സന്നിഹിതാരിയിരുന്ന നാനൂറോളം പേർ കരഘോഷത്തോടെ വരവേറ്റു. തുടർന്ന് ഒരു സംഘഗാനമായിരുന്നു. ഈ ഗാനാനന്തരം അജക്സിയോ രൂപതയുടെ മെത്രാനായ കർദ്ദിനാൾ ഫ്രൻസ്വ സവിയെർ ബുസ്തീല്യൊ പാപ്പായെ സ്വാഗതം ചെയ്തു.

സ്വാഗത പ്രഭാഷണം

പാപ്പായ്ക്ക് നന്ദിയും സ്വാഗതവും ഓതിയ കർദ്ദിനാൾ ബുസ്തീല്യൊ ഈ സന്ദർശനത്തെക്കുറിച്ചു അറിയിപ്പുണ്ടായതിനു ശേഷം ഇക്കഴിഞ്ഞ ആഴ്ചകളിൽ തങ്ങൾക്കുണ്ടായ ആവേശം സങ്കപ്പിക്കാനാവില്ല എന്നു പറഞ്ഞു. മദ്ധ്യധരണിയിലെ ജനകീയ ഭക്തിയെക്കുറിച്ചുള്ള ഈ സമ്മേളനം വിശുദ്ധമായതിനെക്കുറിച്ചു പൊതരംഗത്തുള്ള നമ്മുടെ വീക്ഷണം വിശാലമാക്കാൻ സഹായിച്ചുവെന്ന് അദ്ദേഹം വെളിപ്പെടുത്തി. മദ്ധ്യധരണീപ്രദേശങ്ങളുടെ പൈതൃകത്തിൻറെ ഭാഗമായ ഈ പാരമ്പര്യങ്ങൾ നന്നായി മനസ്സിലാക്കാൻ തങ്ങൾ, സ്പെയിൻ, സിസിലി, സർദീനയ, ഫ്രാൻസിൻറെ തെക്ക്ഭാഗം എന്നിവിടങ്ങളിലേക്ക് യാത്ര ചെയ്തുവെന്നും കോസിലെ ഘോഷയാത്രകൾ, സാഹോദര്യം, മതേതരത്വം മുതലായവ പാരമ്പര്യങ്ങളും പര്യവേക്ഷണം ചെയ്തുവെന്നും കർദ്ദിനാൾ ബുസ്തീല്യൊ പറഞ്ഞു.

സാമൂഹിക സംഘർഷങ്ങളുണ്ടാക്കാതെ പൊതുമണ്ഡലത്തിൽ വിശ്വാസം പ്രതിഷ്ഠിക്കാൻ ജനകീയ ഭക്തി എങ്ങനെ അനുവദിക്കുന്നു എന്നത് മനോഹരമായ ഒരു കണ്ടെത്തലാണെന്നും നമ്മുടെ വിശ്വാസത്തെ ചുറ്റിപ്പറ്റിയുള്ള പൊതു പരിപാടികളിൽ, സ്വാതന്ത്ര്യത്തിൻറെയും സമത്വത്തിൻറെയും സുപ്രധാനമായൊരു തത്വം നാം കാണുന്നുവെന്നും, അതായത്  വഴിയിൽ, നാമെല്ലാവരും, മതവിശ്വാസം കൂടുതലുള്ളവരും അതു കുറവുള്ളവരും ജജിജ്ഞാസുക്കളുമെല്ലാം ഒരേ തട്ടിൽ നില്ക്കുന്നുവെന്നും അദ്ദേഹം വിശദീകരിച്ചു.

ദൈവപുത്രൻറെ മനുഷ്യാവതാരരഹസ്യത്തെക്കുറിച്ചു സൂചിപ്പിച്ച കർദ്ദിനാൾ ബുസ്തീല്യൊ അതിൽ പ്രകടമാകുന്ന ലാളിത്യത്തെക്കുറിച്ചു സൂചിപ്പിക്കുകയും ലാളിത്യത്തിൻെറെ ആ മാനം നമ്മുടെ ജീവിതത്തിൻറെ ലാളിത്യത്തെക്കുറിച്ച് ഓർമ്മിക്കാൻ സഹായിക്കുന്നുവെന്ന് പറയുകയും ചെയ്തു.ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ, നമ്മുടെ സമൂഹം മുന്നോട്ട് പോകുന്നതിന് ലാളിത്യവും സ്വാതന്ത്ര്യവും വീണ്ടും കണ്ടെത്തേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നമ്മുടെ സാമൂഹിക വ്യവസ്ഥിതി സങ്കീർണ്ണവും കഠിനവുമായിത്തീർന്നിരിക്കയാണെന്നും. തന്ത്രങ്ങളോ ഉപയങ്ങളോ ഇല്ലാത്ത ലളിതമായ വിശ്വാസ സമ്പ്രദായങ്ങൾ, സത്താപരമായ കാര്യങ്ങളിൽ യോജിപ്പ് കണ്ടെത്താൻ നമ്മെ സഹായിക്കുമെന്നും കർദ്ദിനാൾ ബുസ്തീല്യൊ പറഞ്ഞു. ആത്മീയ പാരമ്പര്യങ്ങളാൽ സമ്പന്നമാണ് മദ്ധ്യധരണിയെന്നും പരസ്പരം നന്നായി അറിയാൻ തങ്ങൾ ഒരു വിനിമയത്തിന് തുടക്കമിട്ടിരിക്കയാണെന്നും വെളിപ്പെടുത്തിയ അദ്ദേഹം ഈ കൈമാറ്റം മറ്റ് മതങ്ങളിലേക്കും മറ്റ് പാരമ്പര്യങ്ങളിലേക്കും ദേശങ്ങളിലേക്കും വ്യാപിക്കുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.

തകർന്ന മാവനാഗരികത പുനഃസ്ഥാപിക്കാൻ, എതിർപ്പ് സംഘർഷങ്ങൾ എന്നിവയ്ക്കു പകരം, ജീവിക്കാൻ നമുക്ക് പ്രചോദനമേകുന്ന ബന്ധങ്ങളാൽ, സംവാദങ്ങളിലൂടെയും സമാഗമങ്ങളിലുടെയും നമുക്കു സാധിക്കുമെന്നും ഉപരി ശാന്തവും സമാധാനപരവുമായ ഒരു പുതിയ മാനവികത കെട്ടിപ്പടുക്കാൻ നമുക്ക് കഴിയുമെന്നും, കാരണം അത് ശാന്തവും സ്വതന്ത്രവും വിശ്വാസയോഗ്യവുമായ സാഹോദര്യ ബന്ധങ്ങൾ ഉറപ്പാക്കാൻ പ്രാപ്തമാണെന്നും കർദ്ദിനാൾ ബുസ്തീല്യൊ പറഞ്ഞു. പാപ്പായ്ക്ക് ഒരിക്കൽ കൂടി നന്ദി പ്രകാശിപ്പിച്ചുകൊണ്ടാണ് അദ്ദേഹം തൻറെ സ്വാഗതപ്രഭാഷണം ഉപസംഹരിച്ചത്.  കർദ്ദിനാൾ ഫ്രൻസ്വയുടെ വാക്കുകളെ തുടർന്ന് പാപ്പാ തൻറെ സന്ദേശം നല്കി.

ഈ കൂടിക്കാഴ്ചാനന്തരം പാപ്പാ സമ്മേളനവേദി വിടുന്ന വേളയിൽ ബാലികാബാലന്മാരുടെ ഒരു സംഘം വർണ്ണബലൂണുകൾ വാനിലേക്കുയർത്തിവിട്ടു. അവിടെനിന്ന് പാപ്പാ അജക്സിയോയുടെ സ്വർഗ്ഗീയ സംരക്ഷകയായ കാരുണ്യനാഥയുടെ തിരുസ്വരൂപം കാണുന്നതിനായി പോയി. ഒരു ഭവനത്തിൻറെ ഭിത്തിയിലുള്ള മാടത്തിലാണ് ഈ രൂപം പ്രതിഷ്ഠിച്ചിരിക്കുന്നത്. ഒരു പകർച്ചവ്യാധി പൊട്ടിപ്പുറപ്പെട്ട 1656 മുതലാണ് ഈ നാഥ അജക്സിയോയുടെ സ്വർഗ്ഗീയ സംരക്ഷകയായി വണങ്ങപ്പെടുന്നത്. അനുവർഷം മാർച്ച് 18-ന് ഈ കാരുണ്യ നാഥയുടെ തിരുന്നാൾ ആചരിക്കപ്പെടുന്നു. അവിടെ എത്തിയ പാപ്പാ തിരുസ്വരൂപത്തിനു മുന്നിൽ അല്പ സമയം മൗനപ്രാർത്ഥനയിൽ ചിലവഴിച്ചു.

കത്തീദ്രലിൽ മെത്രാന്മാരും വൈദികരും സമർപ്പിതരും ശെമ്മാശന്മാരുമൊത്തുള്ള കൂടിക്കാഴ്ച

അതിനുശേഷം പാപ്പാ അവിടെ അടുത്തു സ്ഥിതിചെയ്യുന്ന സ്വർഗ്ഗാരോപിത നാഥയുടെ നാമത്തിലുള്ള കത്തീദ്രലിലേക്കു പോയി. ഇതിൻറെ നിർമ്മാണ ചരിത്രം 1544-വരെ പിന്നോട്ടുപോകുന്നതാണ്. 1593-ലാണ് ഇത് ആശീർവ്വദിക്കപ്പെട്ടത്.  1553-ൽ പൊളിച്ചു മാറ്റിയ പഴയ കത്തീദ്രലിനും പകരമായിട്ടായിരുന്നു ഈ പുതിയ ദേവാലയം. ഈ ദേവാലയത്തിൻറെ പ്രവേശന കവാടത്തിനടുത്തുവച്ച് അജക്സിയോ രൂപതാദ്ധ്യക്ഷൻ കർദ്ദിനാൾ ഫ്രൻസ്വ സവിയെർ ബുസ്തീല്യൊ, ഫ്രാൻസിലെ കത്തോലിക്കാമെത്രാൻ സംഘത്തിൻറെ അദ്ധ്യക്ഷൻ റെയിംസ് അതിരൂപതയുടെ ആർച്ചുബിഷപ്പ് ഏറീക് ദ് മുള്ളാൻ ബുഫോഹ് (Éric de Moulins-Beaufort) കത്തീദ്രൽ വികാരി എന്നിവർ ചേർന്നു സ്വീകരിച്ചു. രണ്ടു കുട്ടികൾ പാപ്പായ്ക്കു പുഷ്പമഞ്ജരി സമ്മാനിച്ചു. കത്തീദ്രൽ അങ്കണത്തിൽ നിന്ന് കുട്ടികളുടെ ഗായക സംഘം ഒരു ഗാനലാപനത്തോടെ പാപ്പായ്ക്ക് ആദരവർപ്പിച്ചു. ദേവലായത്തിലേക്കു പ്രവേശിക്കവെ പാപ്പായ്ക്ക് ഇടവക വികാരി ക്രൂശിതരൂപം ചുംബിക്കാനേകി. തുടർന്ന് പാപ്പാ വിശുദ്ധജലം തളിച്ചുകൊണ്ട് ദേവാലയത്തിലേക്കു കയറുകയും അൾത്താരയുടെ അടുത്തേക്കു നീങ്ങുകയും ചെയ്തു. അപ്പോൾ ദേവാലയം സംഗീതസാന്ദ്രമായി. ഗാനത്തെ തുടർന്ന് ആർച്ചുബിഷപ്പ് ഏറീക് ബുഫോഹ് പാപ്പായെ സ്വാഗതം ചെയ്തു. കോസ്ദ്വീപിൽ പതിനെട്ടാം നൂറ്റാണ്ടിൽ ഇറ്റലിക്കാരായ പ്രേഷിതർ സുവിശേഷവത്കരണത്തിന് നവജീവനേകിയത് അദ്ദേഹം അനുസ്മരിച്ചു. ഫ്രാൻസിലെ രൂപതകളിൽ വൈദികരുടെ വിരളത അനുഭവപ്പെടുന്നുണ്ടെന്നും ആകയാൽ വൈദികരുടെ ആവശ്യകത ഉണ്ടെന്നുമുള്ള വസ്തുത ആർച്ചുബിഷപ്പ് ഏറിക് എടുത്തുകാട്ടി. അദ്ദേഹത്തിൻറെ സ്വാഗതവാക്കുകളെ തുടർന്ന് പാപ്പാ തൻറെ പ്രഭാഷണം നടത്തി.

പ്രഭാഷണാനന്തരം പാപ്പാ കർത്താവിൻറെ മലാഖ എന്നാംരംഭിക്കുന്ന മദ്ധ്യാഹ്ന പ്രാർത്ഥന നയിക്കുകയും ആശീർവ്വാദമേകുകയും ചെയ്തു. ആശീർവ്വാദാനന്തരം ഗാനത്തോടെ ഈ കൂടിക്കാഴ്ച അവസാനിച്ചു.തദ്ദനന്തരം പാപ്പാ അടുത്തുള്ള മെത്രാസന മന്ദിരത്തിലേക്കു പോകുകയും ഉച്ചഭക്ഷണം കഴിക്കുകയും ചെയ്തു.

What's Your Reaction?

like

dislike

love

funny

angry

sad

wow