പരിശുദ്ധാത്മ സഹായം സുവിശേഷ പ്രഘോഷണത്തിന് അനിവാര്യം, പാപ്പാ
ഫ്രാഴൻസീസ് പാപ്പായുടെ പ്രതിവാര പൊതുകൂടിക്കാഴ്ചാ പ്രഭാഷണം: പരിശുദ്ധാരൂപിയും സുവിശേഷവത്ക്കരണവും.
ഈ ബുധനാഴ്ച (04/12/24) രാവിലെ റോമിൽ മഴ ചാറിയെങ്കിലും പിന്നീട് വെയിൽ തെളിഞ്ഞു. ബുധനാഴ്ചകളിലെ പതിവനുസരിച്ച് ഫ്രാൻസീസ് പാപ്പാ വത്തിക്കാനിൽ അനുവദിച്ച പ്രതിവാര പൊതുകൂടിക്കാഴ്ചയ്ക്ക് വേദി ഒരുക്കിയിരുന്നത് മുന്നാഴ്ചകളിലെന്ന പോലെ വിശുദ്ധ പത്രോസിൻറെ ബസിലിക്കയുടെ അങ്കണത്തിലായിരുന്നു. വിവിധരാജ്യക്കാരായിരുന്ന തീർത്ഥാടകരും സന്ദർശകരുമായി ആയിരങ്ങൾ ചത്വരത്തിൽ സന്നിഹിതരായിരുന്നു. നാടൻ സംഗീതോപകരണങ്ങൾ വാദനം ചെയ്തുകൊണ്ട് ഏതാനും കലാകാരന്മാർ പാപ്പായ്ക്ക് ആദരവർപ്പിക്കുന്നതും കാണാമായിരുന്നു. എല്ലാവർക്കും തന്നെ കാണത്തക്കരീതിയിൽ സജ്ജീകരിച്ചിരിക്കുന്ന വെളുത്ത തുറന്ന വാഹനത്തിൽ പാപ്പാ ബസിലിക്കാങ്കണത്തിൽ എത്തിയപ്പോൾ ജനസഞ്ചയത്തിൻറെ ആനന്ദം അണപൊട്ടിയൊഴുകി. കരഘോഷത്താലും ആരവങ്ങളാലും അത് ആവിഷ്കൃതമായി.
തന്നോടൊപ്പം, ഏതാനും കുട്ടികളെ വാഹനത്തിൽ കയറ്റി ജനത്തെ അഭിവാദ്യം ചെയ്തുകൊണ്ട് അവർക്കിടയിലൂടെ നീങ്ങിയ പാപ്പാ, അംഗരക്ഷകർ തൻറെ പക്കലേക്ക് എടുത്തുകൊണ്ടു വന്നിരുന്ന കുഞ്ഞുങ്ങളെ ആശീർവ്വദിക്കുകയും ചെയ്യുന്നുണ്ടായിരുന്നു. പ്രസംഗ വേദിയിലേക്കു നയിക്കുന്ന പടവുകൾക്കടുത്തു വാഹനം എത്തിയപ്പോൾ പാപ്പാ, തന്നോടൊപ്പം ഉണ്ടായിരുന്ന കുട്ടികളെ വണ്ടിയിൽ നിന്നിറക്കി. തുടർന്ന് വാഹനം പടവുകൾ കയറി വേദിക്കരികിലെത്തിയപ്പോൾ പാപ്പാ അതിൽ നിന്നിറങ്ങുകയും റോമിലെ സമയം രാവിലെ 9.00 മണികഴിഞ്ഞപ്പോൾ, ഇന്ത്യയിലെ സമയം ഉച്ചയ്ക്ക് 1.30-നു ശേഷം, ത്രിത്വൈകസ്തുതിയോടുകൂടി പൊതുദര്‍ശനപരിപാടിക്ക് തുടക്കം കുറിക്കുകയും ചെയ്തു. തുടർന്ന് വിവിധ ഭാഷകളില്‍ വിശുദ്ധഗ്രന്ഥഭാഗ പാരായണമായിരുന്നു.
“സഹോദരരേ, ഞാൻ നിങ്ങളുടെ അടുക്കൽ വന്നപ്പോൾ ..... എൻറെ വചനവും പ്രസംഗവും വിജ്ഞാനംകൊണ്ട് വശീകരിക്കുന്നതായിരുന്നില്ല. പ്രത്യുത, ആത്മാവിൻറെയും ശക്തിയുടെയും വെളിപ്പെടുത്തലായിരുന്നു. നിങ്ങളുടെ വിശ്വാസത്തിൻറെ അടിസ്ഥാനം മാനുഷികവിജ്ഞാനമാകതെ ദൈവശക്തിയാകാനായിരുന്നു അത്.” പൗലോസപ്പോസ്തലൻ കോറിന്തോസുകാർക്കെഴുതിയ ഒന്നാം ലേഖനം, അദ്ധ്യായം 2, 1-ും 4-ും 5-ും വാക്യങ്ങൾ.
ഈ വായനയ്ക്കു ശേഷം പാപ്പാ, താൻ പരിശുദ്ധാരൂപിയെ അധികരിച്ച് നടത്തിപ്പോരുന്ന പ്രബോധന പരമ്പര തുടർന്നു. "ആത്മാവും മണവാട്ടിയും. നമ്മുടെ പ്രത്യാശയായ യേശുവുമായുള്ള കൂടിക്കാഴ്ചയ്ക്ക് പരിശുദ്ധാരൂപി ദൈവജനത്തെ നയിക്കുന്നു” എന്ന പ്രമേയം വിചിന്തനത്തിനായി സ്വീകരിച്ചിരിക്കുന്ന പാപ്പായുടെ പ്രഭാഷണം ഇത്തവണ സുവിശേഷവത്കരണത്തിൽ പരിശുദ്ധാത്മാവിൻറെ പങ്കിനെക്കുറിച്ചായിരുന്നു. പാപ്പാ ഇറ്റാലിൻ ഭാഷയിൽ ഇപ്രകാരം പറഞ്ഞു:
സുവിശേഷ പ്രഘോഷണം പരിശൂദ്ധാരൂപിയിലൂടെ
പ്രിയ സഹോദരീ സഹോദരന്മാരേ, ശുഭദിനം!
ശുദ്ധീകരിക്കുന്നതും പ്രചോദനദായകശക്തിയുള്ളതുമായ പരിശുദ്ധാരൂപിയുടെ പ്രവർത്തനത്തെക്കുറിച്ചുള്ള മനനത്തിനു ശേഷമുള്ള ഈ പ്രബോധനത്തിൽ നമുക്ക് പരിശുദ്ധാത്മാവിൻറെ സുവിശേഷവത്ക്കരണ കർമ്മത്തെക്കുറിച്ച്, അതായത്, സഭയുടെ സുവിശേഷപ്രഘോഷണ ദൗത്യത്തിൽ പരിശുദ്ധാരൂപിയുടെ പങ്കിനെക്കുറിച്ചു ചിന്തിക്കാം.
പ്രഘോഷണത്തിലെ രണ്ടു ഘടകങ്ങൾ
പത്രോസിൻറെ ഒന്നാം ലേഖനം അപ്പോസ്തലന്മാരെ നിർവ്വചിക്കുന്നത് "പരിശുദ്ധാത്മാവുവഴി സുവിശേഷം പ്രഘോഷിച്ചവർ" എന്നാണ് (കാണുക 1 പത്രോസ് 1:12). ഈ പദപ്രയോഗത്തിൽ, നമുക്ക് ക്രിസ്തീയ പ്രഘോഷണത്തിൻറെ ഘടനാപരമായ രണ്ടു ഘടകങ്ങൾ കാണാൻ സാധിക്കും: അതിൻറെ ഉള്ളടക്കമായ സുവിശേഷവും അതിൻറെ മാർഗ്ഗമായ പരിശുദ്ധാത്മാവും. രണ്ടിനെക്കുറിച്ചും ചില കാര്യങ്ങൾ നമുക്കു സംസാരിക്കാം.
സുവിശേഷം
പുതിയ നിയമത്തിൽ, "സുവിശേഷം" എന്ന വാക്കിന് മുഖ്യമായ രണ്ട് അർത്ഥങ്ങളുണ്ട്. നാല് കാനോനിക സുവിശേഷങ്ങൾക്കും, അതായത്, മത്തായിയുടെയും മർക്കോസിൻറെയും ലൂക്കായുടെയും യോഹന്നാൻറെയും സുവിശേഷങ്ങൾക്ക് ഇതു സൂചിപ്പിക്കാനാകും. ഈ അർത്ഥത്തിൽ സുവിശേഷം ദ്യോതിപ്പിക്കുന്നത് യേശു തൻറെ ഭൗമിക ജീവിതത്തിൽ പ്രഘോഷിച്ച സുവാർത്തയാണ്. ഉത്ഥാനനാനന്തരം, "സുവിശേഷം" എന്ന വാക്ക് യേശുവിനെക്കുറിച്ചുള്ള സദ്വവാർത്തയുടെ നൂതനമായൊരർത്ഥം കൈവരിക്കുന്നു, അതായത്, ക്രിസ്തുവിൻറെ മരണത്തിൻറെയും പുനരുത്ഥാനത്തിൻറെയുമായ പെസഹാ രഹസ്യം. ഇതിനെയാണ്, അപ്പോസ്തൊലൻ, "ഞാൻ സുവിശേഷത്തെക്കുറിച്ച് ലജ്ജിക്കുന്നില്ല, എന്തെന്നാൽ വിശ്വസിക്കുന്ന ഏവർക്കും അത് രക്ഷയ്ക്കുവേണ്ടിയുള്ള ദൈവത്തിൻറെ ശക്തിയാണ്" (പൗലോസ് റോമാക്കാർക്കെഴുതിയ ലേഖനം 1:16) എന്നെഴുതുമ്പോൾ “സുവിശേഷം” എന്ന് വിളിക്കുന്നത്.
"കെറിഗ്മ"
യേശുവിൻറെയും തുടർന്ന്, അപ്പോസ്തലന്മാരുടെയും പ്രസംഗത്തിൽ, പത്ത് കൽപ്പനകൾ മുതൽ സ്നേഹത്തിൻറെ "പുതിയ" കൽപ്പന വരെ സുവിശേഷത്തിൽ നിന്ന് ഉയർന്നുവരുന്ന എല്ലാ ധാർമ്മിക കടമകളും അടങ്ങിയിരിക്കുന്നു. എന്നാൽ കൃപയ്‌ക്കുമുമ്പിൽ ന്യായപ്രമാണവും വിശ്വാസത്തിനുമുമ്പിൽ പ്രവൃത്തികളും പ്രതിഷ്ഠിക്കുന്നതായ തെറ്റിൽ, പൗലോസപ്പോസ്തലൻ അപലപിച്ച ആ തെറ്റിൽ നാം വീണ്ടും വീഴാൻ ആഗ്രഹിക്കുന്നില്ലെങ്കിൽ, നമ്മൾ, ക്രിസ്തു നമുക്കുവേണ്ടി പ്രഘോഷിച്ചതിൽ നിന്ന് വീണ്ടും ആരംഭിക്കേണ്ടത് അത്യാവശ്യമാണ്. അതുകൊണ്ടാണ് എവഞ്ചേലി ഗൗദിയും എന്ന അപ്പോസ്തോലിക പ്രബോധനത്തിൽ ഞാൻ ഈ രണ്ട് കാര്യങ്ങളിൽ ആദ്യത്തേത്, അതായത്, കെറിഗ്മ അല്ലെങ്കിൽ "പ്രഘോഷണം" ഞാൻ ഊന്നിപ്പറഞ്ഞത്. സകല ധാർമ്മിക പ്രയോഗങ്ങളും ഈ പ്രഘോഷണത്തെ ആശ്രയിച്ചിരിക്കുന്നു.
വാസ്തവത്തിൽ, "മതബോധനത്തിൽ പ്രഥമ പ്രഖ്യാപനത്തിന് അല്ലെങ്കിൽ കെറിഗ്മയ്ക്ക് അടിസ്ഥാനപരമായ ഒരു പങ്കുണ്ട്, അത് സുവിശേഷവൽക്കരണ പ്രവർത്തനത്തിൻറെയും എല്ലാ സഭാനവീകരണ യത്നങ്ങളുടെയും കേന്ദ്രസ്ഥാനത്തുവരണം. […] ഈ പ്രഘോഷണം "ആദ്യത്തേത്" ആണെന്ന് നമ്മൾ പറയുമ്പോൾ, ഇത് തുടക്കത്തിലാണെന്നും പിന്നീട് അത് മറക്കുകയോ അതിനെക്കാൾ പ്രധാനമായ മറ്റു കാര്യങ്ങൾ ഉപയോഗിച്ച് മാറ്റിസ്ഥാപിക്കുകയോ ചെയ്യുമെന്നല്ല ഇതിനർത്ഥം. ഗുണാത്മകമായ അർത്ഥത്തിൽ ഇത് ആദ്യത്തേതാണ്, കാരണം ഇത് മുഖ്യ പ്രഘോഷണമാണ്, അത് ഒരുവൻ എല്ലായ്പ്പോഴും വ്യത്യസ്ത രീതികളിൽ ആവർത്തിച്ചു കേൾക്കേണ്ടിയിരിക്കുന്നു, അതിൻ്റെ എല്ലാ ഘട്ടങ്ങളിലും, എല്ലാ സമയത്തും ഒരു തരത്തിലല്ലെങ്കിൽ മറ്റൊരു രൂപത്തിൽ വീണ്ടും പ്രഘോഷിക്കുകയും വേണം. അതിൻറെ നിമിഷങ്ങൾ. […] മതബോധനത്തിൽ കെറിഗ്മ കൂടുതൽ "സുദൃഢമായ" ഒരു രൂപീകരണത്തിന് വേണ്ടി ഉപേക്ഷിക്കപ്പെടുമെന്ന് ചിന്തിക്കേണ്ടതില്ല. ഈ ആദ്യ പ്രഖ്യാപനത്തേക്കാൾ ദൃഢവും അഗാധവും കൂടുതൽ ഉറപ്പുള്ളതും സ്ഥിരതയുള്ളതും ബുദ്ധിപരവുമായ മറ്റൊന്നില്ല" (164-165).
പ്രഘോഷണം പരിശുദ്ധത്മാവിലൂടെ
ക്രിസ്തീയ പ്രബോധനത്തിൻറെ ഉള്ളടക്കം നാം ഇതുവരെ കണ്ടു. എന്നിരുന്നാലും, ഈ പ്രഘോഷണത്തിൻറെ മാർഗ്ഗത്തെക്കുറിച്ചും നാം അവബോധം പുലർത്തണം. സുവിശേഷം "പരിശുദ്ധാത്മാവു വഴി" പ്രസംഗിക്കപ്പെടണം (1 പത്രോസ് 1,12). തൻറെ പരസ്യ ശുശ്രൂഷയുടെ തുടക്കത്തിൽ യേശു പറഞ്ഞത് സഭ കൃത്യമായി ചെയ്യണം: "കർത്താവിൻറെ ആത്മാവ് എൻറെ മേൽ ഉണ്ട്; ആകയാൽ, അവിടന്ന് എന്നെ അഭിഷേകം ചെയ്യുകയും ദരിദ്രരെ സുവിശേഷം അറിയിക്കാൻ എന്നെ അയയ്ക്കുകയും ചെയ്തിരിക്കുന്നു." (ലൂക്കാ 4:18). പരിശുദ്ധാത്മാവിൻറെ അഭിഷേകത്തോടെ പ്രസംഗിക്കുക എന്നതിനർത്ഥം ആശയങ്ങളോടും സിദ്ധാന്തങ്ങളോടും കുടെ ജീവിതവും അഗാധമായ ബോധ്യവും കൈമാറുക എന്നാണ്. വിശുദ്ധ പൗലോസ് എഴുതിയതുപോലെ, "വിജ്ഞാനംകൊണ്ട് വശീകരിക്കുന്ന പ്രഭാഷണങ്ങളിലല്ല, പ്രത്യുത, ആത്മാവിൻറെയും ശക്തിയുടെയും വെളിപ്പെടുത്തലിൽ” (1 കോറി 2:4) ആശ്രയിക്കുക എന്നാണ് ഇതിനർത്ഥം.
പ്രാർത്ഥനയുടെ അനിവാര്യത
പറയാൻ എളുപ്പമാണ് – ആർക്കെങ്കിലും എതിർപ്പുണ്ടാകാം- എന്നാൽ അത് നമ്മെ ആശ്രയിച്ചല്ല, പരിശുദ്ധാത്മാവിൻറെ വരവിനെ ആശ്രയിച്ചിരിക്കുന്നുവെങ്കിൽ നമുക്ക് അത് എങ്ങനെ പ്രായോഗികമാക്കാനാകും? വാസ്തവത്തിൽ, നമ്മെ ആശ്രയിച്ചിരിക്കുന്ന ഒരു കാര്യമുണ്ട്, അല്ല, രണ്ടെണ്ണം, ഞാൻ അവയെക്കുറിച്ച് ചുരുക്കി പറയാം. ഒന്നാമത്തേത് പ്രാർത്ഥനയാണ്. പ്രാർത്ഥിക്കുന്നവൻറെ മേൽ പരിശുദ്ധാത്മാവ് വരുന്നു, കാരണം, ഇങ്ങനെ എഴുതപ്പെട്ടിരിക്കുന്നു, സ്വർഗ്ഗസ്ഥനായ പിതാവ് - "അവനോട് ചോദിക്കുന്നവർക്ക് പരിശുദ്ധാത്മാവിനെ നൽകുന്നു" (ലൂക്കാ 11, 13), പ്രത്യേകിച്ചും തൻറെ പുത്രൻറെ സുവിശേഷം അറിയിക്കാനാണ് ആവശ്യപ്പെടുന്നതെങ്കിൽ! പ്രാർത്ഥിക്കാതെ പ്രസംഗിക്കുന്നവർക്ക് ഹാ കഷ്ടം! അവർ അപ്പോസ്തലൻ നിർവ്വചിക്കുന്നതുപോലെ "മുഴങ്ങുന്ന ചേങ്ങലയോ ചിലമ്പുന്ന കൈത്താളങ്ങമോ" (1 കോറി 13:1 കാണുക ആയിത്തീരും).
റൂഹാക്ഷണം
അതിനാൽ, പരിശുദ്ധാത്മാവ് വരുന്നതിനായി പ്രാർത്ഥിക്കുക എന്നതാണ് നമ്മെ ആശ്രയിച്ചിരിക്കുന്ന ആദ്യ കാര്യം. രണ്ടാമത്തെ കാര്യമാകട്ടെ, നാം നമ്മെത്തന്നെയല്ല കർത്താവായ യേശുവിനെ പ്രസംഗിക്കാൻ ആഗ്രഹിക്കുക (2 കോറി 4:5 കാണുക). ഇതാണ് പ്രഘോഷണം.... പലപ്പോഴും 20-ും 30-ും മിനിറ്റു നീണ്ട പ്രസംഗങ്ങൾ ഉണ്ട്. എന്നാൽ, ദയവായി, പ്രാസംഗികൻറെ പ്രസംഗത്തിലുണ്ടാകേണ്ടത് ഒരു ആശയമാണ് സ്നേഹമാണ്, പ്രവർത്തിക്കാനുള്ള ക്ഷണമാണ്. 8 മിനിറ്റു കഴിഞ്ഞാൽ പ്രസംഗം ദുർബ്ബലമായിത്തീരുന്നു, അത് അവ്യക്തമാകുന്നു, അഗ്രാഹ്യമാകുന്നു..... ഒരിക്കലും 10 മിനിറ്റിലധികം നീളരുത്. നമ്മെയല്ലെ കർത്താവിനെയാണ് പ്രഘോഷിക്കേണ്ടത് എന്ന് ഞാൻ നിങ്ങളോടു പറഞ്ഞു വരുകയായിരുന്നു. ഇതിനെക്കുറിച്ച് അധികം പറയേണ്ട ആവശ്യമില്ല. കാരണം സുവിശേഷവൽക്കരണത്തിൽ ഏർപ്പെട്ടിരിക്കുന്ന ഏതൊരാൾക്കും അവനവനെക്കുറിച്ച് പ്രസംഗിക്കാതിരിക്കുക എന്നതിൻറെ അർത്ഥമെന്താണെന്ന്, പ്രായോഗികമായി, നന്നായി അറിയാം. അവനവനെ പ്രഘോഷിക്കാൻ ആഗ്രഹിക്കാതിരിക്കുക എന്നതിൽ, നമ്മൾ പരിപോഷിപ്പിക്കുന്നതും ഒരാളുടെ പേരുമായി ബന്ധപ്പെടുത്തിയതുമായ അജപാലന സംരംഭങ്ങൾക്ക് എല്ലായ്പ്പോഴും മുൻഗണന നൽകാതിരിക്കുന്നതും, ആവശ്യമായിവരുന്ന പക്ഷം, കൂട്ടായതോ അനുസരണമൂലം ഏറ്റെടുക്കേണ്ടിവരുന്നതോ ആയ സംരംഭങ്ങളോടു സന്നദ്ധതയോടെ സഹകരിക്കുന്നതും ഉൾക്കൊള്ളുന്നു. ഇക്കാലഘട്ടത്തിലെ സ്ത്രീപുരുഷന്മാരോട് ഇങ്ങനെ സുവിശേഷം പ്രസംഗിക്കാൻ പരിശുദ്ധാത്മാവ് നമ്മെ സഹായിക്കുകയും തുണയ്ക്കുകയും സഭയെ പഠിപ്പിക്കുകയും ചെയ്യട്ടെ! നന്ദി.
ആശീർവ്വാദാനന്തര അഭിവാദ്യങ്ങൾ
പാപ്പാ ഇറ്റാലിയന്‍ ഭാഷയിൽ നടത്തിയ മുഖ്യ പ്രഭാഷണത്തെ തുടർന്ന് അതിൻറെ സംഗ്രഹം ആംഗലം അറബി, ചൈനീസ് തുടങ്ങിയ വിവിധഭാഷകളില്‍ പാരായണം ചെയ്യപ്പെട്ടു. പതിവുപോലെ പൊതുകൂടിക്കാഴ്ചാ പരിപാടിയുടെ അവസാനം ഇറ്റലിക്കാരെ അഭിവാദ്യം ചെയ്യവെ പാപ്പാ യുവജനത്തെയും പ്രായംചെന്നവരെയും രോഗികളെയും നവദമ്പതികളെയും പ്രത്യേകം സംബോധന ചെയ്തു. ഇപ്പോൾ തുടക്കംകുറിക്കപ്പെട്ടിരിക്കുന്ന ആഗമനകാലം അമലോത്ഭവ മറിയത്തിൻറെ വിളങ്ങുന്ന മാതൃക നമുക്കു പ്രദാനം ചെയ്യുന്നു എന്നു പറഞ്ഞ പാപ്പാ ക്രിസ്തുവിനോടു ചേർന്നുള്ള യാത്രയിൽ അവൾ പ്രചോദനവും പ്രത്യാശയുടെ താങ്ങും ആകട്ടെയെന്ന് ആശംസിച്ചു.
യുദ്ധം അവസാനിച്ച് സമാധാനം ഉണ്ടാകുന്നതിനു വേണ്ടി പ്രാർത്ഥന
സമാധാനത്തിനായുള്ള പ്രാർത്ഥന തുടരാനുള്ള തൻറെ അഭ്യർത്ഥന പാപ്പാ പൊതുദർശന വേളയിൽ ആവർത്തിച്ചു. മാനവരാശിയുടെ തോൽവിയായ യുദ്ധം പ്രശ്നങ്ങൾ പരിഹരിക്കുന്നില്ലെന്നും ദുഷിച്ചതായ യുദ്ധം നാശം വിതയ്ക്കുകയാണ് ചെയ്യുന്നതെന്നും പാപ്പാ പറയുകയും യുദ്ധവേദികളായ നാടുകൾക്കുവേണ്ടി പ്രാർത്ഥിക്കാൻ എല്ലാവരെയും ക്ഷണിക്കുകയും ചെയ്തു. യുദ്ധം പിച്ചിച്ചീന്തിയിരിക്കുന്ന ഉക്രേയിനെയും അതു പോലെതന്നെ പലസ്തീൻ, ഇസ്രായേലൽ, മ്യാൻമാർ എന്നീ നാടുകളെയും മറക്കരുതെന്നു പാപ്പാ പറഞ്ഞു. യുദ്ധം ജീവനപഹരിച്ച അനേകരായ കുഞ്ഞുങ്ങളെയും നിരപരാധികളായ മറ്റുള്ളവരെയും പാപ്പാ അനുസ്മരിക്കുകയും അവർക്കായി പ്രാർത്ഥിക്കാൻ അഭ്യർത്ഥിക്കുകയും ചെയ്തു. തുടർന്ന് ലത്തീൻഭാഷയിൽ സ്വർഗ്ഗസ്ഥനായ പിതാവേ എന്ന കർത്തൃപ്രാർത്ഥന ആലപിക്കപ്പെട്ടു. തദ്ദനന്തരം പാപ്പാ, എല്ലാവർക്കും തൻറെ അപ്പൊസ്തോലികാശീർവ്വാദം നല്കി.
What's Your Reaction?