കത്തോലിക്കരും ഓർത്തൊഡോക്സ്കാരും ഐക്യമെന്ന ലക്ഷ്യം മറക്കരുത്, പാപ്പാ

ഫ്രാൻസീസ് പാപ്പാ കോൺസ്റ്റൻറിനോപ്പിളിലെ എക്യുമെനിക്കൽ പാത്രിയാർക്കേറ്റിൻറെ സ്വർഗ്ഗീയ സംരക്ഷകനായ വിശുദ്ധ അന്ത്രയോസ് അപ്പോസ്തലൻറെ തിരുന്നാളിനോടനുബന്ധിച്ച് എക്യുമെനിക്കൽ

Dec 1, 2024 - 23:14
 0  4
കത്തോലിക്കരും ഓർത്തൊഡോക്സ്കാരും ഐക്യമെന്ന ലക്ഷ്യം മറക്കരുത്, പാപ്പാ

ദൈവിക ദാനമായ ഐക്യം സ്വീകരിക്കാനുള്ള സന്നദ്ധതയ്ക്കായി പ്രാർത്ഥിക്കുന്നതിനും പ്രവർത്തിക്കുന്നതിനും കത്തോലിക്കരും ഓർത്തൊഡോക്സ്കാരും ഒരിക്കലും വിരാമമിടരുതെന്ന് മാർപ്പാപ്പാ.

കോൺസ്റ്റൻറിനോപ്പിളിലെ എക്യുമെനിക്കൽ പാത്രിയാർക്കേറ്റിൻറെ സ്വർഗ്ഗീയ സംരക്ഷകനായ വിശുദ്ധ അന്ത്രയോസ് അപ്പോസ്തലൻറെ തിരുന്നാളിനോടനുബന്ധിച്ച് എക്യുമെനിക്കൽ പാത്രിയാർക്കീസ് ബർത്തൊലൊമൊയൊ പ്രഥമന് നല്കിയ സന്ദേശത്തിലാണ് ഫ്രാൻസീസ് പാപ്പാ ഇതു പറഞ്ഞിരിക്കുന്നത്.

തിരുന്നാളാചരണത്തിൽ പങ്കെടുക്കുന്നതിന് പതിവുപോലെ ഇക്കൊല്ലവും അവിടെ എത്തിയ വത്തിക്കാൻറെ പ്രതിനിധിസംഘത്തെ നയിച്ച ക്രൈസ്തവൈക്യത്തിനായുള്ള വത്തിക്കാൻ വിഭാഗത്തിൻറെ അദ്ധ്യക്ഷൻ കർദ്ദിനാൾ കുർത്ത് കോഹ് നവംബർ 30-ന് അവിടെ നടന്ന തിരുന്നാൾ തിരുക്കർമ്മത്തിൻറെ സമാപനത്തിൽ ഈ സന്ദേശം വായിച്ചു.

സഹസ്രാബ്ദത്തിൻെറ പഴക്കമുള്ള ഭിന്നിപ്പുകൾ ഏതാനും ദശകങ്ങൾ കൊണ്ടു പരിഹരിക്കാനാകില്ല എന്ന വസ്തുതയിൽ അതിശയമില്ല എന്നു പറയുന്ന പാപ്പാ, ഐക്യസരണി, യേശു പ്രദാനം ചെയ്ത രക്ഷയുടെ പാതയുമായി ചേർന്നുപോകുന്നതാകയാൽ, ക്രൈസ്തവൈക്യം പുനഃസ്ഥാപിക്കുക എന്നതിന് അനിഷേധ്യമായ യുഗാന്ത്യോന്മുഖ മാനം ഉണ്ടെന്ന ചില ദൈവശാസ്ത്രജ്ഞരുടെ അഭിമതം എടുത്തുകാട്ടുന്നു.

കത്തോലിക്കാ സഭയുടെ ക്രൈസ്തവൈക്യപ്രസ്ഥാനത്തിന് നിർണ്ണായകമായ “ഉണിത്താത്തിസ് റെദിന്തെഗ്രാസിയൊ” (Unitatis Redintegratio) എന്ന രണ്ടാം വത്തിക്കാൻ സൂനഹദേസിൻറെ പ്രമാണരേഖയടെ അറുപതാം വാർഷികം നവംബർ 21-ന് ആയിരുന്നതും പ്രഥമ എക്യുമെനിക്കൽ സൂനഹദോസ് ആയ നിഖ്യാ സൂനഹദോസിൻറെ 1700-ആം വാർഷികം ആസന്നമായിരിക്കുന്നതും പാപ്പാ തൻറെ സന്ദേശത്തിൽ അനുസ്മരിക്കുന്നു.

പിതാവിൻറെയും പുത്രൻറെയും പരിശുദ്ധാത്മാവിൻറെയും നാമത്തിൽ സ്നാനമേറ്റ എല്ലാവരും തമ്മിൽ നിലവിലുള്ള കൂട്ടായ്മയുടെ വളർച്ചയ്ക്ക് സാക്ഷ്യമേകുന്നതിനുള്ള മറ്റൊരു അവസരമായിരിക്കും നിഖ്യാസൂനഹദോസിൻറെ 1700-ആം വാർഷികാചരണമെന്ന് പാപ്പാ പ്രത്യാശ പ്രകടിപ്പിക്കുന്നു.

ഉക്രൈയിൻ, പലസ്തീൻ, ഇസ്രായേൽ, ലബനൻ തുടങ്ങി എല്ലാ സംഘർഷവേദികളിലും സമാധാനമുണ്ടാകുന്നതിനുള്ള പ്രാർത്ഥനയും പാപ്പാ തൻറെ സന്ദേശത്തിൽ ആവർത്തിക്കുന്നു.

ജൂണ്‍ 29ന് വി. പത്രോസ് പൗലോസ് ശ്ലീഹന്‍മാരുടെ തിരുന്നാളാഘോഷത്തില്‍ പങ്കെടുക്കാന്‍ കോൺസ്റ്റൻറിനോപ്പിളിലെ എക്യുമെനിക്കൽ പാത്രിയാർക്കീസിൻറെ  പ്രതിനിധി സംഘം വത്തിക്കാനിലും നവംബര്‍ 30ന് വിശുദ്ധ അന്ത്രയോസ് ശ്ലീഹായുടെ തിരുന്നാളില്‍ പങ്കെടുക്കാന്‍ വത്തിക്കാനിൽ നിന്ന് പാപ്പായുടെ പ്രതിനിധി സംഘം കോണ്‍സ്റ്റാന്‍റിനോപ്പിളിലും സന്ദര്‍ശനം നടത്തുക പതിവാണ്.

What's Your Reaction?

like

dislike

love

funny

angry

sad

wow