മതവിശ്വാസികൾ പരസ്പരാദരവിൻറെ സംസ്കൃതി പരിപോഷിപ്പിക്കാൻ വിളിക്കപ്പെട്ടിരിക്കുന്നു, പാപ്പാ

ശ്രീ നാരായണഗുരു സംഘടിപ്പിച്ച “സർവ്വമതസമ്മേളന”ത്തിൻറെ ഒന്നാം ശതാബ്ദിയനുസ്മരണത്തിൻറെ ഭാഗമായി മതാന്തരസംവാദത്തിനായുള്ള വിഭാഗത്തിൻറെ (Dicastery for Interreligious Dialogue) സഹകരണത്തോടെ

Dec 1, 2024 - 13:32
 0  4
മതവിശ്വാസികൾ പരസ്പരാദരവിൻറെ സംസ്കൃതി പരിപോഷിപ്പിക്കാൻ വിളിക്കപ്പെട്ടിരിക്കുന്നു, പാപ്പാ

ഭിന്ന മതപാരമ്പര്യങ്ങളുടെ അനുയായികളായ നാം, ആദരവ്, ഔന്നത്യം, സഹാനുഭൂതി, അനുരഞ്ജനം, സഹോദര്യ ഐക്യദാർഢ്യം എന്നിവയുടെതായ സംസ്കാരം ഊട്ടിവളർത്തുന്നത്തിൽ സന്മനസ്സുള്ള സകലരോടും സഹകരിച്ചു പ്രവർത്തിക്കണമെന്ന് മാർപ്പാപ്പാ ഓർമ്മിപ്പിക്കുന്നു. നിർഭാഗ്യവശാൽ വ്യാപകമായിക്കൊണ്ടിരിക്കുന്ന വ്യക്തിവാദത്തിൻറെയും ഒഴിവാക്കലിൻറെയും നിസ്സംഗതയുടെയും അക്രമത്തിൻറെയും സംസ്കാരത്തെ കീഴടക്കുന്നതിന് സംഭാവന ചെയ്യാൻ ഇതുവഴി നമുക്ക് സാധിക്കുമെന്നും പാപ്പാ പറയുന്നു.

ശ്രീ നാരായണഗുരു സംഘടിപ്പിച്ച “സർവ്വമതസമ്മേളന”ത്തിൻറെ ഒന്നാം ശതാബ്ദിയനുസ്മരണത്തിൻറെ ഭാഗമായി മതാന്തരസംവാദത്തിനായുള്ള വിഭാഗത്തിൻറെ (Dicastery for Interreligious Dialogue) സഹകരണത്തോടെ “ശ്രീ നാരായാണ ധർമ്മ സംഘം ടസ്റ്റ്”  സംഘടിപ്പിച്ചിരിക്കുന്ന സമ്മേളനത്തിൽ പങ്കെടുക്കുന്നതിന് കേരളത്തിലും, ഇന്ത്യയുടെ ഇതരഭാഗങ്ങളിലും മറ്റു രാജ്യങ്ങളിലും നിന്നെത്തിയിരുന്ന സംഘത്തെ വത്തിക്കാനിൽ ക്ലെമൻറയിൻ ശാലയിൽ ശനിയാഴ്ച (30/11/24) സ്വീകരിച്ച് സംബോധന ചെയ്യുകയായിരുന്നു ഫ്രാൻസീസ് പാപ്പാ.

ജാതി,മത,സംസ്കാരഭേദമന്യേ എല്ലാവരും ഏക മാനവകുടുംബത്തിലെ അംഗങ്ങളാണെന്ന സുവ്യക്ത സന്ദേശം നല്കിക്കൊണ്ട് സാമൂഹികവും മതപരവുമായ നവോത്ഥാനത്തിനായി ജീവിതം ഉഴിഞ്ഞുവച്ച ആദ്ധ്യാത്മികാചാര്യനും സാമൂഹ്യ പരിഷ്കർത്താവുമാണ് ശ്രീ നാരായണഗുരു എന്ന് പാപ്പാ അനുസ്മരിച്ചു.

“മെച്ചപ്പെട്ടൊരു മാനവികതയ്ക്ക് മതങ്ങൾ ഒത്തൊരുമിച്ച്” എന്ന വിചിന്തന പ്രമേയം ഈ സമ്മേളനം സ്വീകരിച്ചിരിക്കുന്നതിനെക്കുറിച്ച് തൻറെ പ്രഭാഷണത്തിൽ സൂചിപ്പിച്ച പാപ്പാ ഈ പ്രമേയം തീർത്തും കാലോചിതവും നമ്മുടെ കാലഘട്ടത്തെ സംബന്ധിച്ച് സുപ്രധാനവുമാണെന്ന് പ്രസ്താവിച്ചു.

ആർക്കുമെതിരെ ഒരു തരത്തിലും ഒരു തലത്തിലും വിവേചനം അരുത് എന്ന് ശ്രീ നാരായണഗുരു ഊന്നിപ്പറഞ്ഞിരുന്നത് അനുസ്മരിച്ച പാപ്പാ, ജനതകൾക്കും രാഷ്ട്രങ്ങൾക്കുമിടയിൽ അസഹിഷ്ണുതയും വിദ്വേഷവും വർദ്ധിച്ചുവരുന്നതിന് നാം സാക്ഷികളാകുന്ന ഒരു ലോകത്തിൽ അദ്ദേഹത്തിൻറെ സന്ദേശം എറ്റവും പ്രസക്തമാണെന്ന് പറഞ്ഞു.

ദൗർഭാഗ്യവശാൽ, മത-വർഗ്ഗ-വർണ്ണ-ഭാഷ-സാമൂഹ്യവസ്ഥ തുടങ്ങിയവയുടെ അടിസ്ഥാനത്തിലുള്ള വിവേചനം, ഒഴിവാക്കലുകൾ, പിരിമുറുക്കങ്ങൾ അക്രമങ്ങൾ എന്നിവ, വിശിഷ്യ, പാവപ്പെട്ടവരും പ്രതിരോധിക്കാൻ കഴിയാത്തവരും ശബ്ദരഹിതരുമായവർക്ക്, ദൈനംദിനാനുഭവങ്ങളാണെന്ന വസ്തുതയും പാപ്പാ ചൂണ്ടിക്കാട്ടി.

ദൈവം എല്ലാ മനുഷ്യരെയും സൃഷ്ടിച്ചിരിക്കുന്നത് അവകാശങ്ങളിലും കടമകളിലും ഔന്നത്യത്തിലും തുല്യരായിട്ടാണെന്നും പരസ്പരം സഹോദരങ്ങളായി കരുതി സഹവർത്തിത്വത്തിൽ ജീവിക്കണമെന്നും, അൽ അഷറിലെ വലിയ ഇമാം അഹമ്മദ് അൽ തയ്യിബും താനും അബുദാബിയിൽ വച്ച് 2019 ഫെബ്രുവരിയിൽ ഒപ്പുവച്ച മാനവ സാഹോദര്യ രേഖയിൽ, തങ്ങൾ വ്യക്തമാക്കിയിട്ടുള്ളതിനെക്കുറിച്ചും പാപ്പാ സൂചിപ്പിച്ചു.

ഏകദൈവത്തിൻറെ മക്കളെന്ന നിലയിൽ നാം പരസ്‌പരം സ്‌നേഹിക്കുകയും ബഹുമാനിക്കുകയും,സാഹോദര്യത്തിൻറെയും ഉൾക്കൊള്ളലിൻറെയും അരൂപിയിൽ, വൈവിധ്യങ്ങളെയും വ്യത്യാസങ്ങളെയും ആദരിക്കുകയും പരസ്‌പരം പരിപാലിക്കുകയും, അതുപോലെ നമ്മുടെ പൊതുഭവനമായ ഭൂമിയെ കാത്തുസൂക്ഷിക്കുകയും വേണം എന്ന മൗലിക സത്യം എല്ലാ മതങ്ങളും പഠിപ്പിക്കുന്നുവെന്നും പാപ്പാ പറഞ്ഞു.

മതാന്തരസംവാദത്തിനും പരസ്പരം മനസ്സിലാക്കാനുമുള്ള എല്ലാവരുടെയും യത്നങ്ങൾക്ക് പാപ്പാ നന്ദി പ്രകാശിപ്പിക്കുകയും തൻറെ പ്രാർത്ഥാന ഉറപ്പുനല്കുകയും ചെയ്തു.

ശിവഗിരി മഠം പ്രസിഡൻറ് സ്വാമി സച്ചിദാനന്ദയുടെ അദ്ധ്യക്ഷതയിൽ നടക്കുന്ന സമ്മേളനത്തിൽ നിയുക്ത കർദ്ദിനാൾ മാർ ജോർജ് ജേക്കബ് കൂവക്കാട്ട്, കഡ്നി ഫെഡെറേഷൻ ഓഫ് ഇന്ത്യയുടെ സ്ഥാപകാദ്ധ്യക്ഷൻ ഫാദർ ഡേവീസ് ചിറമ്മേൽ, പാണക്കാട് സാദിഖലി തങ്ങൾ തുടങ്ങിയ വിശിഷ്ട വ്യക്തികൾ പങ്കെടുക്കുന്നുണ്ട്. 

What's Your Reaction?

like

dislike

love

funny

angry

sad

wow