ക്രിസ്തുകേന്ദ്രീകൃതസഭയും സിനഡാത്മകദൈവശാസ്ത്രവും ഇന്നിന്റെ ആവശ്യങ്ങൾ: ഫ്രാൻസിസ് പാപ്പാ
ജൂബിലി, ക്രിസ്തുവിന്റെ പ്രാധാന്യം എടുത്തുകാട്ടാനും ക്രിസ്തുകേന്ദ്രീകൃതമായി വളരാനുമുള്ള സമയമെന്ന് ഫ്രാൻസിസ് പാപ്പാ.
ക്രിസ്തുകേന്ദ്രീകൃതമായ വിശ്വാസജീവിതത്തിന്റെയും സിനഡാത്മകമായ ഒരു ദൈവശാസ്ത്രം വളർത്തിയെടുക്കേണ്ടതിന്റെയും പ്രാധാന്യം ഓർമ്മിപ്പിച്ച് ഫ്രാൻസിസ് പാപ്പാ. അന്താരാഷ്ട്ര ദൈവശാസ്ത്രകമ്മീഷന്റെ പ്ലീനറി സമ്മേളനത്തിൽ സംബന്ധിക്കുന്നവർക്ക് നവംബർ 28 വ്യാഴാഴ്ച വത്തിക്കാനിൽ സ്വകാര്യകൂടിക്കാഴ്ച അനുവദിച്ച വേളയിലാണ്, സമകാലീന സഭയുടെ വളർച്ചയിൽ ശ്രദ്ധ കേന്ദ്രീകരിക്കേണ്ട തലങ്ങളെക്കുറിച്ച് പാപ്പാ ഉദ്ബോധിപ്പിച്ചത്.
2025-ൽ ആഗോളസഭ ആഘോഷിക്കുന്ന ജൂബിലി, ക്രിസ്തുകേന്ദ്രീകൃതമായി വളരാനുള്ള നമ്മുടെ ഉത്തരവാദിത്വത്തെ ഓർമ്മിപ്പിക്കുന്നുണ്ടെന്ന് പാപ്പാ പറഞ്ഞു. ഈ വിശുദ്ധ വർഷത്തിൽ നാം നിഖ്യ എക്യൂമെനിക്കൽ കൗൺസിലിന്റെ ആയിരത്തിയേഴുന്നൂറാമത് വാർഷികം അനുസ്മരിക്കുകയാണെന്ന് പറഞ്ഞ പാപ്പാ, ക്രിസ്തുവുമായുള്ള കണ്ടുമുട്ടലിനെ സഹായിക്കുക, ക്രിസ്തുരഹസ്യം കൂടുതൽ വ്യക്തമാക്കുക തുടങ്ങിയ കാര്യങ്ങളിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുക എന്നതാണ് ഈ ആചരണം ഇന്നത്തെ ദൈവശാസ്ത്രജ്ഞരിൽനിന്ന് ആവശ്യപ്പെടുന്നതെന്ന് വ്യക്തമാക്കി. നിഖ്യ സന്ദർശിക്കാനുള്ള തന്റെ ആഗ്രഹവും പാപ്പാ വെളിപ്പെടുത്തി.
പിതാവിന്റെ സത്തയാണ് പുത്രനിലുമെന്ന് ഉറപ്പിച്ചുപറയുന്ന നിഖ്യ കൗൺസിൽ, യേശുവിൽ ഒരേസമയം ദൈവത്തിന്റെ തിരുമുഖവും, മനുഷ്യന്റെ മുഖവും ദർശിക്കാൻ നമുക്ക് സാധിക്കുമെന്നും വ്യക്തമാക്കുന്നുണ്ടെന്ന് പാപ്പാ ഓർമ്മിപ്പിച്ചു. ഇതുവഴി, അവനിലൂടെ ദൈവമക്കളെന്ന സ്ഥാനം സ്വന്തമാക്കുന്ന നാം പരസ്പരം സഹോദരങ്ങളാണെന്ന ബോധ്യത്തിലേക്കും കടന്നുവരുന്നുണ്ട്. ഈയൊരർത്ഥത്തിൽ അന്താരാഷ്ട്ര ദൈവശാസ്ത്ര കമ്മീഷൻ നിഖ്യ കൗൺസിൽ മുന്നോട്ടുവയ്ക്കുന്ന വിശ്വാസം സംബന്ധിച്ച് ഒരു രേഖ തയ്യാറാക്കുന്നത് അഭിലഷണീയമാണെന്ന് പാപ്പാ പ്രസ്താവിച്ചു. ജൂബിലി വർഷത്തിൽ, ക്രിസ്തുവിന്റെ മാനവികതയിൽനിന്ന് പ്രേരണയുൾക്കൊണ്ട്, സാംസ്‌കാരിക, സാമൂഹ്യയിടങ്ങളിൽ ആശയങ്ങളും വിചിന്തനങ്ങളും നൽകാൻ ഇങ്ങനെയുള്ള ഒരു രേഖ സഹായകരമായിരിക്കുമെന്ന് പാപ്പാ വ്യക്തമാക്കി.
സംഘർഷങ്ങളും അക്രമങ്ങളും നിറഞ്ഞ ഇക്കാലത്ത്, ക്രിസ്തുവിലൂടെ വെളിവാക്കപ്പെടുന്ന ദൈവസ്നേഹം, സഹോദര്യത്തിൽ ജീവിക്കാനും സമാധാനത്തിന്റെയും നീതിയുടെയും സൃഷ്ടാക്കളാകാനുമുള്ള വിളിയെക്കുറിച്ച് നമ്മെ ഓർമ്മിപ്പിക്കുന്നുണ്ടെന്ന് പാപ്പാ പറഞ്ഞു. ഈയൊരു പശ്ചാത്തലത്തിൽ ക്രിസ്തുകേന്ദ്രീകൃതമായ വളർച്ചയ്ക്ക് പ്രാധാന്യം കൊടുക്കേണ്ടതുണ്ടെന്ന് പാപ്പാ കൂട്ടിച്ചേർത്തു.
തന്റെ പ്രഭാഷണത്തിന്റെ രണ്ടാമത്തെ ഭാഗത്ത്, സിനഡാത്മകയുടെ ദൈവശാസ്ത്രം വളർത്തിയെടുക്കുന്നതുമായി ബന്ധപ്പെട്ട് സംസാരിച്ച പാപ്പാ, അറുപതോളം വർഷങ്ങൾക്ക് മുൻപ് പോൾ ആറാമൻ പാപ്പാ മെത്രാന്മാരുടെ സിനഡിന്റെ സെക്രെട്ടറിയേറ്റ് സ്ഥാപിച്ചത്, സിനഡാത്മകമായ ഒരു ദൈവശാസ്ത്രം വളർത്തിയെടുക്കുക എന്ന ലക്ഷ്യം മുന്നിൽക്കണ്ടായിരുന്നുവെന്നും, കഴിഞ്ഞ വർഷങ്ങളിലൂടെ സഭ ഈയൊരു വളർച്ചയിലേക്ക് കടന്നുവന്നിട്ടുണ്ടെന്നും പ്രസ്‌താവിച്ചു. സിനഡാത്മകമായ മാനമില്ലാത്ത ഒരു അജപാലനത്തെക്കുറിച്ച് ചിന്തിക്കാനാകില്ലെന്ന് പാപ്പാ കൂട്ടിച്ചേർത്തു. മെത്രാന്മാരുടെ സിനഡിന്റെ സാധാരണ പൊതുസമ്മേളനം തയ്യാറാക്കിയ അന്തിമരേഖയിൽ, സിനഡാത്മകതയുടെ അർത്ഥം കൂടുതൽ ആഴത്തിൽ പഠിക്കാനും, വ്യക്തമാക്കാനും, ദൈവശാസ്ത്രപഠനവുമായി ബന്ധപ്പെട്ട ഇൻസ്റിറ്റ്യൂട്ടുകളെ ആഹ്വാനം ചെയ്തുവെന്നത് പാപ്പാ പ്രത്യേകം എടുത്തുപറഞ്ഞു.
സിനഡാത്മകതയുടെ മിഷനറി ലക്ഷ്യവും, വിവിധ സംസ്കാരങ്ങളിലും പാരമ്പര്യങ്ങളിലുമുള്ള മുഴുവൻ ദൈവജനത്തിന്റെയും പങ്കാളിത്തവും സാധിതമാകുന്നതിനായി, ക്രിസ്തുവിൽ കേന്ദ്രീകൃതമായ വളർച്ച എന്നതിനൊപ്പം, സഭാത്മകമാനവും ഉയർത്തിപ്പിടിക്കുവാൻ ദൈവശാസ്ത്രജ്ഞർ പരിശ്രമിക്കേണ്ടതിന്റെ പ്രാധാന്യം പാപ്പാ എടുത്തുപറഞ്ഞു. സഭയിലെ എല്ലാ ഘടകങ്ങളെയും ഉൾക്കൊള്ളുന്ന ഒരു സിനഡാത്മകദൈവശാസ്ത്രവും, ദൈവശാസ്ത്രവിചിന്തനവും വളർത്തിയെടുക്കേണ്ടതിലേക്കും പാപ്പാ ഏവരുടെയും ശ്രദ്ധ ക്ഷണിച്ചു.
ക്രിസ്തുവിന്റെ വക്ഷസ്സിൽ ചാരിയ യോഹന്നാനെപ്പോലെ, കർത്താവിന്റെ ഹൃദയത്തോട് ചേർന്നിരുന്നാൽ, യഥാർത്ഥ ഉറവയിൽനിന്ന് ഊർജ്ജം സ്വീകരിച്ച്, സഭയിലും ലോകത്തിലും ഫലങ്ങൾ നൽകാൻ ദൈവശാസ്ത്രത്തിന് സാധിക്കുമെന്ന് പാപ്പാ ഉദ്‌ബോധിപ്പിച്ചു. പരിശുദ്ധാത്മാവ് നൽകുന്ന ആനന്ദവും നർമ്മബോധവും നഷ്ടപ്പെടുത്തരുതെന്ന് പാപ്പാ കൂട്ടിച്ചേർത്തു.
What's Your Reaction?