ദുരിതങ്ങളിലൂടെ കടന്നുപോകുന്ന മനുഷ്യരെ ചേർത്തുപിടിച്ച് ഫ്രാൻസിസ് പാപ്പാ

പ്രകൃതിദുരന്തങ്ങളുടെയും, സായുധസംഘർഷങ്ങളുടെയും, യുദ്ധങ്ങളുടെയും ഇരകളായ മനുഷ്യരെ ചേർത്തുപിടിച്ചും, അവർക്കുവേണ്ടി പ്രാർത്ഥിച്ചും ഫ്രാൻസിസ് പാപ്പാ.

Nov 7, 2024 - 12:12
 0  11
ദുരിതങ്ങളിലൂടെ കടന്നുപോകുന്ന മനുഷ്യരെ ചേർത്തുപിടിച്ച് ഫ്രാൻസിസ് പാപ്പാ

പ്രകൃതിദുരന്തങ്ങളും, സായുധസംഘർഷങ്ങളും, അവസാനമില്ലാതെ തുടരുന്ന നിരവധി യുദ്ധങ്ങളും മൂലം ലോകത്തിന്റെ വിവിധയിടങ്ങളിൽ ആയിരക്കണക്കിന് ആളുകൾ സഹനങ്ങളിലൂടെ കടന്നുപോകുമ്പോൾ, അവർക്കായി പരിശുദ്ധ അമ്മയുടെ മാദ്ധ്യസ്ഥ്യം അപേക്ഷിച്ചും, അവരെ ചേർത്തുപിടിച്ചും ഫ്രാൻസിസ് പാപ്പാ. നവംബർ 06 ബുധനാഴ്ച വത്തിക്കാനിൽ അനുവദിച്ച പൊതുകൂടിക്കാഴ്ചാവേളയിലാണ് ദുരിതമനുഭവിക്കുന്ന മാനവികതയെ പാപ്പാ പ്രത്യേകം അനുസ്മരിക്കുകയും അവർക്കായി പ്രാർത്ഥന നയിക്കുകയും, തുടർന്നും പ്രാർത്ഥിക്കാൻ എല്ലാവരെയും ക്ഷണിക്കുകയും ചെയ്‌തത്‌.

കൊടിയ പീഡനങ്ങളിലൂടെ കടന്നുപോകുന്ന ഉക്രൈനെയും, യുദ്ധം തുടരുന്ന ഗാസാ, ഇസ്രായേൽ എന്നിവിടങ്ങളെയും തന്റെ പ്രഭാഷണത്തിൽ അനുസ്മരിച്ച പാപ്പാ, കഴിഞ്ഞ ദിവസം ടാങ്ക് കൊണ്ടുള്ള ആക്രമണത്തിൽ 153 സാധാരണക്കാർ പൊതുവഴിയിൽ കൊല്ലപ്പെട്ടതിനെ പ്രത്യേകം പരാമർശിച്ചു. തികച്ചും ദാരുണമായ ഒരു സംഭവമാണിതെന്ന് പാപ്പാ വിശേഷിപ്പിച്ചു.

ശക്തമായ ചുഴലിക്കൊടുങ്കാറ്റും അതേത്തുടർന്നുണ്ടായ പേമാരിയും പ്രളയവും നൂറ്റിയൻപതിൽപ്പരം ജീവനുകളെടുത്ത സ്പെയിനിലെ വലെൻസിയയുടെ കാര്യം ഫ്രാൻസിസ് പാപ്പാ പ്രത്യേകമായി അനുസ്മരിച്ചു. വലെൻസിയയുടെ പ്രത്യേക മദ്ധ്യസ്ഥയും, നിസ്സഹായരുടെ ആലംബമെന്ന പേരിൽ അറിയപെടുകയും ചെയ്യുന്ന പരിശുദ്ധ അമ്മയുടെ മാദ്ധ്യസ്ഥ്യം തേടാമെന്ന് ഫ്രാൻസിസ് പാപ്പാ ആഹ്വാനം ചെയ്യുകയും, പൊതുകൂടിക്കാഴ്‌ചയിൽ സംബന്ധിച്ചവർക്കൊപ്പം വലെൻസിയയ്ക്കുവേണ്ടി പ്രാർത്ഥിക്കുകയും ചെയ്‌തു.

സംഘർഷങ്ങളിലൂടെ കടന്നുപോകുന്ന മ്യാന്മറിന്റെയും, മുൻ പൊതുസമ്മേളനങ്ങളിലും പ്രാർത്ഥനാവേളകളിലുമെന്നപോലെ, ഇത്തവണയും പാപ്പാ മറന്നില്ല. എന്നും പ്രത്യാശയോടെ ജീവിക്കാൻ വേണ്ട കൃപയ്ക്കായി പ്രാർത്ഥിക്കാമെന്നും ഫ്രാൻസിസ് പാപ്പാ ഉദ്‌ബോധിപ്പിച്ചു. നവംബർ മൂന്ന് ഞായറാഴ്ച വത്തിക്കാനിൽ ത്രികാലജപപ്രാർത്ഥന നയിച്ച വേളയിലും, ഒക്ടോബർ 30 ബുധനാഴ്ച നടന്ന പൊതുകൂടിക്കാഴ്ചാസമ്മേളനത്തിലും ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ യുദ്ധങ്ങളിലൂടെയും, പ്രകൃതിദുരന്തങ്ങളിലൂടെയും കടന്നുപോകുന്ന മനുഷ്യരെ പാപ്പാ പരാമർശിക്കുകയും, അവർക്കുവേണ്ടി പ്രാർത്ഥനയ്ക്കായി അഭ്യർത്ഥിക്കുകയും ചെയ്തിരുന്നു.

അന്താരാഷ്ട്രസമൂഹവും, പല മത, രാഷ്ട്രീയ നേതൃത്വങ്ങളും മറക്കുകയോ അവഗണിക്കുകയോ ചെയ്യുന്ന സാധാരണ മനുഷ്യർക്കുവേണ്ടി ശബ്ദമുയർത്തുന്നതിൽനിന്ന് പാപ്പാ ഒരിക്കലും പിന്നോക്കം പോയിട്ടില്ല.

പ്രാർത്ഥനയിൽ പരിശുദ്ധാത്മാവിന്റെ സഹായത്തേയും പ്രാധാന്യത്തെയും കുറിച്ചായിരുന്നു ഈ ബുധനാഴ്ചത്തെ പൊതുകൂടിക്കാഴ്ചാവേളയിൽ നടത്തിയ പ്രഭാഷണത്തിൽ ഫ്രാൻസിസ് പാപ്പാ,  ഉദ്ബോധിപ്പിച്ചത്.

What's Your Reaction?

like

dislike

love

funny

angry

sad

wow