"ദിലേക്‌സിത് നോസ്" - അവൻ നമ്മെ സ്നേഹിച്ചു - ക്രിസ്തുവിന്റെ തിരുഹൃദയസ്നേഹം
യേശുക്രിസ്തുവിന്റെ തിരുഹൃദയത്തിലെ മാനുഷിക, ദൈവിക സ്നേഹത്തെക്കുറിച്ച് ഫ്രാൻസിസ് പാപ്പാ എഴുതിയ "ദിലേക്‌സിത് നോസ്" - അവൻ നമ്മെ സ്നേഹിച്ചു - എന്ന പേരിലുള്ള ചാക്രികലേഖനത്തിന്റെ സംഗ്രഹം.
മുറിവേൽപ്പിക്കപ്പെട്ട ക്രിസ്തുവിന്റെ ഹൃദയത്തെക്കുറിച്ചും, യേശുവിന്റെ മാനുഷിക, ദൈവിക സ്നേഹത്തെക്കുറിച്ചും ഉദ്ബോധിപ്പിച്ചുകൊണ്ട് "ദിലേക്‌സിത് നോസ്" എന്ന പേരിൽ ഫ്രാൻസിസ് പാപ്പാ എഴുതിയ ചാക്രികലേഖനം 2024 ഒക്ടോബർ 24 വ്യാഴാഴ്ചയാണ് പ്രസിദ്ധീകരിക്കപ്പെട്ടത്. ഫ്രാൻസിസ് പാപ്പായുടെ നാലാമത്തെ ചാക്രികലേഖനമാണിത്. ക്രിസ്തുവിന് നമ്മോടുള്ള ആഴമേറിയ സ്നേഹവും, അവൻ കാണിച്ചുതരുന്ന ശുശ്രൂഷയുടെ മാതൃകയും, യേശുവിനെപ്പോലെ മറ്റുള്ളവരെ സ്നേഹിക്കാനും, അവർക്ക് ശുശ്രൂഷ ചെയ്യാനും നമ്മെ ക്ഷണിക്കുന്നുണ്ട് എന്ന് പാപ്പാ ഈ ലേഖനത്തിലൂടെ നമ്മെ ഓർമ്മിപ്പിക്കുന്നു. കുന്തത്താൽ പിളർക്കപ്പെട്ട ക്രൂശിതന്റെ തിരുവിലാവിൽനിന്ന് ഒഴുകുന്ന ജീവജലത്തിന്, മാനവികതയുടെ മുറിവുകളെ സൗഖ്യപ്പെടുത്തുന്നതിന് സാധിക്കുമെന്നും പാപ്പാ എഴുതുന്നു.
ഫ്രാൻസിസ് പാപ്പാ 2024 ജൂൺ അഞ്ചാം തീയതി ബുധനാഴ്‌ച, വത്തിക്കാനിലെ വിശുദ്ധ പത്രോസിന്റെ ചത്വരത്തിൽ അനുവദിച്ച പൊതുകൂടിക്കാഴ്ചാസമ്മേളനത്തിൽ അറിയിച്ചിരുന്നതുപോലെ, പാപ്പാമാരുടേതുൾപ്പെടെ, സഭയുടെ ഔദ്യോഗിക പഠനങ്ങളും ഉദ്ബോധനങ്ങളും, വിശുദ്ധ ഗ്രന്ഥത്തോളമെത്തുന്ന ചരിത്രവും കണക്കിലെടുത്ത്, സഭാതനയർക്ക് യേശുവിന്റെ തിരുഹൃദയത്തോടുള്ള സ്നേഹത്തിലും വണക്കത്തിലും അടിസ്ഥാനമിട്ട ഒരു ആധ്യാത്മികതയുടെ മനോഹാരിത മനസ്സിലാക്കിത്തരുന്നതാണ് ഈ ചാക്രികലേഖനം.
വിശുദ്ധ പൗലോസ് ശ്ലീഹ റോമക്കാർക്കെഴുതിയ ലേഖനം എട്ടാം അദ്ധ്യായം 31 മുതൽ 39 വരെയുള്ള ഭാഗത്ത് ദൈവസ്നേഹപാരമ്യത്തെക്കുറിച്ച് എഴുതുന്നത് പരാമർശിച്ചുകൊണ്ടാണ് പാപ്പാ "ദിലേക്‌സിത് നോസ്" ആരംഭിക്കുന്നത്. പ്രധാനമായി രണ്ടു ചിന്തകളാണ് ഇവിടെയുള്ളത് (റോമാ. 8, 37; 39). ക്രിസ്‌തു നമ്മെ സ്നേഹിച്ചുവെന്നുള്ള ചിന്തയും, ആര് നമ്മെ അകറ്റുമെന്ന ചോദ്യവുമാണവ. യേശുവാണ് ആദ്യം നമ്മെ സ്നേഹിച്ചത്. കുത്തിത്തുറക്കപ്പെട്ട അവന്റെ ഹൃദയം, വ്യവസ്ഥകളൊന്നുമില്ലാതെ നമ്മെ സ്നേഹിക്കുന്നു, നമുക്കായി കാത്തിരിക്കുന്നു.
യേശുവിന്റെ ഹൃദയത്തോടുള്ള വണക്കത്തെക്കുറിച്ച് പ്രതിപാദിക്കുന്ന ഈ ചാക്രികലേഖനത്തിന് അഞ്ച് അദ്ധ്യായങ്ങളാണുള്ളത്. ഹൃദയത്തിന്റെ പ്രാധാന്യം, ക്രിസ്തുവിന്റെ സ്നേഹത്തിന്റെ പ്രവൃത്തികളും വാക്കുകളും, ഏറെ സ്നേഹിച്ച ക്രിസ്തുവിന്റെ ഹൃദയം, സ്വയം പാനീയമായി നൽകുന്ന സ്നേഹം, സ്നേഹത്തിനായുള്ള സ്നേഹം, എന്നീ ചിന്തകളാണ് ചാക്രികലേഖനത്തിന്റെ ഈ അഞ്ച് അദ്ധ്യായങ്ങളിലായി പാപ്പാ വിശകലനം ചെയ്യുന്നത്.
ഹൃദയത്തിന്റെ പ്രാധാന്യം
ദിലേക്‌സിത് നോസിന്റെ ഒന്നാം അദ്ധ്യായം മനുഷ്യജീവിതത്തിൽ ഹൃദയത്തിന്റെ പ്രാധാന്യത്തെക്കുറിച്ചുള്ളതാണ്. ഇന്നത്തെ ലോകമെന്നത് ഉപഭോക്തൃസംസ്കാരത്തിന്റെ അടിമത്തത്തിൽപ്പെട്ട്, ഒന്നിലും ഒരിക്കലും സംതൃപ്തിയടയാത്ത മനുഷ്യരുള്ള ഒരിടമായി മാറിയിട്ടുണ്ട് (2). ഇത്തരമൊരു പശ്ചാത്തലത്തിലാണ് എല്ലാത്തിന്റെയും കേന്ദ്രമായി വിശുദ്ധ ഗ്രന്ഥം വിശേഷിപ്പിക്കുന്ന ഹൃദയത്തിന്റെ പ്രാധാന്യത്തെപ്പറ്റി പാപ്പാ എഴുതുന്നത്. ബാഹ്യമായി മറ്റുള്ളവർ കാണുന്നവയാകണമെന്നില്ല യഥാർത്ഥത്തിൽ ഹൃദയത്തിൽ മനുഷ്യർ ഒളിപ്പിച്ചുവച്ചിരിക്കുന്നത് (4). എന്നാൽ, പുറമെ കാണിക്കുന്നവയെന്തായാലും, ഉള്ളിൽ ഒളിപ്പിച്ചവ എന്തായാലും, നാം നാമായിരിക്കുന്ന ഇടം ഹൃദയമാണ് (6). അവിടെ അഭിനയമില്ല, കള്ളത്തരങ്ങളില്ല. അതുകൊണ്ടുതന്നെ നമ്മുടെ യഥാർത്ഥ ആഗ്രഹങ്ങളും, സ്വപ്നങ്ങളും, നമ്മുടെ അസ്തിത്വവുമൊക്കെ അവിടെ നമുക്ക് കണ്ടെത്താനാകും. ദൈവത്തിന് മുൻപിൽ ഞാനാരാണ് എന്ന ചോദ്യമുയരുന്നതും അവിടെയാണ് (8).
ഗ്രീക്ക് തത്വചിന്തയിലും, ക്രൈസ്തവേതര യുക്തിവാദത്തിലും, ആദർശവാദങ്ങളിലും, ഭൗതികവാദത്തിലുമൊക്കെ ഹൃദയത്തിനും അതിന്റെ വികാര, വിചാരങ്ങൾക്കും ഏറെ പ്രാധാന്യം ഉണ്ടായിരുന്നില്ല. തത്വചിന്തകർക്ക് മുന്നിൽ, കാര്യകാരണങ്ങൾക്കും, ഇശ്ചാശക്തിക്കും, സ്വാതന്ത്ര്യത്തിനുമൊക്കെയാണ് പ്രാധാന്യം ഉണ്ടായിരുന്നത്. എന്നാൽ എന്നെ ഞാനാക്കുന്ന, എന്റെ ആധ്യാത്മികതയ്ക്കും സ്നേഹബന്ധങ്ങൾക്കും പിന്നിൽ നിൽക്കുന്ന, മറ്റുള്ളവരുമായി എന്നെ ബന്ധിപ്പിക്കുന്ന, ഹൃദയത്തിന് പ്രാധാന്യം കൊടുക്കണമെന്ന് (10) ദിലേക്‌സിത് നോസെന്ന ചാക്രികലേഖനം ഉദ്ബോധിപ്പിക്കുന്നു. ഭിന്നതയുളവാക്കുന്ന സ്വാർത്ഥതയെ അതിജീവിക്കണമെങ്കിൽ ബന്ധങ്ങൾ ഹൃദയം കൊണ്ടുള്ളതാകണം (10). വിശുദ്ധ ഇഗ്‌നേഷ്യസ് ലയോളയുടെയും, വിശുദ്ധ ജോൺ ഹെൻറി ന്യൂമാന്റെയും ഒക്കെ ചിന്തകളിൽ നാം വായിക്കുന്നതും, ഹൃദയത്തിൽ അറിയുകയും, സ്നേഹിക്കുകയും ചെയ്യുന്ന ദൈവമനുഷ്യബന്ധത്തെക്കുറിച്ചുള്ള ഒരു ആധ്യാത്മികതയാണ്.
ക്രിസ്തുവിന്റെ സ്നേഹത്തിന്റെ പ്രവൃത്തികളും വാക്കുകളും
നമുക്ക് സമീപസ്ഥനായ, നമ്മോട് കരുണയോടെ ഇടപെടുന്ന, ആർദ്രതയുള്ള ഒരു ദൈവത്തെക്കുറിച്ചുള്ള ചിന്തകളാണ് ക്രിസ്തുവിന്റെ സ്നേഹത്തിന്റെ പ്രവൃത്തികളും വാക്കുകളും നമ്മിൽ ഉളവാക്കുന്നതെന്ന് രണ്ടാം അദ്ധ്യായത്തിൽ പാപ്പാ നമ്മെ ഓർമ്മിപ്പിക്കുന്നു (35). അവൻ നമ്മെ സ്നേഹിതരായാണ് കണക്കാക്കുന്നത്. സമരിയക്കാരി സ്ത്രീ, നിക്കൊദേമൂസ്, വ്യഭിചാരത്തിൽ പിടിക്കപ്പെട്ട സ്ത്രീ, അന്ധനായ മനുഷ്യൻ തുടങ്ങിയവരും യേശുവുമായുള്ള കണ്ടുമുട്ടലുകൾ ഇതാണ് നമ്മുടെ മുന്നിൽ കാണിച്ചുതരുന്നത്. ഹൃദയത്തിലേക്ക് ആഴ്ന്നിറങ്ങുന്ന അവന്റെ നോട്ടം (39), വ്യക്തികളെക്കുറിച്ചും, അതിലുപരി അവരുടെ പ്രശ്നങ്ങളെക്കുറിച്ചും ആവശ്യങ്ങളെക്കുറിച്ചും യേശു എത്രമാത്രം ശ്രദ്ധാലുവായിരുന്നുവെന്ന് വ്യക്തമാക്കുന്നു (40). സാധാരണക്കാർ ശതാധിപനെപ്പോലെയുള്ള മനുഷ്യരിൽ നന്മകൾ കാണാതിരിക്കുമ്പോഴും, യേശു അവരിലെ നന്മകൾ കാണുകയും അംഗീകരിക്കുകയും ചെയ്യുന്നുണ്ട് (41).
താൻ സ്നേഹിച്ചിരുന്ന ലാസറിന്റെ മരണത്തിൽ ദുഃഖിക്കുന്ന യേശുവിനെ നാം കാണുന്നുണ്ട്. താൻ സ്നേഹിച്ചിരുന്നവൻ മൂലം സഹിക്കേണ്ടിവരുന്ന കുരിശിലെ മരണത്തെക്കുറിച്ചുള്ള ചിന്തകൾ ഉള്ളിലുണർത്തുന്ന വേദനയിൽ ഗത്സമേൻ തോട്ടത്തിൽ അവൻ കരയുന്നത് നാം കാണുന്നുണ്ട്, ക്രൂശിതൻ എന്നതിലാണ് അവന്റെ സ്നേഹത്തിന്റെ പാരമ്യം നാം കാണുന്നത് (45, 46).
ഏറെ സ്നേഹിച്ച ക്രിസ്തുവിന്റെ ഹൃദയം
ചാക്രികലേഖനത്തിന്റെ മൂന്നാമത്തെ അധ്യായത്തിൽ സഭയുടെ ചരിത്രത്തിൽ, യേശുവിന്റെ തിരുഹൃദയത്തെക്കുറിച്ച് ഉണ്ടായ ചില ചിന്തകളാണ് പാപ്പാ പങ്കുവയ്ക്കുന്നത്. പന്ത്രണ്ടാം പിയൂസ് പാപ്പാ തിരുഹൃദയവണക്കത്തെക്കുറിച്ച് "ഔറിയെത്തിസ് ആക്വാസ്" എന്ന പേരിൽ പുറത്തിറക്കിയ ചാക്രികലേഖനത്തെക്കുറിച്ച് പാപ്പാ പ്രതിപാദിക്കുന്നുണ്ട്. യേശുവിന്റെ തിരുഹൃദയത്തോടുള്ള വണക്കം എന്നത്, ഹൃദയം എന്ന ഒരു ശരീരഭാഗത്തോടുള്ള പ്രത്യേക ആരാധനയോ ഭക്തിയോ അല്ല, അത് യേശുവിനോടുള്ള വണക്കമാണ് (46). മനുഷ്യനായി അവതരിച്ച ദൈവപുത്രനെയാണ് തിരുഹൃദയവണക്കത്തിലൂടെ നാം ആരാധിക്കുന്നത്.
മനുഷ്യഹൃദയമെന്നത് മാംസനിബിഢമായ ഒരു ശരീരഭാഗമാണ്. അതുകൊണ്ടുതന്നെ യേശുവിന്റെ ഹൃദയത്തെക്കുറിച്ച് നാം ചിന്തിക്കുമ്പോൾ, ദൈവികമായ സ്നേഹവും കരുണയും നിറഞ്ഞ ഒരിടം എന്നതിനൊപ്പം, മാനുഷികമായ സ്നേഹത്തിന്റെ ഒരിടം എന്ന ഒരർത്ഥം കൂടി നാം അതിന് നൽകേണ്ടതുണ്ട് (61). ബെനഡിക്ട് പതിനാറാമൻ പാപ്പാ യേശുവിന്റെ സ്നേഹത്തെക്കുറിച്ച് പറയുമ്പോൾ മൂന്ന് വശങ്ങളുള്ള ഒരു സ്നേഹത്തെക്കുറിച്ചാണ് പറയുകയെന്ന് ഫ്രാൻസിസ് പാപ്പാ ഓർമ്മിപ്പിക്കുന്നുണ്ട്. അവന്റെ ഹൃദയത്തിന്റെ വൈകാരികമായ സ്നേഹം, അവന്റെ ആധ്യാത്മികസ്നേഹത്തിന്റെ മാനുഷിക, ദൈവിക ഭാവങ്ങൾ എന്നിവയാണവ. പരിമിതികൾ നിറഞ്ഞ ഒരിടത്ത് അപരിമിതമായ ഒരു സ്നേഹം നാം കണ്ടെത്തുന്നു (67).
മാനുഷിക, ദൈവിക സ്നേഹങ്ങൾ ഒരുമിച്ചു ചേരുന്ന ഇടമെന്ന രീതിയിൽ ക്രിസ്തുവിന്റെ ഹൃദയം വിശ്വാസികളുടെ വണക്കത്തിന് പ്രത്യേകം യോഗ്യമാണ്. ഈയൊരു ചിന്തയ്ക്ക് ആഴം കൂട്ടുന്ന ഒരു പ്രസ്താവന ഫ്രാൻസിസ് പാപ്പാ നടത്തുന്നുണ്ട്. യേശുവിന്റെ ഹൃദയം മുഴുവൻ സുവിശേഷത്തിന്റെയും ഒരു സംക്ഷിപ്തരൂപമാണ് (83). വിശ്വാസജീവിതത്തിൽ ഏറെ സഹായമാകുമ്പോഴും, തിരുഹൃദയവണക്കം എന്നത് ദൈവവചനം പോലെ കരുതപ്പെടേണ്ട ഒന്നാണെന്ന് നാം ചിന്തിക്കണമെന്ന് പാപ്പാ ആവശ്യപ്പെടുന്നില്ല. എന്നാൽ അതേസമയം, ശരീരവിമുക്തമായ ആധ്യാത്മികതയും, ബാഹ്യമായ പ്രവൃത്തികളിൽ അമിതപ്രാധാന്യം കണ്ടെത്തുന്ന ചില അജപാലകരും, സുവിശേഷവുമായി ബന്ധമില്ലാത്ത ഘടനാനവീകരണങ്ങളുമൊക്കെയുള്ള ഒരു ലോകത്ത്, മനുഷ്യനായിപ്പിറന്ന സുവിശേഷത്തിലേക്ക്, യേശുവിന്റെ തിരുഹൃദയത്തിലേക്ക് മനസ്സും ചിന്തയും കേന്ദ്രീകരിക്കുന്നത് ഏറെ പ്രധാനപ്പെട്ടതാണെന്ന് പാപ്പാ ഓർമ്മിപ്പിക്കുന്നുണ്ട് (88).
സ്വയം പാനീയമായി നൽകുന്ന സ്നേഹം
ദൈവസ്നേഹത്തിനായുള്ള മനുഷ്യരുടെ ദാഹം തീർക്കുന്ന, അവരെ കഴുകി വിശുദ്ധരാക്കുന്ന ഉറവയായാണ് യേശുവിന്റെ ഹൃദയത്തെ പാപ്പാ, ഈ ചാക്രികലേഖനത്തിന്റെ നാലാം അദ്ധ്യായത്തിൽ പഴയ, പുതിയ നിയമങ്ങളുടെയും സഭാചരിത്രത്തിന്റെയും അടിസ്ഥാനത്തിൽ അവതരിപ്പിക്കുന്നത്. പഴയനിയമത്തിലെ സക്കറിയയുടെ പുസ്തകത്തിൽ ദൈവസ്നേഹത്തിനായുള്ള ജനത്തിന്റെ ആഗ്രഹം ശമിപ്പിക്കുന്ന, അവരെ ശുദ്ധരാക്കുന്ന ഒരു ഉറവയായാണ് ദൈവം തന്നെത്തന്നെ അവതരിപ്പിക്കുന്നത് (95). ദൈവത്തിനായുള്ള നമ്മുടെ ഹൃദയത്തിന്റെ ദാഹം ശമിപ്പിക്കുന്ന ആത്മാവിന്റെ ജലത്തിന്റെ ഉറവയായാണ് യേശുവിന്റെ മുറിവേറ്റ തിരുഹൃദയത്തെക്കുറിച്ച് ക്രൈസ്തവസഭാപിതാക്കന്മാർ പഠിപ്പിക്കുന്നത്.
ദൈവവുമായുള്ള കണ്ടുമുട്ടലിന്റെ ഇടമയാണ് തിരുഹൃദയവണക്കത്തെ വിശുദ്ധ അഗസ്റ്റിൻ കാണുന്നത് (103). ക്രിസ്തുവിന്റെ തിരുമുറിവിനെ അവന്റെ ഹൃദയവുമായി ബന്ധപ്പെടുത്തിയാണ് പലപ്പോഴും ചിത്രീകരിച്ചുവന്നത് (109). ജീവന്റെയും ആന്തരികസമാധാനത്തിന്റെയും ഇടമായ യേശുവിന്റെ ഹൃദയത്തോട് ചേർന്നിരിക്കുന്ന അനുഭവത്തെക്കുറിച്ച് പല വിശുദ്ധരും പറയുന്നുണ്ട് (110). ഇവരിൽ ഒരാൾ ഫ്രാൻസിസ് ദേ സാലസ് പുണ്യവാനാണ് (118).
തിരുഹൃദയവണക്കവുമായി ബന്ധപ്പെട്ട പേരുകളിൽ പ്രധാനപ്പെട്ട ചിലത് വിശുദ്ധ മാർഗരറ്റ് മേരി അലക്കോക്ക്, ലിസ്യുവിലെ വിശുദ്ധ ത്രേസ്യ, വിശുദ്ധ ഇഗ്‌നേഷ്യസ് ലയോള, വിശുദ്ധ ഫൗസ്തീന കൊവാൾസ്‌ക തുടങ്ങിയവരുടേതാണ്. 1673 ഡിസംബറിനും 1675 ജൂണിനും ഇടയിലായി, പരായ് ല് മൊണിയാൽ എന്നയിടത്തുവച്ച് വിശുദ്ധ മാർഗരറ്റ് മേരി ആലക്കോക്കിന് യേശുവിന്റെ ദർശനങ്ങൾ ലഭിച്ചിട്ടുണ്ട്. "മനുഷ്യരോടുള്ള തന്റെ സ്നേഹം വെളിവാക്കുവാനായി, തന്നെത്തന്നെ ശൂന്യമാക്കുകയും വ്യയം ചെയ്യുകയും, ഒന്നും സ്വന്തമായി മാറ്റിവയ്ക്കാതിരിക്കുകയും ചെയ്‌ത ഹൃദയം" എന്നാണ് യേശുവിന്റെ തിരുഹൃദയത്തെക്കുറിച്ച് വിശുദ്ധ ഫൗസ്തീന പറയുക (121). തന്റെ ഹൃദയത്തോട് ചേർന്ന് മിടിക്കുന്ന യേശുവിന്റെ ഹൃദയത്തെക്കുറിച്ചാണ് ലിസ്യുവിലെ വിശുദ്ധ ത്രേസ്യ പറയുക (134).
ഈശോസഭയുടെ ചരിത്രത്തിൽ തിരുഹൃദയവണക്കവുമായി ബന്ധപ്പെട്ടുണ്ടായിട്ടുള്ള ചില കാര്യങ്ങളും ഫ്രാൻസിസ് പാപ്പാ തന്റെ ചാക്രികലേഖനത്തിൽ പരാമർശിക്കുന്നുണ്ട്. ഇതിൽ പ്രധാനപ്പെട്ട ഒന്ന്, ധ്യാനങ്ങളുമായി ബന്ധപ്പെട്ട് പഠിപ്പിക്കുന്ന അവസരത്തിൽ, ഹൃദയങ്ങൾ തമ്മിലുള്ള സംഭാഷണം വഴി യേശുവിന്റെ ഹൃദയത്തിലേക്ക് പ്രവേശിക്കുന്നതിനെപ്പറ്റി വിശുദ്ധ ഇഗ്‌നേഷ്യസ് ലയോള പറയുന്നതിനെക്കുറിച്ചാണ്. ഈശോസഭയെ 1871 സെപ്റ്റംബറിൽ ഫാ. പിറ്റെർ യാൻ ബെക്‌സും, 1972-ൽ ഫാ. പേദ്രോ അറുപ്പേയും യേശുവിന്റെ തിരുഹൃദയത്തിന് സമർപ്പിക്കുന്നതിനെക്കുറിച്ചും പാപ്പാ എഴുതുന്നുണ്ട് (146).
ഉത്ഥിതനായ ക്രിസ്തുവിന്റെ മഹത്വപൂർണ്ണമായ ജീവിതത്തെക്കുറിച്ചും, ദൈവിക കാരുണ്യത്തെക്കുറിച്ചുമാണ് വിശുദ്ധ ഫൗസ്തീന കൊവാൾസ്‌ക പറയുക. വിശുദ്ധ ജോൺ പോൾ രണ്ടാമൻ പാപ്പായുടെ വിചിന്തനങ്ങളിലും തിരുഹൃദയഭക്തിയും ദൈവിക കാരുണ്യവുമൊക്കെ കടന്നുവരുന്നുണ്ട് (149). മുറിവേൽപ്പിക്കപ്പെട്ട യേശുവിന്റെ പാർശ്വത്തിൽനിന്നൊഴുകുന്ന അനന്തമായ സ്നേഹത്തെക്കുറിച്ച് ചിന്തിക്കുന്ന നാം സ്നേഹം മൂലം കർത്താവ് കടന്നുപോകുന്ന സഹനങ്ങളെക്കുറിച്ച് കൂടി ചിന്തിക്കേണ്ടതുണ്ടെന്ന് ചാക്രികലേഖനം നമ്മെ ഓർമ്മിപ്പിക്കുന്നു (151). ദൈവത്തിൽനിന്ന് ആശ്വാസം നേടുന്നത്, കഷ്ടതയിലൂടെ കടന്നുപോകുന്നവർക്ക് സാന്ത്വനമാകാനുള്ള നമ്മുടെ കടമയെക്കുറിച്ച് കൂടി നമ്മെ ബോധവാന്മാരാക്കണം (162).
സ്നേഹത്തിനായുള്ള സ്നേഹം
ചാക്രികലേഖനത്തിന്റെ അഞ്ചാം അദ്ധ്യായത്തിൽ, തിരുഹൃദയവണക്കവും ദൈവസ്നേഹവുമായി ബന്ധപ്പെട്ട സാമൂഹികതലമാണ് പാപ്പാ വിശകലനം ചെയ്യുന്നത്. യേശുവിന്റെ തിരുഹൃദയത്തോടുള്ള യഥാർത്ഥ വണക്കം നമ്മെ പിതാവിന്റെ സ്നേഹത്തിലേക്ക് നയിക്കുന്നതിനൊപ്പം, നമ്മുടെ സഹോദരീസഹോദരന്മാരിലേക്കുകൂടി നയിക്കണമെന്ന് പാപ്പാ ഉദ്ബോധിപ്പിക്കുന്നു (163). നമുക്കായി അവൻ നൽകുന്ന സ്നേഹത്തെപ്രതി നമുക്ക് ചെയ്യാവുന്ന ഏറ്റവും ഉന്നതമായ പ്രവൃത്തികളിൽ ഒന്ന്, നമ്മുടെ സഹോദരീസഹോദരന്മാരോടുള്ള സ്നേഹമാണ് (166). ഈയൊരു സ്നേഹമാതൃകയായി വിശുദ്ധ ചാൾസ് ദ് ഫുക്കോയുടെ ഉദാഹരണം പാപ്പാ മുന്നോട്ടുവയ്ക്കുന്നുണ്ട്. സഹനമനുഭവിക്കുന്ന മാനവികതയ്ക്ക് മുഴുവൻ അഭയമേകാനാണ് അദ്ദേഹം പരിശ്രമിച്ചത് (179). വൈരാഗ്യത്തിന്റെയും അക്രമത്തിന്റെയും അവശിഷ്ടങ്ങളുടെമേൽ സ്നേഹത്തിന്റെ സംസ്കാരം, യേശുവിന്റെ തിരുഹൃദയത്തിന്റെ രാജ്യം പണിയപ്പെടാൻവേണ്ടി നമ്മെത്തന്നെ "പരിഹാരമായി" ക്രിസ്തുവിന്റെ ഹൃദയത്തിന് സമർപ്പിക്കുന്നതിനെക്കുറിച്ചും (182), സഭയുടെ മിഷനറി ദൗത്യത്തെക്കുറിച്ചും വിശുദ്ധ ജോൺ പോൾ രണ്ടാമൻ പാപ്പാ ഉദ്ബോധിപ്പിക്കുന്നത് ഈ ചാക്രികലേഖനത്തിൽ പാപ്പാ പരാമർശിക്കുന്നുണ്ട്. ഒരുപാടു കാര്യങ്ങൾ ചെയ്യുന്നതിനിടെ, ലോകത്തിന് ക്രിസ്തുവിന്റെ സ്നേഹത്തെ അനുഭവിച്ചറിയാൻ വേണ്ടി പ്രവർത്തിക്കാൻ ക്രൈസ്തവർക്കുള്ള ഉത്തരവാദിത്വം മറന്നുപോകരുതെന്നതിനെക്കുറിച്ച് പോൾ ആറാമൻ പാപ്പാ പറഞ്ഞതും ഫ്രാൻസിസ് പാപ്പാ ഓർമ്മിപ്പിക്കുന്നുണ്ട് (206, 209).
അളവുകളും പരിധികളുമില്ലാതെ നമ്മെ സ്നേഹിച്ച, നമ്മുടെ രക്ഷയ്ക്കായി അവസാനതുള്ളി രക്തം വരെയും ചിന്തിയ ക്രിസ്തുവിന്റെ സ്നേഹം തിരിച്ചറിഞ്ഞ് ജീവിക്കാം. നമ്മുടെ ഹൃദയമുറിവുകളെ അവന്റെ തിരുവിലാവിൽനിന്നൊഴുകുന്ന ജീവജലത്താൽ സൗഖ്യമാക്കാം. നമ്മുടെ കഴിവുകളോ, ബുദ്ധിശക്തിയോ, വിശ്വസ്തതയോ നോക്കാതെ, നാം സ്നേഹിക്കുന്നതിന് മുൻപേ, നാം സ്നേഹിക്കുന്നതിലധികമായി, നമ്മെ സ്നേഹിച്ച ദൈവപുത്രന്റെ സ്നേഹം പ്രാർത്ഥനയിലൂടെയും മനനത്തിലൂടെയും, ദൈവവുമായുള്ള സ്നേഹസംഭാഷണത്തിലൂടെയും, ഹൃദയത്തിൽ അനുഭവിക്കാൻ പരിശ്രമിക്കാം. നമുക്കായി അവനേറ്റ സഹനങ്ങളും പീഡനങ്ങളും അനുസ്മരിക്കാം. നമ്മുടെ ഹൃദയത്തിലും ജീവിതത്തിലും ചൊരിയപ്പെടുന്ന അവന്റെ ദിവ്യസ്നേഹവും കരുണയും നമ്മുടെ സഹോദരങ്ങളോടുള്ള സ്നേഹത്തിലും കരുണയിലും ശുശ്രൂഷയിലും ജീവിക്കാം. "ദിലേക്‌സിത് നോസ്" - അവൻ നമ്മെ സ്നേഹിക്കുന്നു.
What's Your Reaction?