ദൈവാന്വേഷണം എല്ലാവരിലുമുണ്ട്: ഫ്രാൻസിസ് പാപ്പാ
വത്തിക്കാനിലെ അനുരഞ്ജന ശുശ്രൂഷയിൽ ഏർപ്പെട്ടിരിക്കുന്ന കുമ്പസാര മന്ത്രാലയത്തിലെ സന്ന്യാസികളുമായി ഫ്രാൻസിസ് പാപ്പാ ഒക്ടോബർ ഇരുപത്തിനാലാം തീയതി കൂടിക്കാഴ്ച നടത്തി.
ദിനവും വത്തിക്കാനിലെത്തുന്ന നാൽപ്പത്തിനായിരത്തിലധികം വരുന്ന സന്ദർശകർക്ക്, ആത്മീയ ശാന്തി നൽകുവാൻ, അനുരഞ്ജന ശുശ്രൂഷ ചെയ്യുന്ന ഫ്രാൻസിസ്കൻ സന്ന്യാസിമാർക്ക് നന്ദി പറഞ്ഞുകൊണ്ട്, ഫ്രാൻസിസ് പാപ്പാ ഒക്ടോബർ ഇരുപത്തിനാലാം തീയതി അവരുമായി കൂടിക്കാഴ്ച നടത്തി, സന്ദേശം നൽകി. 1774 ൽ ആദ്യമായി ക്ലെമെന്റ് പതിനാലാമനാണ് കുമ്പസാരത്തിന്റെ കൂദാശ പരികർമ്മം ചെയ്യുവാൻ സന്യാസിമാരെ ഏൽപ്പിച്ചത്.
വളരെയധികം യാതനകൾ സഹിച്ച്, വിശുദ്ധ പത്രോസിന്റെ ബസിലിക്കയിലെത്തുന്ന ആളുകളിൽ തീർത്ഥാടകരും, വിനോദ സഞ്ചാരികളും ഉൾപ്പെടുന്നുവെങ്കിലും,അവരിൽ ഏറെപ്പേർ വിശുദ്ധ പത്രോസിന്റെ കബറിടത്തിങ്കൽ പോയി പ്രാർത്ഥിക്കുന്നത്, അവരുടെ വിശ്വാസത്തിന്റെയും, സഭയോടുള്ള ഐക്യത്തിന്റെയും പ്രതിഫലനമാണെന്നു പാപ്പാ പറഞ്ഞു. കലയുടെ സൗന്ദര്യം, ചരിത്രം, മനോഹാരിത എന്നിവയിൽ ആകൃഷ്ടരായി വ്യത്യസ്ത വിശ്വാസങ്ങളിൽ നിന്നുള്ളവർ പോലും, വിനോദസഞ്ചാരികളായി ദേവാലയത്തിൽ പ്രവേശിക്കുന്നുണ്ടെങ്കിലും, അവരിൽ കുടികൊള്ളുന്ന ദൈവാന്വേഷണം വളരെ പ്രാധാന്യമർഹിക്കുന്നുവെന്നും പാപ്പാ കൂട്ടിച്ചേർത്തു. ഈ സന്ദർഭത്തിൽ, അനുരഞ്ജന കൂദാശയിലൂടെ കരുണയുടെ കർത്താവിനെ കണ്ടുമുട്ടുവാൻ, പരികർമ്മം ചെയ്യുന്നവരുടെ സാന്നിധ്യം ഏറെ പ്രധാനപ്പെട്ടതാണെന്നും പാപ്പാ പറഞ്ഞു. "പ്രിയ സുഹൃത്തുക്കളെ, എല്ലാം, എല്ലാം, എല്ലാം ക്ഷമിക്കുക. എപ്പോഴും ക്ഷമിക്കുക", പാപ്പാ ഇപ്രകാരമാണ് പറഞ്ഞത്.
തുടർന്ന്, ഈ ശുശ്രൂഷയിൽ വേണ്ടുന്ന മൂന്നു കാര്യങ്ങൾ പാപ്പാ എടുത്തു പറഞ്ഞു. വിനയം: ഓരോ കുമ്പസാരക്കാരനും കൃപയുടെ നിധി ഒരു മണ്പാത്രത്തിൽ വഹിക്കുന്ന ഒരു വ്യക്തിയാണ്. ഈ അസാധാരണ ശക്തി ദൈവത്തിന്റേതാണെന്നും. നമ്മിൽ നിന്നും ഉള്ളതല്ല എന്ന തിരിച്ചറിവ് നമുക്കുണ്ടാകണമെന്നും പാപ്പാ പറഞ്ഞു. പശ്ചാത്താപത്തോടെ ക്ഷമ തേടുന്ന വ്യക്തിയാണ് ഏറ്റവും നല്ല കുമ്പസാരക്കാരനെന്നും പാപ്പാ കൂട്ടിച്ചേർത്തു.
രണ്ടാമത്തെ കാര്യം മറ്റുള്ളവരെ ശ്രവിക്കുവാനുള്ള മനസ്സാണ്. പശ്ചാത്തപിക്കുന്ന പാപിയുടെ വാക്കുകൾ സ്വന്തം പരിവർത്തനത്തിനുള്ള ദൈവത്തിൽ നിന്നുള്ള സമ്മാനമായി സ്വീകരിക്കണമെന്നും, യഥാർഥമായി ശ്രദ്ധിക്കുന്നതിലൂടെ, ദരിദ്രനും താഴ് മയുള്ളവനുമായ യേശുവിനെത്തന്നെയാണ് നാം ശ്രദ്ധിക്കുന്നതെന്നും പാപ്പാ പറഞ്ഞു.
ദൈവത്തിന് റെ പാപമോചനം വിതരണം ചെയ്യുന്നവർ എന്ന നിലയിൽ , "കരുണയുള്ള മനുഷ്യർ" ആയിരിക്കേണ്ടത് പ്രധാനമാണെന്ന് പറഞ്ഞുകൊണ്ട്, ദയ എന്ന മൂന്നാമത്തെ പുണ്യവും പാപ്പാ എടുത്തു പറഞ്ഞു. സാമീപ്യം, കരുണ, അനുകമ്പ എന്നിവയാൽ സമ്പുഷ്ടമായ ദൈവത്തിന്റെ കരുണയുടെ തൈലം, വരുന്നവരുടെ മുറിവുകളിൽ ഒഴിക്കുവാനുള്ള കടമയാണ് ഓരോ കുമ്പസാരക്കാരനിലും നിക്ഷിപ്തമായിരിക്കുന്നതെന്നും പാപ്പാ അടിവരയിട്ടു പറഞ്ഞു.
What's Your Reaction?