ക്രിസ്‌തുവിന്റെയും വിശുദ്ധരുടെയും മാതൃകയിൽ ശുശ്രൂഷയ്ക്കും സാക്ഷ്യത്തിനും ക്രൈസ്തവർക്ക് ആഹ്വാനമേകി ഫ്രാൻസിസ് പാപ്പാ
ഒക്ടോബർ ഇരുപത് ഞായറാഴ്‌ച വത്തിക്കാനിലെ വിശുദ്ധ പത്രോസിന്റെ ചത്വരത്തിൽ വച്ച് പതിനൊന്ന് രക്തസാക്ഷികൾ ഉൾപ്പെടെ പതിനാല് പേരെ വിശുദ്ധരായി പ്രഖ്യാപിക്കുന്നതുമായി
പതിനായിരക്കണക്കിന് വിശ്വാസികളുടെ സാന്നിദ്ധ്യത്തിൽ വിശുദ്ധ പത്രോസിന്റെ ചത്വരത്തിൽ നടന്ന വിശുദ്ധബലിമദ്ധ്യേ, 1860-ൽ ക്രൈസ്തവവിശ്വാസത്തിന്റെ പേരിൽ കൊല്ലപ്പെട്ട, മനുവേൽ റൂയിസ് ലോപ്പസും മറ്റ് ഏഴ് സന്ന്യസ്തരും ഉൾപ്പെടെ എട്ട് ഫ്രാൻസിസ്കൻ സമർപ്പിതരും, മാറോണീത്താ സഭാംഗങ്ങളായ, ഫ്രാൻസിസ്, മൂത്തി, റഫായേൽ മസ്സാബ്കി എന്നീ മൂന്ന് അല്മായരുമുൾപ്പെടുന്ന ഡമാസ്കസ് രക്തസാക്ഷികൾ എന്ന പേരിൽ അറിയപ്പെടുന്ന പതിനൊന്ന് രക്തസാക്ഷികളും, ജ്യുസേപ്പേ അല്ലമാനോ എന്ന വൈദികനും, എലേന ഗ്വേര, മരീ-ലെയൊണീ പാരാദീസ് എന്നീ സന്ന്യസ്തകളും ഉൾപ്പെടെ പതിനാല് പേരാണ് വിശുദ്ധരായി പ്രഖ്യാപിക്കപ്പെട്ടത്.
വിശുദ്ധബലിമധ്യേ വായിക്കപ്പെട്ട, മഹത്വത്തിൽ ക്രിസ്തുവിന്റെ ഇരുവശങ്ങളിലും ഇരിക്കാൻ അനുവദിക്കണമെന്ന, സെബദീപുത്രന്മാരുടെ അഭ്യർത്ഥനയെക്കുറിച്ചുള്ള വിവരണം ഉൾക്കൊള്ളുന്ന, വിശുദ്ധ മർക്കോസിന്റെ സുവിശേഷം പത്താം അദ്ധ്യായം മുപ്പത്തിയഞ്ചുമുതൽ നാൽപ്പത്തിയഞ്ചുവരെയുള്ള തിരുവചനങ്ങളെ ആധാരമാക്കിയാണ് പാപ്പാ ഇറ്റാലിയൻ ഭാഷയിൽ സുവിശേഷപ്രഭാഷണം നടത്തിയത്.
യാക്കോബിനോടും യോഹന്നാനോടും യേശു ചോദിക്കുന്നു, "നിങ്ങൾക്കുവേണ്ടി ഞാൻ എന്ത് ചെയ്യണമെന്നാണ് നിങ്ങൾ ആഗ്രഹിക്കുന്നത്?" (മർക്കോസ് 10, 36). അതിനുശേഷം അവൻ അവരോട് ചോദിക്കുന്നു: "ഞാൻ കുടിക്കുന്ന പാനപാത്രം കുടിക്കാനോ, ഞാൻ സ്വീകരിക്കുന്ന സ്‌നാനം സ്വീകരിക്കാനോ നിങ്ങൾക്ക് കഴിയുമോ?" (മർക്കോസ് 10, 38). യേശു ചോദ്യങ്ങൾ ചോദിക്കുകയും, അതുവഴി, കാര്യങ്ങൾ വിവേചിച്ചറിയാൻ നമ്മെ സഹായിക്കുകയും ചെയ്യുന്നു, കാരണം ചോദ്യങ്ങൾ, നമ്മുടെ ഉള്ളിലുള്ളതെന്തെന്ന് മനസ്സിലാക്കാൻ നമ്മെ സഹായിക്കുന്നു, ചിലപ്പോൾ നാം അറിയാതെ,നമ്മുടെ ഉള്ളിൽ കൊണ്ടുനടക്കുന്നവയുടെമേൽ വെളിച്ചം വീശുന്നു.
ദൈവവചനത്താൽ പരിശോധിക്കപ്പെടാൻ നമ്മെത്തന്നെ വിട്ടുകൊടുക്കാം. "നിങ്ങൾക്കുവേണ്ടി ഞാൻ എന്ത് ചെയ്യണമെന്നാണ് നിങ്ങൾ ആഗ്രഹിക്കുന്നത്?" എന്നും, രണ്ടാമത്തെ ചോദ്യമായ, "ഞാൻ കുടിക്കുന്ന പാനപാത്രം കുടിക്കാൻ നിനക്ക് കഴിയുമോ?" എന്നും അവൻ നാമോരോരുത്തരോടും ചോദിക്കുന്നതായി കരുതുക.
എല്ലാ ബന്ധങ്ങളിലുമുള്ള നന്മതിന്മകൾ പോലെ, ഈ ചോദ്യങ്ങൾ വഴി, ശിഷ്യർക്ക് തന്നോടുള്ള ബന്ധവും, തന്നിൽനിന്ന് എന്താണ് അവർ പ്രതീക്ഷിക്കുന്നത് എന്നതും അവൻ പുറത്തുകൊണ്ടുവരുന്നു. യാക്കോബിനും, യോഹന്നാനും യേശുവിനോട് ബന്ധമുണ്ടെങ്കിലും, അവർക്ക് അവരുടേതായ താൽപ്പര്യങ്ങളുമുണ്ട്. അവർ അവനോട് അടുത്തിരിക്കാനുളള തങ്ങളുടെ ആഗ്രഹം പ്രകടിപ്പിക്കുന്നു, പക്ഷെ ഇത്, മാന്യമായ ഇടം ലഭിക്കാൻ വേണ്ടിയാണ്, പ്രധാനപ്പെട്ട ഒരു സ്ഥാനം വഹിക്കാൻ, അവന്റെ മഹത്വത്തിൽ അവന്റെ ഇടതും വലതും ഇരിക്കാൻ വേണ്ടിയാണ് (മർക്കോസ് 10, 37). യേശുവിനെക്കുറിച്ച് മിശിഹാ, വിജയശ്രീലാളിതനും മഹത്വമുള്ളവനുമായ മിശിഹാ ആയാണ് അവർ കരുതുന്നത്. അവൻ തന്റെ മഹത്വം തങ്ങളോടൊത്ത് പങ്കുവയ്ക്കുമെന്ന് അവർ പ്രതീക്ഷിക്കുന്നു. അവർ യേശുവിൽ മിശിഹായെ ദർശിക്കുന്നു, എന്നാൽ അവർ അവനെക്കുറിച്ച് അധികാരത്തിന്റെ യുക്തിയനുസരിച്ചാണ് ചിന്തിക്കുന്നത്.
യേശു ശിഷ്യന്മാരുടെ വാക്കുകൾ കേട്ട് തൃപ്തിയടയാതെ, ആഴത്തിൽ അവരിലേക്കിറങ്ങി, അവർ ഓരോരുത്തരുടെയും, നമ്മുടെയും ഹൃദയാഭിലാഷത്തെ ശ്രവിക്കുകയും വായിച്ചറിയുകയും ചെയ്യുന്നു. ഒപ്പം സംവാദത്തിലൂടെ, രണ്ടു ചോദ്യങ്ങളിലൂടെ, അവരുടെ അഭ്യർത്ഥനയുടെ ഉള്ളിലുള്ള ആഗ്രഹത്തെ പുറത്തുകൊണ്ടുവരുവാൻ ശ്രമിക്കുന്നു.
ആദ്യമേതന്നെ അവൻ ചോദിക്കുന്നു, "നിങ്ങൾക്കുവേണ്ടി ഞാൻ എന്ത് ചെയ്യണമെന്നാണ് നിങ്ങൾ ആഗ്രഹിക്കുന്നത്?" ഈ ചോദ്യം അവരുടെ ഹൃദയത്തിന്റെ ചിന്തകളെ വെളിപ്പെടുത്തുന്നു; അവരിലെ ഒളിപ്പിച്ചുവച്ചിരിക്കുന്ന ആഗ്രഹങ്ങളെയും, ശിഷ്യന്മാർ രഹസ്യമായി വളർത്തിക്കൊണ്ടുവരുന്ന മഹത്വത്തിനുവേണ്ടിയുള്ള സ്വപ്നങ്ങളെയും വെളിച്ചത്തുകൊണ്ടുവരുന്നു. "നിനക്ക് ഞാൻ ആരായിരിക്കണമെന്നാണ് നീ ആഗ്രഹിക്കുന്നത്" എന്ന് യേശു ചോദിക്കുന്നതുപോലെയാണിത്. അങ്ങനെ അവർ യഥാർത്ഥത്തിൽ ആഗ്രഹിക്കുന്നത് അവൻ മറനീക്കി പുറത്തുകൊണ്ടുവരുന്നു: ശക്തനായ ഒരു മിശിഹാ, മാന്യമായ ഒരു സ്ഥാനം അവർക്ക് നൽകുന്ന വിജയശ്രീലാളിതനായ ഒരു മിശിഹാ. ചിലപ്പോൾ സഭയിൽ ഈ ചിന്ത കടന്നുവരാറുണ്ട്, മഹത്വവും, അധികാരവും...
തുടർന്ന്, "ഞാൻ കുടിക്കുന്ന പാനപാത്രം കുടിക്കാനോ, ഞാൻ സ്വീകരിക്കുന്ന സ്‌നാനം സ്വീകരിക്കാനോ നിങ്ങൾക്ക് കഴിയുമോ?" എന്ന രണ്ടാമത്തെ ചോദ്യത്തോടെ, യേശു മിശിഹായെക്കുറിച്ചുള്ള ഈയൊരു സങ്കൽപ്പം ഇല്ലാതാക്കുകയും, തങ്ങളുടെ കാഴ്ചപ്പാട് മാറ്റാൻ, പരിവർത്തനപ്പെടാൻ, അവരെ സഹായിക്കുകയും ചെയ്യുന്നു. അങ്ങനെ അവൻ, അവർ ചിന്തിക്കുന്ന വിധത്തിലുള്ള മിശിഹാ അല്ലെന്ന് വെളിവാക്കുന്നു; അവൻ, താഴേക്കിടയിലുള്ളവരിലേക്കെത്താൻ സ്വയം താഴുന്ന, ബലഹീനരെ ഉയർത്താൻ സ്വയം ബലഹീനനാകുന്ന, യുദ്ധത്തിനുവേണ്ടിയല്ല, സമാധാനത്തിനുവേണ്ടി പ്രവർത്തിക്കുന്ന, ശുശ്രൂഷിക്കപ്പെടാൻവേണ്ടിയല്ല, ശുശ്രൂഷിക്കാൻ വന്ന സ്നേഹത്തിന്റെ ദൈവമാണ്. സ്നേഹം മൂലം, മരണത്തോളം, കുരിശിലെ മരണത്തോളം നമുക്കായി നൽകിയ അവന്റെ ജീവൻ, ദാനമായി നൽകുന്നതാണ് കർത്താവ് കുടിക്കുന്ന പാനപാത്രം.
അതുകൊണ്ട്, അവന്റെ വലതും ഇടതും, അധികാരത്തിന്റെ സ്ഥാനങ്ങളിൽ ഇരിക്കുന്നവരല്ല, അവനെപ്പോലെ കുരിശിൽ തൂങ്ങിക്കിടക്കുന്ന രണ്ടു കള്ളന്മാരാണ് ഉണ്ടാവുക; മഹത്വത്തിൽ ഇരിക്കുന്നവരല്ല, ക്രിസ്തുവിനോടൊപ്പം വേദനയോടെ ആണിയടിക്കപ്പെട്ട രണ്ടു കള്ളന്മാർ. ക്രൂശിക്കപ്പെട്ട രാജാവ്, ശിക്ഷിക്കപ്പെട്ട നീതിമാൻ, സ്വയം ഏവരുടെയും അടിമയായി മാറുന്നു; അവൻ യഥാർത്ഥത്തിൽ ദൈവപുത്രനാണ്! (cf. മർക്കോസ് 15, 39). ആധിപത്യം പുലർത്തുന്നവനല്ല, സ്‌നേഹത്താൽ ശുശ്രൂഷചെയ്യുന്നവനാണ് വിജയിക്കുന്നത്. നമുക്ക് ഇത് ആവർത്തിക്കാം: ആധിപത്യം പുലർത്തുന്നവനല്ല, സ്‌നേഹത്താൽ ശുശ്രൂഷചെയ്യുന്നവനാണ് വിജയിക്കുന്നത്. "നമ്മുടെ ബലഹീനതകളിൽ നമ്മോടൊത്തു സഹതപിക്കാൻ കഴിയാത്ത ഒരു പ്രധാനപുരോഹിതനല്ല നമുക്കുള്ളത്; എല്ലാ കാര്യങ്ങളിലും നമ്മെപ്പോലെ പരീക്ഷിക്കപ്പെട്ടവനാണ് അവൻ" (ഹെബ്രാ. 4, 15) എന്ന് ഹെബ്രായർക്കുള്ള ലേഖനവും നമ്മെ ഓർമ്മിപ്പിക്കുന്നുണ്ട്.
ഈയൊരവസ്ഥയിൽ, പരിവർത്തനപ്പെടാൻ, മനോഭാവം മാറ്റുവാൻ, തന്റെ ശിഷ്യന്മാരെ സഹായിക്കാൻ, യേശുവിന് സാധിക്കും. "വിജാതീയരുടെ ഭരണകർത്താക്കൾ അവരുടെമേൽ യജമാനത്വം പുലർത്തുന്നുവെന്നും അവരുടെ പ്രമാണികൾ അവരുടെമേൽ അധികാരം പ്രയോഗിക്കുന്നുവെന്നും നിങ്ങൾക്കറിയാമല്ലോ" (മർക്കോസ് 10, 42). എന്നാൽ തന്റെ സ്നേഹത്താൽ ഏവരിലേക്കും എത്താനായി സ്വയം ദാസനായിത്തീർന്ന ഒരു ദൈവത്തെ പിന്തുടരുന്നവരെ സംബന്ധിച്ചിടത്തോളം ഇങ്ങനെയാകരുത്. ക്രിസ്തുവിനെ പിന്തുടരുന്നവൻ, വലുതാകാൻ ആഗ്രഹിക്കുന്നെങ്കിൽ, അവനിൽ നിന്ന് പഠിച്ച് ശുശ്രൂഷ ചെയ്യണം.
സഹോദരീസഹോദരന്മാരെ, യേശു നമ്മുടെ ചിന്തകൾ വെളിപ്പെടുത്തുന്നു. ചിലപ്പോഴൊക്കെ, മഹത്വത്തിനും, അധിപത്യത്തിനും, അധികാരത്തിനും, മായാമോഹങ്ങൾക്കും വേണ്ടിയുള്ള നമ്മുടെ പ്രതീക്ഷകൾ തുറന്നുകാട്ടി, നമ്മുടെ ഹൃദയത്തിന്റെ ആഗ്രഹങ്ങളും, പദ്ധതികളും അവൻ വെളിപ്പെടുത്തുന്നു. ലോകത്തിന്റേതായ മാനദണ്ഡങ്ങൾക്കനുസരിച്ചല്ല, ഏറ്റവും എളിയവർ ഉയർത്തപ്പെട്ട് ഒന്നാമത്തവർ ആക്കപ്പെടുന്നതിനുവേണ്ടി സ്വയം എളിയവനാക്കുന്ന ദൈവത്തിന്റെ ശൈലിക്കനുസരിച്ച് ചിന്തിക്കാൻ അവൻ നമ്മെ സഹായിക്കുന്നു. ശുശ്രൂഷയെക്കുറിച്ചുള്ള പഠിപ്പിക്കലുകൾക്കൊപ്പം, യേശുവിന്റെ ഈ ചോദ്യങ്ങളും, പലപ്പോഴും മനസ്സിലാക്കാൻ ബുദ്ധിമുട്ടുവള്ളവയാണ്, ശിഷ്യന്മാർക്കെന്നപോലെ നമുക്കും മനസ്സിലാക്കാൻ ബുദ്ധിമുട്ടുവള്ളവയാണ്. എന്നാൽ അവനെ പിന്തുടർന്ന്, അവന്റെ കാൽചുവടുകൾക്ക് പിന്നാലെ നടന്നും,നമ്മുടെ ചിന്താരീതികളെ മാറ്റിമറിക്കുന്ന അവന്റെ സ്നേഹമെന്ന ദാനം സ്വീകരിച്ചും, നമുക്കും ദൈവത്തിന്റെ ശൈലി, ശുശ്രൂഷയെന്ന ദൈവത്തിന്റെ ശൈലി, പഠിച്ചെടുക്കാൻ സാധിക്കും, ശുശ്രൂഷിക്കാൻ വേണ്ടിയുള്ള ദൈവത്തിന്റെ ശൈലി കാട്ടിത്തരുന്ന മൂന്ന് വാക്കുകൾ നമുക്ക് മറക്കാതിരിക്കാം: അടുപ്പം, അനുകമ്പ, ആർദ്രത. ദൈവം ശുശ്രൂഷിക്കാനായി അടുത്തെത്തുന്നു; ശുശ്രൂഷിക്കാനായി അനുകമ്പയുള്ളവനാകുന്നു; ശുശ്രൂഷിക്കുവാൻ വേണ്ടി ആർദ്രതയുള്ളവനാകുന്നു. അടുപ്പം, അനുകമ്പ, ആർദ്രത.
ഈയൊരവസ്ഥയിൽ നാം അധികാരത്തിനായല്ല, ശുശ്രൂഷ ചെയ്യാനായാണ് ആഗ്രഹിക്കേണ്ടത്. ശുശ്രൂഷ, ക്രൈസ്തവജീവിതത്തിന്റെ ശൈലിയാണ്. ഒരിക്കൽ ചെയ്‌തു കഴിയുമ്പോൾ, നമ്മുടെ ഊഴം കഴിഞ്ഞു എന്ന് ചിന്തിക്കാൻ തക്കവിധം, ചെയ്‌തു തീർക്കേണ്ട ഒരുകൂട്ടം കാര്യങ്ങളുടെ ഒരു ലിസ്റ്റിനെ സംബന്ധിക്കുന്ന ഒന്നല്ല ഇത്; സ്നേഹത്തോടെ ശുശ്രൂഷിക്കുന്നവൻ, "ഇനി വേറെയാരുടെയെങ്കിലും ഊഴമാണ്" എന്ന് പറയില്ല. അത് സാക്ഷികളുടേതല്ല, ജോലിക്കാരുടേതായ ചിന്തയാണ്. ശുശ്രൂഷ സ്നേഹത്തിൽനിന്നാണ് ജനിക്കുന്നത്. സ്നേഹത്തിന് അതിരുകളില്ല, അത് കണക്കുകൂട്ടലുകൾ നടത്തുന്നില്ല, അത് തന്നെത്തന്നെ വ്യയം ചെയ്യുകയും സ്വയം നൽകുകയും ചെയ്യുന്നു. സ്നേഹം ഫലം ഉളവാക്കാൻവേണ്ടിയുള്ള പ്രവർത്തനത്തിലേക്ക് സ്വയം പരിമിതപ്പെടുത്തുന്നില്ല. അത് വല്ലപ്പോഴുമുള്ള ഒരു പ്രകടനമല്ല, മറിച്ച്, സ്നേഹത്താലും, സ്നേഹത്തിലും പുതുതാക്കപ്പെട്ട ഒരു ഹൃദയത്തിൽനിന്ന് വരുന്ന ഒന്നാണ്.
ശ്രുശ്രൂഷിക്കാൻ പഠിക്കുമ്പോൾ, നമ്മുയുടെ ശ്രദ്ധയുടെയും കരുതലിന്റേതുമായ നമ്മുടെ ഓരോ പ്രവൃത്തിയും, ആർദ്രതയുടെ ഓരോ പ്രകടനവും, കാരുണ്യത്തിന്റെ ഓരോ പ്രവൃത്തിയും, ദൈവസ്നേഹത്തിന്റെ പ്രതിഫലനമായി മാറുന്നു. അങ്ങനെ നാമെല്ലാം, നാം ഓരോരുത്തരും യേശുവിന്റെ പ്രവൃത്തി ലോകത്ത് തുടരുന്നു.
ഈ ചിന്തകളുടെ വെളിച്ചത്തിൽ, ഇന്ന് വിശുദ്ധരായി പ്രഖ്യാപിക്കപ്പെടുന്ന സുവിശേഷത്തിന്റെ സാക്ഷികളെ ഓർക്കാം. മാനവരാശിയുടെ വേദനാജനകമായ ചരിത്രത്തിലുടനീളം വിശ്വസ്തരായ സേവകരായിരുന്ന, മനുവേൽ റൂയിസ് ലോപ്പസിനെയും സഹോദരങ്ങളെയും പോലെ, രക്തസാക്ഷിത്വത്തിലും ആനന്ദത്തിലും ശുശ്രൂഷ ചെയ്ത സ്ത്രീപുരുഷന്മാരാണവർ. ഫാ. ജ്യുസേപ്പേ അല്ലമാനോ, സി. പരദീസ് മരീ ലെയൊണീ, സി. എലേന ഗ്വേറ എന്നിവരെപ്പോലെയുള്ള, തീക്ഷ്ണമതികളായ, മിഷനറി തീക്ഷ്ണതയുള്ള പുരോഹിതരും സമർപ്പിതകളുമാണവർ. ഈ പുതിയ വിശുദ്ധർ യേശുവിന്റെ ശൈലി, ശുശ്രൂഷ ജീവിച്ചവരാണ്. അവർ മുന്നോട്ടുകൊണ്ടുപോയ വിശ്വാസവും ശുശ്രൂഷയും, അവരിൽ ലൗകികമോഹങ്ങളോ, അധികാരമോഹങ്ങളോ വളർത്തിയില്ല, മറിച്ച്, അവർ തങ്ങളെത്തന്നെ, സഹോദരങ്ങളുടെ ശുശ്രൂഷകരും, നന്മ ചെയ്യുന്നതിൽ സർഗ്ഗാത്മകരും, വിഷമഘട്ടങ്ങളിൽ ഉറപ്പോടെ പിടിച്ചുനിൽക്കുന്നവരും, അവസാനം വരെ ഉദാരമതികളുമാക്കി.
നമുക്ക് ക്രിസ്തുവിനെ അനുഗമിക്കുവാനും, ശുശ്രൂഷയിൽ അവനെ പിന്തുടരുവാനും, ലോകത്തിന് പ്രത്യാശയുടെ സാക്ഷികളാകുവാനും വേണ്ടി, ഈ വിശുദ്ധരുടെ മദ്ധ്യസ്ഥ്യം വിശ്വാസപൂർവ്വം അപേക്ഷിക്കാം.
വിശുദ്ധ കുർബാനയുടെ അവസാനഭാഗത്ത്, ഫ്രാൻസിസ് പാപ്പാ, ത്രികാലജപപ്രാർത്ഥന നയിച്ച അവസരത്തിൽ, ഉഗാണ്ടയിൽനിന്നുള്ള രക്തസാക്ഷികൾ വിശുദ്ധരായി പ്രഖ്യാപിക്കപ്പെട്ടതിന്റെ അറുപതാം വാർഷികമാണിതെന്ന് ഓർമ്മിപ്പിക്കുകയും, ബ്രസീലിലെ യാനോമാമി ജനത കടന്നുപോകുന്ന വിഷമാവസ്ഥയെക്കുറിച്ച് പ്രതിപാദിക്കുകയും, അവരുടെ സംരക്ഷണത്തിനായി അധികാരികൾ പരിശ്രമിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. ഒക്ടോബർ 20 ഞായറാഴ്ച ആഗോള മിഷനറി ദിനം ആചരിക്കുന്നതിനെ അനുസ്മരിച്ച പാപ്പാ, ഓരോ ക്രൈസ്തവരും തങ്ങളുടെ ജീവിതം കൊണ്ട് മിഷനറി നിയോഗം മുന്നോട്ടുകൊണ്ടുപോകേണ്ടവരാണെന്ന് ഓർമ്മിപ്പിച്ചു. യുദ്ധങ്ങളും സായുധ സംഘർഷങ്ങളും മൂലം ദുരിതമനുഭവിക്കുന്ന, പാലസ്തീന, ഇസ്രായേൽ, ലെബനോൻ, ഉക്രൈൻ, സുഡാൻ, മ്യാന്മാർ എന്നിവടങ്ങളെ പരാമർശിക്കുകയും, സമാധാനത്തിനായി പ്രാർത്ഥനകൾ ആവശ്യപ്പെടുകയും ചെയ്തു. തുടർന്ന് പാപ്പാ ഏവർക്കും അപ്പസ്തോലിക ആശീർവാദം നൽകി.
What's Your Reaction?