ക്രൈസ്തവർക്ക് പ്രത്യാശയുടെ അടയാളമായി ഡമാസ്കസ് രക്തസാക്ഷികൾ വിശുദ്ധരായി പ്രഖ്യാപിക്കപ്പെടുന്നു

ഒക്ടോബർ 20 ഞായറാഴ്ച വത്തിക്കാനിൽ വച്ച്, രക്തസാക്ഷികളായ എട്ട് ഫ്രാൻസിസ്കൻ സന്ന്യസ്തരും മൂന്ന് മാറോണീത്ത അല്മായരും മറ്റ് മൂന്നുപേരും വിശുദ്ധരായി പ്രഖ്യാപിക്കപ്പെടും.

Oct 20, 2024 - 12:55
 0  4
ക്രൈസ്തവർക്ക് പ്രത്യാശയുടെ അടയാളമായി ഡമാസ്കസ് രക്തസാക്ഷികൾ വിശുദ്ധരായി പ്രഖ്യാപിക്കപ്പെടുന്നു

ക്രൈസ്തവർ ജനസംഖ്യയുടെ രണ്ടു ശതമാനം മാത്രമായി ചുരുങ്ങിയ സിറിയ ഉൾപ്പെടെ ലോകമെമ്പാടുമുള്ള ക്രൈസ്തവർക്ക് പ്രത്യാശയുടെ അടയാളമായിരിക്കും വിശ്വാസത്തിന്റെ പേരിൽ 1860 ജൂലൈ ഒൻപതിന് ഡമാസ്കസിൽ കൊല്ലപ്പെട്ട പതിനൊന്ന് പേരെ ഫ്രാൻസിസ് പാപ്പാ വിശുദ്ധരായി പ്രഖ്യാപിക്കുന്ന ചടങ്ങെന്ന് വിശുദ്ധനാടുകളുടെ അജപാലനസേവനച്ചുമതലയുള്ള ഫ്രാൻസിസ്കൻ സമൂഹത്തിലെ അംഗമായ ഫാ. ലൂക്ക് ഗ്രിഗറി. സംഘർഷങ്ങളിലൂടെ കടന്നുപോകുന്ന മധ്യപൂർവ്വദേശങ്ങളിൽ പ്രത്യാശയുടെ അടയാളമായി ഈ ചടങ്ങ് മാറട്ടെയെന്ന്, കഴിഞ്ഞ ദിവസം വത്തിക്കാൻ ന്യൂസിനനുവദിച്ച ഒരു അഭിമുഖത്തിൽ സംസാരിക്കവെ അദ്ദേഹം ആശംസിച്ചു.  ഒക്ടോബർ 20 ഞായറാഴ്ച വത്തിക്കാനിലെ വിശുദ്ധ പത്രോസിന്റെ ചത്വരത്തിൽ രാവിലെ പത്തരയ്ക്ക് നടക്കുന്ന വിശുദ്ധബലിമധ്യേയാണ് പാപ്പാ ഇവരെ വിശുദ്ധരായി പ്രഖ്യാപിക്കുക.

ഡമാസ്കസിലെ രക്തസാക്ഷികൾ അനുഭവിച്ച പീഡനങ്ങൾക്ക് സമാനമാണ് ഇന്ന് മധ്യപൂർവ്വദേശങ്ങളിലെ ക്രൈസ്തവർ നേരിടുന്ന അനുഭവങ്ങളെന്ന് ഫാ. ഗ്രിഗറി അഭിപ്രായപ്പെട്ടു. ലോകത്തിലെ തന്നെ ആദ്യ ക്രൈസ്തവസമൂഹങ്ങളിൽ ഒന്നായിരുന്ന സിറിയയിലെ ഡമാസ്കസിലുള്ള ക്രൈസ്തവസഭ ഇന്ന്, രാജ്യത്തെ ജനസംഖ്യയുടെ വെറും രണ്ടു ശതമാനം മാത്രമായി കുറഞ്ഞു. 2011-ൽ രാജ്യത്ത് സംഘർഷങ്ങൾ ആരംഭിച്ചതുമുതൽ കടുത്ത പീഡനങ്ങളിലൂടെയാണ് അവിടുത്തെ ക്രൈസ്തവസമൂഹം കടന്നുപോകുന്നത്.

ഡമാസ്കസിലെ രക്തസാക്ഷികളെ വിശുദ്ധരായി പ്രഖ്യാപിക്കുന്ന ചടങ്ങ്, വിശുദ്ധ നാട്ടിലുള്ള ക്രൈസ്തവർക്ക് പ്രത്യാശ പകരട്ടെയെന്നും, ഇസ്രായേൽ, പലസ്തീന തുടങ്ങി മധ്യപൂർവ്വദേശങ്ങളിലുള്ള സംഘർഷങ്ങൾ അവസാനിക്കാൻ ഈ രക്തസാക്ഷികളുടെ മാധ്യസ്ഥ്യപ്രാർത്ഥനകൾ സഹായിക്കട്ടെയെന്നും ഫാ. ഗ്രിഗറി പ്രതീക്ഷ പ്രകടിപ്പിച്ചു. 1926-ൽ പതിനൊന്നാം പിയൂസ് പാപ്പായാണ് ഈ രക്തസാക്ഷികളെ വാഴ്ത്തപ്പെട്ടവരായി പ്രഖ്യാപിച്ചത്.

വിവിധ കത്തോലിക്കാ ആരാധനാപാരമ്പര്യങ്ങളിലുള്ളവരാണെങ്കിലും ഡമാസ്കസിലെ പതിനൊന്ന് രക്തസാക്ഷികളെയും ഒരുമിച്ചായിരിക്കും പാപ്പാ വിശുദ്ധരയായി പ്രഖ്യാപിക്കുക. "വിശ്വാസത്തിന്റെ സാക്ഷ്യകളായ പുതിയ രക്തസാക്ഷികളുടെ കമ്മീഷൻ" 2023-ൽ ഫ്രാൻസിസ് പാപ്പാ സ്ഥാപിച്ചതിനെത്തുടർന്ന്, ലിബിയയിൽനിന്നുള്ള കോപ്റ്റിക് ക്രൈസ്തവർ ഉൾപ്പെടെ, അകത്തോലിക്കരായ ക്രൈസ്തവരെക്കൂടി ഉൾപ്പെടുത്തിക്കൊണ്ട്, പുതിയ ഒരു ലിസ്റ്റ് കമ്മീഷൻ തയ്യാറാക്കിയിരുന്നു.  ക്രൈസ്തവർക്കിടയിലുള്ള എക്യൂമെനിക്കൽ ചർച്ചകൾക്കും ക്രൈസ്തവഐക്യത്തിനും ഡമാസ്കസ് രക്തസാക്ഷികളെ വിശുദ്ധരായി പ്രഖ്യാപിക്കുന്ന ചടങ്ങ് സഹായിക്കട്ടെയെന്ന് ഫാ. ഗ്രിഗറി ആശംസിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow