ലൈബീരിയൻ രാഷ്ട്രപതി പാപ്പായെ സന്ദർശിച്ചു
പശ്ചിമാഫ്രിക്കൻ രാജ്യമായ ലൈബീരിയയുടെ പ്രസിഡന്റ് ജോസഫ് ബോകായി ഒക്ടോബർ മാസം പതിനെട്ടാം തീയതി, വത്തിക്കാനിൽ ഫ്രാൻസിസ് പാപ്പായെ സന്ദർശിച്ചു.
ഒക്ടോബർ മാസം പതിനെട്ടാം തീയതി, പ്രാദേശിക സമയം രാവിലെ ഒൻപതു മണിക്ക്, വത്തിക്കാനിലെ അപ്പസ്തോലിക കൊട്ടാരത്തിൽ വച്ച്, പശ്ചിമാഫ്രിക്കൻ രാജ്യമായ ലൈബീരിയയുടെ പ്രസിഡന്റ് ജോസഫ് ബോകായി ഫ്രാൻസിസ് പാപ്പായുമായി കൂടിക്കാഴ്ച നടത്തി. ഏകദേശം ഇരുപതു മിനിറ്റുകൾ ഫ്രാൻസിസ് പാപ്പായുമായി അദ്ദേഹം സംസാരിച്ചു. തന്നെ സന്ദർശിക്കുവാനെത്തിയ പ്രസിഡന്റിനു, പാപ്പാ, 'സമാധാനത്തിന്റെ സന്ദേശവാഹകരാകുക' എന്ന് ഇറ്റാലിയൻ ഭാഷയിൽ രേഖപ്പെടുത്തിയ,ഒലിവിൻ ചില്ലയുമായി പറക്കുന്ന ഒരു പ്രാവിന്റെ വെങ്കലരൂപവും, ഈ വർഷത്തെ സമാധാനദിന സന്ദേശവും, പാപ്പായുടെ ഔദ്യോഗിക രേഖകളുടെ സമാഹാരവും സമ്മാനമായി നൽകി.
ഫ്രാൻസിസ് പാപ്പായുമായുള്ള കൂടിക്കാഴ്ച്ചയ്ക്കു ശേഷം വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി കർദിനാൾ പിയെത്രോ പരോളിനുമായും, സംസ്ഥാനങ്ങളുമായും അന്താരാഷ്ട്ര സംഘടനകളുമായും ബന്ധപ്പെട്ട സെക്രട്ടറി ആർച്ചുബിഷപ്പ് റിച്ചാർഡ് ഗല്ലഗെറുമായും പ്രസിഡന്റ് ജോസഫ് ബോകായി സംഭാഷണം നടത്തി.
ഹൃദ്യമായ സംഭാഷണങ്ങളിൽ, പരിശുദ്ധ സിംഹാസനവും ലൈബീരിയയും തമ്മിലുള്ള നല്ല ബന്ധവും വിദ്യാഭ്യാസ, ആരോഗ്യ പരിപാലന മേഖലകളിൽ കത്തോലിക്കാ സഭയുമായുള്ള സഹകരണവും സാമൂഹികവും സാമ്പത്തികവുമായ സാഹചര്യത്തിൻ്റെ ചില വശങ്ങളും ചർച്ച ചെയ്യപ്പെട്ടു. പ്രാദേശിക സാഹചര്യങ്ങളെയും കുടിയേറ്റ പ്രതിഭാസങ്ങളെയും പ്രത്യേകമായി പരാമർശിച്ചുകൊണ്ട്, വർത്തമാനകാല അന്താരാഷ്ട്ര കാര്യങ്ങളിന്മേലുള്ള അഭിപ്രായങ്ങളും പരസ്പരം കൈമാറി.
What's Your Reaction?