സമാധാനത്തിനായി പ്രാർത്ഥിക്കാനും പോരാടാനും ആഹ്വാനം ചെയ്‌ത്‌ ഫ്രാൻസിസ് പാപ്പാ

ഒക്ടോബർ 16 ബുധനാഴ്ച വത്തിക്കാനിൽ അനുവദിച്ച പൊതുകൂടിക്കാഴ്ചാസമ്മേളനത്തിന്റെ അവസരത്തിൽ, സംഘർഷങ്ങളിലും യുദ്ധങ്ങളിലും ദുരിതമനുഭവിക്കുന്ന ജനതകളെ അനുസ്മരിച്ച് ഫ്രാൻസിസ് പാപ്പാ. സമാധാനത്തിനായി പ്രാർത്ഥിക്കാനും അദ്ധ്വാനിക്കാനും ആഹ്വാനം.

Oct 17, 2024 - 08:28
 0  3
സമാധാനത്തിനായി പ്രാർത്ഥിക്കാനും പോരാടാനും ആഹ്വാനം ചെയ്‌ത്‌ ഫ്രാൻസിസ് പാപ്പാ

സമാധാനത്തിനായി പ്രാർത്ഥിക്കാനും പ്രയത്നിക്കാനും ആഹ്വാനം ചെയ്‌ത്‌ ഫ്രാൻസിസ് പാപ്പാ. വത്തിക്കാനിൽ ബുധനാഴ്ചകളിൽ പതിവുള്ള പൊതുകൂടിക്കാഴ്ചാവേളയിൽ, പരിശുദ്ധാത്മാവുമായി ബന്ധപ്പെട്ട കത്തോലിക്കാപ്രമാണങ്ങളെക്കുറിച്ച് പഠിപ്പിച്ചതിന് പിന്നാലെ, ഇറ്റാലിയൻ ഭാഷ സംസാരിക്കുന്ന ആളുകളെ അഭിസംബോധന ചെയ്ത അവസരത്തിലാണ് സായുധസംഘർഷങ്ങളും യുദ്ധങ്ങളും മൂലം ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ സാധാരണജനം ബുദ്ധിമുട്ടനുഭവിക്കുന്നതിന്റെ പശ്ചാത്തലത്തിൽ, സമാധാനശ്രമങ്ങളുമായി മുന്നോട്ട് പോകേണ്ടതിന്റെയും സമാധാനസ്ഥാപനത്തിനായി പ്രാർത്ഥിക്കേണ്ടതിന്റെയും ആവശ്യകതയെക്കുറിച്ച് പാപ്പാ ഓർമ്മിപ്പിച്ചത്.

യുദ്ധങ്ങളിലായിരിക്കുന്ന രാജ്യങ്ങളെ നമുക്ക് മറക്കാതിരിക്കാമെന്ന് പാപ്പാ പറഞ്ഞു. കഴിഞ്ഞ ദിവസങ്ങളിൽ പാപ്പാ നടത്തിയ പൊതുപ്രഭാഷണങ്ങളിൽ അനുസ്മരിച്ചതുപോലെ, ഈ ബുധനാഴ്ചത്തെ പൊതുകൂടിക്കാഴ്ചാവേളയിലും റഷ്യ-ഉക്രൈൻ സംഘർഷത്തിന്റെ ഭാഗമായി, ഉക്രൈനിൽ കടുത്ത യാതനകളിലൂടെ കടന്നുപോകുന്ന ആളുകളെയും, പാലസ്തീൻ, ഇസ്രായേൽ, മ്യാന്മാർ എന്നിവിടങ്ങളെയും പാപ്പാ പ്രത്യേകം പരാമർശിച്ചു.

യുദ്ധം എപ്പോഴും ഒരു പരാജയമാണെന്ന് നമുക്ക് മറക്കാതിരിക്കാമെന്ന് പാപ്പാ ഇത്തവണയും ആവർത്തിച്ചു. സമാധാനത്തിനായി പ്രാർത്ഥിക്കാനുള്ള ആഹ്വാനവും പാപ്പാ മുന്നോട്ടുവച്ചു. റേഡിയോ മരിയ സംഘടിപ്പിച്ച ആഗോളസമ്മേളനത്തിന്റെ ഭാഗമായി റോമിലെത്തി പാപ്പായുടെ പൊതുകൂടിക്കാഴ്ചാസമ്മേളനത്തിനെത്തിയ ആളുകളെ അഭിസംബോധന ചെയ്‌ത പാപ്പാ, സഭയുടെ പ്രതിധ്വനിയെന്നോണം സാഹോദര്യത്തിന്റെയും ഐക്യത്തിന്റെയും മൂല്യം എങ്ങും പരത്താൻ ആഹ്വാനം ചെയ്‌തിരുന്നു.

പാപ്പായുടെ പൊതുസമ്മേളനത്തിൽ സംബന്ധിക്കാനെത്തിയ അറബ് ഭാഷ സംസാരിക്കുന്ന ആളുകളെ അഭിസംബോധന ചെയ്ത വേളയിൽ, പരിശുദ്ധാത്മാവിൽ വിശ്വസിക്കുകയെന്നാൽ, നമ്മുടെ ഇടയിൽ എപ്പോഴും ആയിരുന്നുകൊണ്ട്, നമ്മെ ആശ്വസിപ്പിക്കുകയും, താങ്ങുകയും, നമ്മെ നമ്മുടെ വിശ്വാസജീവിതത്തിൽ അനുഗമിക്കുകയും ചെയ്യുന്ന പരിശുദ്ധാത്മാവിന് നമ്മെത്തന്നെ സമർപ്പിക്കുക എന്ന അർത്ഥമാണെന്ന് പറഞ്ഞ പാപ്പാ, എല്ലാത്തരം തിന്മകളിൽനിന്നും കർത്താവ് നിങ്ങളെ സംരക്ഷിക്കുകയും നിങ്ങളെ അനുഗ്രഹിക്കുകയും ചെയ്യട്ടെയെന്ന് ആശംസിച്ചിരുന്നു.

What's Your Reaction?

like

dislike

love

funny

angry

sad

wow