ക്രൈസ്തവൈക്യവും സിനഡാത്മകതയും പരസ്പരബന്ധിതം, പാപ്പാ

റോമിൽ ക്രിസ്തുവിനെ പ്രതി വധിക്കപ്പെട്ട ആദ്യത്തെ നിണസാക്ഷികളുടെ നാമത്തിൽ വത്തിക്കാനിലുള്ള ചത്വരത്തിൽ ക്രൈസ്തവൈക്യത്തിനുള്ള പ്രാർത്ഥന ഒക്ടോബർ 11-ന്, വെള്ളിയാഴ്ച വൈകുന്നേരം ഫ്രാൻസീസ് പാപ്പാ നയിച്ചു.

Oct 14, 2024 - 12:30
 0  4
ക്രൈസ്തവൈക്യവും സിനഡാത്മകതയും പരസ്പരബന്ധിതം, പാപ്പാ

സിനഡാത്മക യാത്രയാണ് മൂന്നാം സഹസ്രാബ്ദത്തിലെ സഭയിൽ നിന്ന് ദൈവം പ്രതീക്ഷിക്കുന്നതെന്നും ക്രൈസ്തവരുടെ ഐക്യവും സിനഡാത്മകതയും പരസ്പരം ബന്ധപ്പെട്ടിരിക്കുന്നുവെന്നും മാർപ്പാപ്പാ ഉദ്ബോധിപ്പിക്കുന്നു.

വത്തിക്കാനിൽ ഒക്ടോബർ 2-27 വരെ സംഘടിപ്പിക്കപ്പെട്ടിരിക്കുന്ന മെത്രാന്മാരുടെ സിനഡിൻറെ പതിനാറാം സാധാരണ പൊതുയോഗത്തിൻറെ രണ്ടാമത്തെതും അവസനത്തെതുമായ ഘട്ടത്തിൻറെ പത്താം ദിനമായിരുന്ന വെള്ളിയാഴ്ച (11/10/24) സിനഡംഗങ്ങളുടെ പങ്കാളിത്തത്തോടെ,  വൈകുന്നേരം വത്തിക്കാനിൽ നടത്തപ്പെട്ട എക്യുമെനിക്കൽ പ്രാർത്ഥനാശുശ്രൂഷാവേളയിൽ വരമൊഴിയായി നല്കിയ സുവിശേഷചിന്തകളിലാണ് ഫ്രാൻസീസ് പാപ്പാ ഇതു പറഞ്ഞിരിക്കുന്നത്.

റോമിൽ ക്രിസ്തുവിനെ പ്രതി വധിക്കപ്പെട്ട ആദ്യത്തെ നിണസാക്ഷികളുടെ നാമത്തിലുള്ള ചത്വരത്തിൽ ഈ പ്രാർത്ഥനാ ശുശ്രൂഷ അരങ്ങേറിയ പശ്ചാത്തലത്തിൽ, പാപ്പാ അവിടെ, ആ നിണസാക്ഷികളുടെ രക്തത്തിന്മേലാണ് വിശുദ്ധ പത്രോസിൻറെ ബസിലിക്ക പണിതുയർത്തപ്പെട്ടിരിക്കുന്നതെന്നത് അനുസ്മരിക്കുന്നു. ക്രിസ്തുവിനോടു അടുക്കുമ്പോൾ നാം പരസ്പരം അടുക്കുന്നുവെന്ന നമ്മുടെ ബോധ്യം ഈ നിണസാക്ഷികൾ ശക്തിപ്പെടുത്തട്ടെയെന്ന് പാപ്പാ ആശംസിക്കുകയും ചെയ്യുന്നു. 

വിവിധ ക്രൈസ്തവസഭകളിൽപ്പെട്ട സഹോദരപ്രതിനിധികളുടെ സാന്നിധ്യത്തക്കുറിച്ചു സൂചിപ്പിച്ച പാപ്പാ, കത്തോലിക്കാ സഭ എക്യുമെനിക്കൽ പ്രസ്ഥാത്തിൽ ആദ്യമായി ഔദ്യോഗിമായി പാദമൂന്നുന്നതിനിടയാക്കിയ രണ്ടാം വത്തിക്കാൻ സൂനഹദോസ് 1962-ൽ ഉദ്ഘാടനം ചെയ്യപ്പെട്ട ദിനം ഒക്ടോബർ 11 ആയിരുന്നു എന്നത് അനുസ്മരിക്കുന്നു.

ഐക്യം ഒരു കൃപയും പ്രവചനാതീത ദാനവുമാണെന്ന് ഉദ്ബോധിപ്പിക്കുന്ന പാപ്പാ, അത് ഒരു യാത്രയാണെന്ന് സിനഡാത്മക പ്രക്രിയ പഠിപ്പിക്കുന്നുവെന്നു പറയുന്നു. അതു പക്വത പ്രാപിക്കുന്നത് ചലനത്തിലൂടെ, വഴി താണ്ടുന്നതിലൂടെ, ആണെന്നും  പരസ്പര സേവനത്തിലും ജീവൻറെ സംഭാഷണത്തിലും സകല ക്രൈസ്തവരുടെയും സഹകരണത്തിലുമാണ് വളരുന്നതെന്നും പാപ്പാ കൂട്ടിച്ചേർക്കുന്നു.

ഐക്യം പൊരുത്തമാണെന്നും നാനാവിധ വദനങ്ങളിൽ ആവിഷ്കൃതമായ സഭയുടെ സൗന്ദര്യം വീണ്ടും കണ്ടെത്താൻ സിനഡു നമ്മെ സഹായിക്കുന്നുവെന്നും പറയുന്ന പാപ്പാ ക്രൈസ്തവർക്കിടയിലുള്ള ഭിന്നിപ്പിലും കർത്താവായ യേശുക്രിസ്തുവിന് ഒത്തൊരുമയോടെ സാക്ഷ്യം വഹിക്കാതിരിക്കുന്നതായ ഉതപ്പിലും നാം ലജ്ജിക്കണമെന്ന് ഓർമ്മിപ്പിക്കുന്നു.

ക്രൈസ്തവർക്കിടയിൽ ഇപ്പോഴുമുള്ള മതിലുകളെ മറികടന്നു ഉപരിമെച്ചപ്പെട്ടരീതിയിൽ വർത്തിക്കാൻ ഈ സിനഡു നമുക്കൊരവസരമാകട്ടെയെന്ന് പാപ്പാ ആശംസിക്കുകയും പൊതുവായ ഒരു സാക്ഷ്യവും പൊതുവായ ദൗത്യത്തിലുള്ള നമ്മുടെ വിശ്വസ്തതയും ലോകത്തിന് ആവശ്യമാണെന്ന് പ്രസ്താവിക്കുകയും ചെയ്യുന്നു.

What's Your Reaction?

like

dislike

love

funny

angry

sad

wow