കാലാവസ്ഥാപ്രതിസന്ധിയുടെ ഇരകളെ അനുസ്മരിച്ചും സമാധാനാഹ്വാനം പുതുക്കിയും ഫ്രാൻസിസ് പാപ്പാ

സെപ്റ്റംബർ 18 ബുധനാഴ്ച വത്തിക്കാനിൽ അനുവദിച്ച പൊതുകൂടിക്കാഴ്ചാവേളയിൽ, ഈ ദിവസങ്ങളിൽ മധ്യ-പൂർവ്വ യൂറോപ്പിൽ കടുത്ത മഴയുൾപ്പെടെ കാലാവസ്ഥാപ്രതിസന്ധികളുമായി ബന്ധപ്പെട്ട്

Sep 19, 2024 - 12:03
 0  6
കാലാവസ്ഥാപ്രതിസന്ധിയുടെ ഇരകളെ അനുസ്മരിച്ചും സമാധാനാഹ്വാനം പുതുക്കിയും ഫ്രാൻസിസ് പാപ്പാ

വർഷങ്ങളായി ലോകസമാധാനത്തിന് കടുത്ത ഭീഷണിയുയർത്തി ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ സായുധസംഘർഷങ്ങളും യുദ്ധങ്ങളും തുടരുമ്പോൾ, സമാധാനസ്ഥാപനത്തിന് ലോകമനഃസാക്ഷിയെ വീണ്ടും ക്ഷണിച്ച് ഫ്രാൻസിസ് പാപ്പാ. "നമുക്ക് സമാധാനത്തിനായി പ്രാർത്ഥിക്കാമെന്ന്" ഫ്രാൻസിസ് പാപ്പാ ഏവരെയും ആഹ്വാനം ചെയ്‌തു. സെപ്റ്റംബർ 18 ബുധനാഴ്ച വത്തിക്കാനിലെ വിശുദ്ധ പത്രോസിന്റെ ചത്വരത്തിൽ വിശ്വാസികൾക്കായി അനുവദിച്ച പൊതുകൂടിക്കാഴ്ചാവേളയുടെ അവസാനത്തിൽ ഇറ്റാലിയൻ ഭാഷയിൽ ആളുകളെ അഭിസംബോധന ചെയ്യവെയാണ്, യുദ്ധങ്ങൾ അവസാനിപ്പിക്കാനും, യുദ്ധത്താൽ ദുരിതമനുഭവിക്കുന്ന ജനങ്ങൾക്കായി പ്രാർത്ഥിക്കാനും പാപ്പാ ആഹ്വാനം നടത്തിയത്.

യുദ്ധമെന്നത് എപ്പോഴും ഒരു പരാജയമാണെന്ന് നമുക്ക് മറക്കാതിരിക്കാമെന്ന് പാപ്പാ പറഞ്ഞു. പാലസ്തീന, ഇസ്രായേൽ, ഉക്രൈൻ, മ്യാന്മാർ എന്നീ പ്രദേശങ്ങളിലെ സംഘർഷങ്ങൾ പ്രത്യേകമായി പരാമർശിച്ച പാപ്പാ, ലോകത്തിന്റെ മറ്റു ഭാഗങ്ങളിൽ നടമാടുന്ന യുദ്ധങ്ങൾക്കെതിരെയും സംസാരിച്ചു.

സമാധാനം തേടുന്ന ഒരു ഹൃദയം ദൈവം ഏവർക്കും നൽകട്ടെയെന്ന് പാപ്പാ ആശംസിച്ചു. അതുവഴി, യുദ്ധമെന്ന പരാജയത്തെ തോൽപ്പിക്കാൻ സാധിക്കട്ടെയെന്ന് പാപ്പാ കൂട്ടിച്ചേർത്തു.

യൂറോപ്പിലെ കാലാവസ്ഥാപ്രതിസന്ധികൾ

പൊതുകൂടിക്കാഴ്ചാസമ്മേളനത്തിന്റെ അവസാനഭാഗത്ത്, മധ്യ-പൂർവ്വ യൂറോപ്പിൽ കടുത്ത മഴയും മറ്റു കാലാവസ്ഥാപ്രതിസന്ധികളും മൂലം ബുദ്ധിമുട്ടനുഭവിക്കുന്ന ഓസ്ട്രിയ, റൊമാനിയ, ചെക്ക് റിപ്പബ്ലിക്, പോളണ്ട് എന്നീ രാജ്യങ്ങളിലെ ജനങ്ങളെ പാപ്പാ പ്രത്യേകം അനുസ്മരിച്ചു. കടുത്ത മഴയെത്തുടർന്നുണ്ടായ വലിയ വെള്ളപ്പൊക്കത്തിന്റെ കെടുതികൾ ഈ പ്രദേശങ്ങളിലെ ജനങ്ങൾ അഭിമുഖീകരിച്ചുകൊണ്ടിരിക്കുകയാണെന്ന് പാപ്പാ പറഞ്ഞു. സംഭവത്തിൽ ജീവൻ നഷ്ടപ്പെട്ടവർ ഉൾപ്പെടെയുള്ള എല്ലാവർക്കും, അവരുടെ കുടുംബാംഗങ്ങൾക്കും പാപ്പാ തന്റെ പ്രാർത്ഥനകളും ആത്മീയസാന്നിദ്ധ്യവും വാഗ്ദാനം ചെയ്തു. ഈ പ്രതിസന്ധിയിലകപ്പെട്ട ആളുകൾക്ക് സഹായമെത്തിക്കുന്ന കത്തോലിക്കാപ്രാദേശികസമൂഹങ്ങളുൾപ്പെടെയുള്ള ഏവർക്കും പാപ്പാ നന്ദി പറഞ്ഞു.

മധ്യ-പൂർവ്വ യൂറോപ്പിൽ ഈ ദിവസങ്ങളിൽ വീശിയടിച്ച ബോറിസ് കൊടുങ്കാറ്റിൽ നിലവിൽ 22 പേർക്ക് ജീവൻ നഷ്ടപ്പെട്ടിട്ടുണ്ട്. മറ്റ് ഏഴുപേരെക്കൂടി ഇനിയും കണ്ടുകിട്ടാനുണ്ട്.

സെപ്റ്റംബർ രണ്ടു മുതൽ പതിമൂന്ന് വരെ തീയതികളിൽ ഏഷ്യ-ഓഷ്യാന നാടുകളിൽ അപ്പസ്തോലികയാത്ര നടത്തി തിരികെ വത്തിക്കാനിലെത്തിയ ശേഷം നടത്തിയ ബുധനാഴ്ചകളിലെ ആദ്യ പൊതുകൂടിക്കാഴ്ചയായിരുന്നു സെപ്റ്റംബർ 18-ന് പാപ്പാ നടത്തിയത്. തന്റെ അപ്പസ്തോലികയാത്രയുടെ സുഗമമായ നടത്തിപ്പിനായി പ്രവർത്തിച്ച ഏവർക്കും പാപ്പാ നന്ദി പറഞ്ഞു.

What's Your Reaction?

like

dislike

love

funny

angry

sad

wow