പാപ്പാ:സമാധാനത്തിനും ഐക്യത്തിനുമുള്ള യത്നത്തിൽ മുന്നേറുന്ന പൂർവ്വ തിമോർ

ഫ്രാൻസീസ് പാപ്പാ, പൂർവ്വ തിമോറിൻറെ തലസ്ഥാന നഗരിയായ ദിലിയിൽ പ്രസിഡൻറിൻറെ ഔദ്യോഗിക മന്ദിരത്തിൽ വച്ച് തിങ്കളാഴ്ച

Sep 11, 2024 - 12:24
 0  6
പാപ്പാ:സമാധാനത്തിനും ഐക്യത്തിനുമുള്ള യത്നത്തിൽ മുന്നേറുന്ന പൂർവ്വ തിമോർ

പൂർവ്വതിമോറിൻറെ സവിശേഷത, അന്നാട്ടിലെ ക്രിസ്തീയ വിശ്വാസം, സാംസ്കാരിക-പ്രകൃതിവിഭവ സമ്പന്നതകൾ, പ്രകൃതി സൗന്ദര്യം, സഹനങ്ങളിലൂടെ കടന്നുപോയ അന്നാട് സ്വാതന്ത്ര്യ ലബ്ധിക്കു ശേഷം ഉയിർത്തെഴുന്നേറ്റ് സമാധാന സരണിയിൽ പാദമൂന്നിയത്, അന്നാട്ടിലെ ജനങ്ങളുടെ അചഞ്ചല വിശ്വാസം, അന്നാട് ഐക്യത്തിനേകുന്ന ഊന്നൽ, കുടിയേറ്റ പ്രശ്നം, യുവതയെ അലട്ടുന്ന മദ്യാസക്തി തുടങ്ങിയ സാമൂഹ്യതിന്മകൾ, സുവിശേഷത്തിൻറെ സാംസ്കാരികാനുരൂപണം, വിദ്യഭ്യാസമേഖലയിലെ നിക്ഷേപം, കുഞ്ഞുങ്ങളും മുത്തശ്ശീമുത്തശ്ശന്മാരും തമ്മിലുള്ള ബന്ധം, ജനതയുടെ വിജ്ഞാനം എന്നിങ്ങനെ ബഹുതല സ്പർശിയായിരുന്നു പാപ്പായുടെ പ്രഭാഷണം.

ഏഷ്യയും ഓഷ്യാനയും യൂറോപ്പുമായി കൂടിക്കാഴ്ച നടത്തുന്ന സമാഗമവേദിയാണ് പൂർവ്വതിമോർ എന്ന് ഒരർത്ഥത്തിൽ പറയാം എന്നു പാപ്പാ തൻറെ പ്രഭാഷണത്തിൻറെ ആമുഖമായി പ്രസ്താവിച്ചു. ഏഷ്യയിൽ ജന്മംകൊണ്ട ക്രിസ്തുമതം, യൂറോപ്യൻ പ്രേഷിതരിലൂടെ ഭൂഖണ്ഡത്തിൻറെ ഇങ്ങേയറ്റം വരെ എത്തിയത് അനുസ്മരിച്ച പാപ്പാ അതു കാണിക്കുന്നത്, സഭയുടെ സാർവ്വത്രിക വിളിയും ഏറ്റവും വൈവിധ്യമാർന്ന സംസ്കാരങ്ങളുമായി യോജിക്കാനുള്ള കഴിവുമാണെന്നും സംസ്കാരങ്ങൾ സുവിശേഷവുമായി കണ്ടുമുട്ടുമ്പോൾ, നൂതനവും ഉന്നതവും അഗാധവുമായ ഒരു സംശ്ലേഷണം കണ്ടെത്തുന്നുവെന്നും പറഞ്ഞു. ക്രിസ്തുമതം സംസ്കാരങ്ങളിലേക്കിറങ്ങുകയും വ്യത്യസ്ത ജനങ്ങളുടെ സംസ്കാരങ്ങളും വ്യത്യസ്ത പൗരസ്ത്യ ആചാരങ്ങളും ഉൾക്കൊള്ളുകയും ചെയ്യുന്നുവെന്നും പറഞ്ഞ പാപ്പാ വാസ്തവത്തിൽ, ക്രിസ്തുമതത്തിൻറെ പ്രധാന മാനങ്ങളിൽ ഒന്ന് വിശ്വാസത്തിൻറെ സംസ്കാരികാനുരൂപണമാണെന്ന് ഉദ്ബോധിപ്പിച്ചു. അതാകട്ടെ, സംസ്കാരത്തെ സുവിശേഷവൽക്കരിക്കുകയും ചെയ്യുന്നുവെന്നും ഈ സംയോജനം ക്രിസ്തീയ ജീവിതത്തിന് പ്രധാനമാണെന്നും പാപ്പാ പറഞ്ഞു.

സമുദ്രത്താൽ വലയിതയായി മലനിരകൾ, കാടുകൾ, സമതലങ്ങൾ എന്നിവയാൽ അലംകൃതയായ സുന്ദര നാടായ പൂർവ്വതിമോർ വേദനാജനകമായ ഒരു ഘട്ടത്തിലൂടെ കടന്നുപോയിട്ടുള്ളതും പാപ്പാ അനുസ്മരിച്ചു. 1975 നവംബർ 28 മുതൽ 2002 മെയ് 20 വരെ, അതായത്, സ്വാതന്ത്ര്യം പ്രഖ്യാപിക്കപ്പെട്ടതു മുതൽ  യഥാർത്ഥത്തിൽ സ്വതന്ത്ര്യം ലഭിച്ച കാലഘട്ടംവരെ പൂർവ്വതിമോർ സഹനത്തിൻറെയും ഏറ്റവും വലിയ പരീക്ഷണത്തിൻറെയും വർഷങ്ങൾ ജീവിച്ചുവെന്നും എറെ യാതനകൾ അനുഭവിച്ചുവെന്നും പറഞ്ഞ പാപ്പാ എന്നാൽ സമാധാനത്തിൻറെയും വികസനത്തിൻറെയും ജീവിതസാഹചര്യങ്ങൾ മെച്ചപ്പെടുത്തലിൻറെയും ആ ഭൂപ്രദേശത്തിൻറെ മലിന്യമേശാത്ത സൗന്ദര്യത്തിൻറെയും പ്രകൃതിവിഭവങ്ങളുടെയും മാനവികവിഭങ്ങളുടെയും എല്ലാ തലങ്ങളിലുമുള്ള മൂല്യവൽക്കരണത്തിൻറെയും സരണി വീണ്ടും കണ്ടെത്തിക്കൊണ്ട് ഉയിർത്തെഴുന്നേല്ക്കാൻ അതിനു കഴിഞ്ഞുവെന്ന് സന്തുഷ്ടി പ്രകടപ്പിച്ചു. അന്ധകാരങ്ങളുടെയും യാതനകളുടെയും ദിനങ്ങൾക്കു ശേഷം അവസാനം സമാധാനത്തിൻറെയും സ്വാതന്ത്ര്യത്തിൻറെയും ഉഷസ്സായിയെന്നും ഈ സുപ്രധാന ലക്ഷ്യങ്ങൾ കൈവരിക്കുന്നതിന്, അന്നാടു സന്ദർശനവേളയിൽ വിശുദ്ധ ജോൺ പോൾ രണ്ടാമൻ എടുത്തുകാണിച്ചതുപോലെ, കത്തോലിക്കാ വിശ്വാസത്തിലുള്ള അവരുടെ വേരുകൾ വലിയ സഹായകമായി എന്നും പാപ്പാ പറഞ്ഞു.

ഇന്തോനേഷ്യയിലെ സഹോദരങ്ങളുമായി സമ്പൂർണ്ണ അനുരഞ്ജനത്തിലാകാനുള്ള പൂർവ്വതിമോറിൻറെ തീവ്രമായ പ്രതിബദ്ധതയെ സവിശേഷമാംവിധം പ്രകീർത്തിച്ച പാപ്പാ വാസ്‌തവത്തിൽ, ഐക്യം സംഘർഷത്തേക്കാൾ ശ്രേഷ്ഠമാണ് എന്ന തൻറെ ബോദ്ധ്യം ആവർത്തിച്ചു പ്രകടിപ്പിച്ചു. അന്നാടിൻറെ നിർമ്മാണത്തിലും ഏകീകരണത്തിലും നവീകൃത ആത്മവിശ്വാസത്തോടെ മുന്നേറാൻ പാപ്പാ അവർക്ക് പ്രചോദനം പകരുകയും ചെയ്തു. കുടിയേറ്റം, മദ്യത്തിൻറെ അമിതോപയോഗം, തൊഴിൽരാഹിത്യം, മതിയായ വേതനത്തിൻറെ അഭാവം തുടങ്ങിയ പ്രശ്നങ്ങളെക്കുറിച്ചും പാപ്പാ പരാമർശിച്ചു.

സഭാപ്രബോധനങ്ങളുടെ പ്രസക്തിയും പാപ്പാ ഇത്തരുണത്തിൽ എടുത്തുകാട്ടി. സഭയുടെ സാമൂഹ്യപ്രബോധനങ്ങൾ ഒരു സിദ്ധാന്തമല്ലയെന്നും, മറിച്ച്, അത് സാഹോദര്യത്തിൽ അധിഷ്ഠിതമാണെന്നും ജനങ്ങളുടെ, വിശിഷ്യ പാവപ്പെട്ടവരുടെ ഉന്നമനം അതു ലക്ഷ്യമിടുന്നുവെന്നും പാപ്പാ പറഞ്ഞു.

മനോഹരമായ പൂർവ്വതിമോറിൻറെ സൗഷ്ഠവം അന്നാടിൻറെ ജനതയാണെന്ന് ശ്ലാഘിച്ച പാപ്പാ ആ ജനതയെ സ്നേഹിക്കാനും അവരുടെ വളർച്ചയ്ക്കായി യത്നിക്കാനും അവരോടും കരുതൽകാട്ടാനും രാഷ്ട്രാധികാരികളോടും ചുമതലപ്പെട്ട മറ്റുള്ളവരോടും അഭ്യർത്ഥിച്ചു. യുവജനങ്ങൾ കൂടുതലുള്ളതിനാൽ അതൊരു സമ്പന്നതയാണെന്നും വിദ്യഭ്യാസത്തിൽ കൂടുതൽ നിക്ഷേപം നടത്തുക വഴി കുഞ്ഞുങ്ങളുൾപ്പടെയുള്ളവരുടെ ഔന്നത്യം പരിപോഷിപ്പിക്കുകയായിരിക്കും ചെയ്യുകയെന്നും പാപ്പാ പറഞ്ഞു. കഞ്ഞുങ്ങൾ വെളുത്ത പല്ലുകൾ കാട്ടി ചിരിക്കുന്നതു കാണുന്നതിലുള്ള തൻറെ ആന്ദം പ്രകടിപ്പിക്കാനും പാപ്പാ മറന്നില്ല. ജനങ്ങളുടെ ജ്ഞാനത്തിൽ വിശ്വസമർപ്പിക്കാൻ പാപ്പാ പ്രചോദനം പകരുകയും ചെയ്തു.

പൂർവ്വതിമോറിനെ അമലോത്ഭവ നാഥയ്ക്ക് സമർപ്പിക്കുകയും സ്വതന്ത്രവും പ്രജാധിപത്യം വാഴുന്നതും കെട്ടുറപ്പുള്ളതും സന്തോഷപ്രദവുമായ ഒരു രാഷ്ട്രത്തിൻറെ നിർമ്മാണത്തിൽ ഈ കന്യകയുടെ തുണയുണ്ടാകട്ടെയെന്ന് ആശംസിക്കുകയു ചെയ്തുകൊണ്ടാണ് പാപ്പാ തൻറെ പ്രഭാഷണം ഉപസംഹരിച്ചത്.

What's Your Reaction?

like

dislike

love

funny

angry

sad

wow