പ്രേഷിതപ്രവർത്തകരെ തനിച്ചാക്കരുത്, പിന്തുണയുമായി സമൂഹമുണ്ടാകണം, പാപ്പാ

ഫ്രാൻസീസ് പാപ്പാ പാപുവ ന്യൂഗിനിയിലെ വാനിമൊ രൂപതയിലെ വിശ്വാസികളുമായി ഞായറാഴ്ച (08/09/24) കൂടിക്കാഴ്ച നടത്തി.

Sep 9, 2024 - 12:33
 0  5
പ്രേഷിതപ്രവർത്തകരെ തനിച്ചാക്കരുത്, പിന്തുണയുമായി സമൂഹമുണ്ടാകണം, പാപ്പാ

പൗരാധികാരികൾക്കും വൈദികർ, സന്ന്യാസീസന്ന്യാസിനികൾ, പ്രേഷിതർ, മതബോധകർ യുവജനങ്ങൾ എന്നിവർക്കും, കൂടിക്കാഴ്ചാവേളയിൽ സാക്ഷ്യമേകിയ മരിയ ജോസഫ്, സ്റ്റീഫൻ, സന്ന്യാസിനി ജയിഷ ജോസഫ്, ഡേവിഡ്, മരിയ എന്നിവർക്കും നന്ദി പ്രകാശിപ്പിച്ചുകൊണ്ടാണ് പാപ്പാ വാനിമൊ രൂപതയിലെ വിശ്വാസികളോടുള്ള തൻറെ വാക്കുകൾ ആരംഭിച്ചത്.

വിസ്മയകരമായ ഈ മണ്ണിൽ, യുവ, പ്രേഷിതനാട്ടിൽ വച്ച് ഈ കൂടിക്കാഴ്ച നടത്തുന്നതിലുള്ള തൻറെ ആനന്ദവും പാപ്പാ പങ്കുവച്ചു. ഈ മണ്ണിൽ പത്തൊമ്പതാം നൂറ്റാണ്ടിൻറെ മദ്ധ്യഘട്ടം മുതൽ പ്രേഷിതദൗത്യം നിർബ്ബാധം തുടരുന്നത് അനുസ്മരിച്ച പാപ്പാ സന്ന്യാസീസന്ന്യസിനികളും മതബോധകരും അല്മയ പ്രേഷിതരും ദൈവവചന പ്രഘേഷണവും സഹോദരങ്ങൾക്കുള്ള അജപാലന സേവനവും വിദ്യാഭ്യാസ-ആരോഗ്യ സേവന പ്രവർത്തനങ്ങളും ഇതര സേവനങ്ങളും അവിരാമം മുന്നോട്ടുകൊണ്ടുപോകുന്നതിൽ സന്തുഷ്ടി രേഖപ്പെടുത്തി. സന്ന്യാസിനി സഹോദരിയായ ജയിഷ ജോസഫ് സാക്ഷ്യപ്പെടുത്തിയതു പോലെ, ഒട്ടും കുറവല്ലാത്ത ബുദ്ധിമുട്ടുകൾ സഹിച്ചും ഇതൊക്കെ ചെയ്യുന്നത് സകലർക്കും സമാധാനത്തിൻറെയും സ്നേഹത്തിൻറെയും ഉപകരണമാകാനാണ് എന്ന വസ്തുത പാപ്പാ അടിവരയിട്ടു പറഞ്ഞുകൊണ്ട് ഇപ്രകാരം തുടർന്നു........

ഓരോരുത്തരും അവനവൻറെ മുഴുവൻ സൗന്ദര്യത്തോടുംകൂടെ പുഷ്പിതമാകുന്നതിനു വേണ്ടി സകലർക്കും രക്ഷ പ്രദാനം ചെയ്യുന്നതിനാണ് ക്രിസ്തുവന്നതെന്ന് അങ്ങനെ, നമുക്കു ചുറ്റുമുള്ള പള്ളികളും വിദ്യാലയങ്ങളും ആശുപത്രികളും പ്രേഷിത കേന്ദ്രങ്ങളും സാക്ഷ്യം വഹിക്കുന്നതിനാണിത്.

നിങ്ങൾ ഇവിടെ സൗന്ദര്യ "വിദഗ്ദ്ധർ" ആണ്, കാരണം നിങ്ങൾ സൗന്ദര്യത്താൽ വലയിതരാണ്! വൈവിധ്യമാർന്ന സസ്യങ്ങളാലും പക്ഷികളാലും സമ്പന്നമായ ഒരു മഹത്തായ ഭൂമിയിലാണ് നിങ്ങൾ ജീവിക്കുന്നത്, നിറങ്ങളും ശബ്ദങ്ങളും ഗന്ധങ്ങളും, ഏദൻതോട്ടത്തിൻറെ പ്രതിച്ഛായ ഉണർത്തുകയും ജീവൻറെ വിസ്ഫോടന നടക്കുകയും ചെയ്യുന്ന അവിടെ പ്രകൃതിയുടെ മഹത്തായ ദൃശ്യത്തിനുമുന്നിൽ നിങ്ങൾ വിസ്മയസ്തബ്ധരായി നിന്നുപോകുന്നു!

എന്നാൽ ഈ സമ്പന്നതയെ കർത്താവ് നിങ്ങൾക്ക് ഭരമേല്പിച്ചിരിക്കുന്നത് ഒരു അടയാളമായും ഉപകരണമായുമാണ്. അങ്ങനെ നിങ്ങളും പൊതുഭവനത്തെ ആദരിച്ചും പരസ്പരം പരിപാലിച്ചും അവിടത്തോടും നിങ്ങളുടെ സഹോദരങ്ങളോടും ഐക്യത്തിൽ ഏകതാനതയോടെ ജീവിക്കുന്നതിനു വേണ്ടിയാണിത്. ചുറ്റും നോക്കുമ്പോൾ,  പ്രകൃതിദൃശ്യങ്ങൾ എത്ര മധുരതരമാണെന്ന് നമുക്ക് കാണാം. നമ്മുടെ ദൗത്യം ഇതാണ്: ക്രിസ്തുവിൻറെ സുവിശേഷത്തിൻറെ സൗഷ്ഠവം ദൈവത്തോടും സഹോദരങ്ങളോടുമുള്ള സ്നേഹത്തിലൂടെ എല്ലായിടത്തും പരത്തുക. ഇതു ചെയ്യുന്നതിന് സ്റ്റീഫൻ സാക്ഷ്യപ്പെടുത്തിയതു പോലെ, നിങ്ങളിൽ ചിലർ ചിലപ്പോഴൊക്കെ സ്വഭവനം വിട്ടും നീണ്ടയാത്രകൾ നടത്തി വിദൂര സമൂഹങ്ങളിലേക്കു പോയിട്ടുണ്ട്. സുന്ദരമായ ഒരു കാര്യമാണ് അവർ ചെയ്യുന്നത്. എന്നാൽ അവരെ തനിച്ചാക്കരുത്. സമൂഹം മുഴുവൻറെയും പിന്തുണ അവർക്കുണ്ടാകണം.

നമുക്ക് അവരെ സഹായിക്കാൻ കഴിയുന്ന മറ്റൊരു വഴി കൂടിയുണ്ട്, അത് നമ്മൾ ഓരോരുത്തരും നാം വസിക്കുന്നിടത്ത് പ്രേഷിത സന്ദേശം പരത്തുകയാണ് (CONC. ECUM. VAT. II, Decr. Ad Gentes, 23 കാണുക): അതായത്, വീട്ടിൽ, വിദ്യാലയത്തിൽ, ജോലിസ്ഥലങ്ങളിൽ, അങ്ങനെ എല്ലായിടത്തും......

ശത്രുത, വ്യക്തിപരവും കുടുംബപരവും ഗോത്രപരവുമായ ഭിന്നത എന്നിവയെ മറികടക്കുകയും ഭയത്തെയും, അന്ധവിശ്വാസത്തെയും, ചെപ്പടിവിദ്യകളെയും വിനാശ പ്രവർത്തികളായ അക്രമം അവിശ്വസ്തത, ചൂഷണം, മദ്യം മയക്കുമരുന്നു തുടങ്ങിയ തിന്മകളെ ഇല്ലാതാക്കുകയും ചെയ്യേണ്ടതിൻറെ ആവശ്യകതയെക്കുറിച്ചും പരാമർശിച്ച പാപ്പാ സ്നേഹം സകലത്തെയുംകാൾ ശക്തമാണെന്നും അതിൻറെ സൗന്ദര്യത്തിന് ലോകത്തെ സുഖപ്പെടുത്താൻ കഴിയുമെന്നും  കാരണം അതിൻറെ വേരകൾ ദൈവത്തിലാണെന്നും നാം ഓർക്കണമെന്ന് പാപ്പാ പറഞ്ഞു.

പാപ്പാ തൻറെ പ്രഭാഷണം ഉപസംഹിച്ചത് ഈ വാക്കുകളിലാണ്:

സ്നേഹനിർഭരമായ ഒരു സഭയെന്ന നിലയിൽ നിങ്ങൾ നിങ്ങളുടെ സാന്നിധ്യം കൊണ്ട് ഈ സന്തോഷഭരിതഭൂമിയെ ഉപരിയുപരി അലംകൃതയാക്കാൻ നിങ്ങൾക്ക് ഞാൻ പ്രചോദനം പകരുന്നു. ഞാൻ നിങ്ങളെ അനുഗ്രഹിക്കുകയും നിങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കുകയും ചെയ്യുന്നു. ഞാൻ നിങ്ങളോട് അഭ്യർത്ഥിക്കുകയാണ്: നിങ്ങളും എനിക്കുവേണ്ടി പ്രാർത്ഥിക്കണം. നന്ദി.

What's Your Reaction?

like

dislike

love

funny

angry

sad

wow