മത, സാംസ്‌കാരിക വൈവിധ്യങ്ങളെ അംഗീകരിച്ച് വളരുക: ഫ്രാൻസിസ് പാപ്പാ

ഇൻഡോനേഷ്യയിലെ പ്രസിഡന്റിന്റെ കൊട്ടാരത്തിൽ വച്ച്, രാജ്യത്തെ രാഷ്ട്രീയ, സാമൂഹിക അധികാരികളും, ഇന്തോനേഷ്യയിലേക്കുള്ള നയാത്രന്ത്രപ്രതിന്ധികളും ഉൾപ്പെടുന്ന സദസ്സിനോടായി ഫ്രാൻസിസ് പാപ്പാ നടത്തിയ പ്രഭാഷണത്തിന്റെ പരിഭാഷ.

Sep 5, 2024 - 11:41
 0  3
മത, സാംസ്‌കാരിക വൈവിധ്യങ്ങളെ അംഗീകരിച്ച് വളരുക: ഫ്രാൻസിസ് പാപ്പാ

തന്റെ നാൽപ്പത്തിയഞ്ചാം അപ്പസ്തോലികയാത്രയുടെ പ്രഥമപദമായ ഇന്തോനേഷ്യയിൽ ഫ്രാൻസിസ് പാപ്പാ നടത്തിയ ആദ്യ പ്രഭാഷണം, രാജ്യത്തെ രാഷ്ട്രീയ, സാമൂഹിക അധികാരികളുടെയും, വിവിധ രാജ്യങ്ങളിൽനിന്നുള്ള നയതന്ത്രപ്രതിനിധികളുടെയും സാന്നിദ്ധ്യത്തിലായിരുന്നു. ഇന്തോനേഷ്യ സന്ദർശിക്കാൻ തന്നെ ക്ഷണിച്ചതിന് രാജ്യത്തിന്റെ പ്രെസിഡന്റിന് നന്ദി പറഞ്ഞുകൊണ്ടായിരുന്നു പാപ്പാ തന്റെ പ്രഭാഷണം ആരംഭിച്ചത്. ഏഷ്യയെയും ഓഷ്യാനയെയും ബന്ധിപ്പിക്കുന്ന സാഗരത്തിലെ ദ്വീപസമൂഹമായ ഇന്തോനേഷ്യയുടെ നിയുക്ത പ്രസിഡന്റ് ആയി തിരഞ്ഞെടുക്കപ്പെട്ടയാൾക്ക് പാപ്പാ ആശംസകൾ നേർന്നു.

ഇന്തോനേഷ്യൻ ദ്വീപുകളെ കടൽ ബന്ധിപ്പിക്കുന്നതുപോലെ, രാജ്യത്തെ വിവിധ മാനവികസമൂഹങ്ങളുടെ വ്യത്യസ്തങ്ങളായ സംസ്കാരങ്ങളുടെയും, വർഗ്ഗങ്ങളുടെയും, ഭാഷകളുടെയും മതങ്ങളുടെയും നേർക്കുള്ള പരസ്പര ബഹുമാനമാണ്, ഇന്തോനേഷ്യക്കാരെ ഒരുമിച്ചുനിറുത്തുകയും അവർക്ക് അഭിമാനിക്കാൻ വകനൽകുകയും ചെയ്യുന്നതെന്ന് പാപ്പാ ഓർമ്മിപ്പിച്ചു.

ഒരു ദേശമെന്ന നിലയിൽ ഒരുമിച്ചുനിൽക്കുന്നവർ എന്ന യാഥാർത്ഥ്യത്തെയാണ് "വൈവിധ്യങ്ങളിൽ ഒരുമിച്ചുനിൽക്കുന്നവർ" എന്ന നിങ്ങളുടെ ദേശീയമുദ്രാവാക്യം വ്യക്തമാക്കുന്നതെന്ന് പാപ്പാ എടുത്തുപറഞ്ഞു. രാജ്യത്തെ ജൈവവൈവിധ്യം രാജ്യത്തിൻറെ സമ്പത്തിനും പ്രതാപത്തിനും കാരണമാകുന്നതുപോലെ, രാജ്യത്തിന്റെ വിവിധ പ്രത്യേകതകൾ അതിനെ, ഒരു ഭാഗവും മാറ്റിവയ്ക്കാനാകാത്തവിധത്തിലുള്ള മനോഹരമായ ഒരു ചിത്രം പോലെയാക്കാൻ സഹായിക്കുന്നുണ്ടെന്ന് പാപ്പാ ഓർമ്മിപ്പിച്ചു.

എല്ലാ വിഭാഗം ജനങ്ങളും മതവിശ്വാസങ്ങളും സാഹോദര്യമനോഭാവത്തോടെയും, പൊതുവായ ആവശ്യങ്ങൾ പരിഗണിച്ചും പ്രവർത്തിക്കുമ്പോൾ വൈവിധ്യങ്ങളെ മാനിക്കുന്ന ഐക്യം സംജാതമാകുന്നുവെന്ന് പാപ്പാ ഉദ്‌ബോധിപ്പിച്ചു. ഏവരുടെയും സംഭാവനകൾ ആവശ്യമുള്ളതും, ഐക്യദാർഢ്യം അടിസ്ഥാന ആവശ്യവുമായ പൊതുവായ ഒരു ചരിത്രത്തിന്റെ ഭാഗമാണ് തങ്ങളെന്ന ചിന്ത, ശരിയായ നിലപാടുകൾ കണ്ടെത്താനും, വൈവിധ്യങ്ങൾക്കു നേരെയുള്ള എതിർപ്പുകളെ ഒഴിവാക്കാനും, സഹകരണമനോഭാവം വളർത്താനും സഹായിക്കുമെന്ന് പാപ്പാ കൂട്ടിച്ചേർത്തു.

ബഹുമുഖങ്ങളായ സംസ്കാരങ്ങളും, വിവിധ പ്രത്യയശാസ്ത്രദർശനങ്ങളും തമ്മിലുള്ള സന്തുലിതാവസ്ഥയാണ് ഐക്യത്തെ ഉറപ്പിക്കുന്നതെന്നും ഇത് സംരക്ഷിക്കപ്പെടേണ്ടതുണ്ടെന്നും പാപ്പാ ഓർമ്മിപ്പിച്ചു. ഇത് എല്ലാവർക്കും ഭരമേല്പിക്കപ്പെട്ടിരിക്കുന്ന ഒരു കർത്തവ്യമാണെന്നും, എന്നാൽ രാഷ്ട്രീയത്തിന് ഇതിൽ പ്രത്യേക പങ്കുവഹിക്കാനുണ്ടെന്നും പാപ്പാ കൂട്ടിച്ചേർത്തു. ഐക്യവും, സമത്വവും അടിസ്ഥാനാവകാശങ്ങളുടെ പാലനവും, സുസ്ഥിര പുരോഗതിയും, സമാധാനത്തിനായുള്ള ശ്രമങ്ങളും മുന്നിൽവച്ച് രാഷ്ട്രീയപ്രവർത്തനങ്ങൾ മുന്നോട്ടുകൊണ്ടുപോകുമ്പോഴാണ് ഇത് സാധ്യമാകുന്നതെന്ന് പാപ്പാ വിശദീകരിച്ചു. രാഷ്ട്രീയമാണ് കാരുണ്യത്തിന്റെ ഏറ്റവും ഉന്നതമായ രൂപമെന്ന് ഒരു പണ്ഡിതൻ പറഞ്ഞത് പാപ്പാ പ്രത്യേകം പരാമർശിച്ചു.

സമാധാനം ഉറപ്പുവരുത്തുന്നതിനും, ദാരിദ്രവും, അസമത്വങ്ങളും ഒഴിവാക്കുന്നതിയി ഒരുമിച്ചുള്ള പ്രവർത്തനങ്ങൾ മുന്നോട്ട് കൊണ്ടുപോകുന്നതിനുമായി, സമാധാനപരമായതും ക്രിയാത്മകവുമായ ഐക്യം സ്ഥാപിക്കുന്നത് ലക്ഷ്യമാക്കി സഭ മതാന്തരസംവാദങ്ങൾ പ്രോത്സാഹിപ്പിക്കുന്നുണ്ടെന്ന് പാപ്പാ എടുത്തുപറഞ്ഞു. അതുവഴി പരസ്പരവിശ്വാസവും ബഹുമാനവും വളർത്തുവാനും, മുൻവിധികൾ ഒഴിവാക്കാനും, അങ്ങനെ, മതത്തെ വികലമായി ചിത്രീകരിച്ച് സൃഷ്ടിക്കുന്ന തീവ്രവാദചിന്തകളും, അസഹിഷ്ണുതയും പോലെയുള്ള പൊതുവായ വെല്ലുവിളികളെ ഒരുമിച്ച് നേരിടാനും സാധിക്കുമെന്ന് പാപ്പാ ഉദ്‌ബോധിപ്പിച്ചു. മറ്റുള്ളവരുടെ അഭിപ്രായങ്ങൾ ശ്രവിക്കുന്നതും, പരസ്പരസാമീപ്യം പ്രോത്സാഹിപ്പിക്കുന്നതും ഒരു രാജ്യത്ത് സാഹോദര്യം വളർത്താൻ സഹായിക്കുമെന്നും ഇത് ഏറെ മനോഹരമാണെന്നും പാപ്പാ ഓർമ്മിപ്പിച്ചു.

കത്തോലിക്കാസഭ പൊതുനന്മ ലക്ഷ്യമാക്കിയാണ് പ്രവർത്തിക്കുന്നതെന്നും, അതുകൊണ്ടുതന്നെ പൊതുമേഖലയുമായും, സമൂഹത്തിലെ മറ്റു യാഥാർത്ഥ്യങ്ങളുമായും സഹകരിച്ച് പ്രവർത്തിക്കാനാണ് ശ്രമിക്കുന്നതെന്നും പ്രസ്താവിച്ച പാപ്പാ, എന്നാൽ ഇതൊരിക്കലും മതപരിവർത്തനം നടത്തിക്കൊണ്ടല്ലെന്ന് വ്യക്തമാക്കി. സഭ ഏവരുടെയും വിശ്വാസത്തെ മാനിക്കുന്നുവെന്നും, അതുകൊണ്ടുതന്നെ കൂടുതൽ സന്തുലിതമായ ഒരു സമൂഹഘടനയെ പ്രോത്സാഹിപ്പിക്കുന്നുവെന്നും പാപ്പാ കൂട്ടിച്ചേർത്തു.

1945-ൽ തയ്യാറാക്കപ്പെട്ട ഇന്തോനേഷ്യയുടെ ഭരണഘടനയുടെ ആമുഖത്തിൽ സർവ്വശക്തനായ ദൈവത്തെക്കുറിച്ച് രണ്ടുവട്ടം പരാമർശിച്ചിരിക്കുന്നത് എടുത്തുപറഞ്ഞ പാപ്പാ, പുതുതായി ജന്മമെടുത്ത ആ രാജ്യത്തിനുമേൽ ദൈവാനുഗ്രഹം വർഷിക്കപ്പെടേണ്ടതിനെപ്പറ്റി അതിൽ പറഞ്ഞിരിക്കുന്നത് ഓർമ്മിപ്പിച്ചു. രാജ്യത്തിന്റെ അടിസ്ഥാന നിയമം ഇന്തോനേഷ്യൻ ജനതയുടെ പൊതുനന്മയ്ക്കായി വേണ്ട സാമൂഹ്യനീതിയെക്കുറിച്ച് രണ്ടുവട്ടം എടുത്തുപറഞ്ഞിരിക്കുന്നതും പാപ്പാ പരാമർശിച്ചു. അങ്ങനെ വൈവിധ്യങ്ങളിലെ ഐക്യം, സാമൂഹ്യനീതി, ദൈവാനുഗ്രഹം എന്നിവയാണ് ഭവനം പണിയപ്പെടാനുള്ള ഉറപ്പുള്ള തറയും, സമൂഹത്തെ താങ്ങി നിറുത്തുന്ന നെടുംതൂണുമെന്ന് പാപ്പാ ഉദ്‌ബോധിപ്പിച്ചു. ഇവ, തന്റെ ഇന്തോനേഷ്യൻ അപ്പസ്തോലിക യാത്രയുടെ, വിശ്വാസം, സാഹോദര്യം, കാരുണ്യം എന്ന മുദ്രാവാക്യവുമായി യോജിച്ചുപോകുന്നുവെന്ന് പാപ്പാ പ്രത്യേകം ഓർമ്മിപ്പിച്ചു.

നിർഭാഗ്യവശാൽ ലോകത്ത് ഇക്കാലത്ത് സാർവ്വത്രികസഹോദര്യത്തിനെതിരെയുള്ള ചില പ്രവണതകൾ ഉണ്ടെന്ന് പാപ്പാ ഓർമ്മിപ്പിച്ചു. നിരവധിയിടങ്ങളിൽ, പരസ്പരബഹുമാനത്തിന്റെ അഭാവം മൂലം കടുത്ത സംഘർഷങ്ങൾ ഉയർന്നുവരുന്നുവെന്നും, സ്വാർത്ഥതാല്പര്യങ്ങളും, സ്വന്തം അഭിപ്രായങ്ങളും മാത്രം കാത്തുസൂക്ഷിക്കാനുള്ള പ്രവണതയും, ചരിത്രത്തിന്റെ ഭാഗികമായ വ്യാഖ്യാനം വഴിയുമാണ് ഇത് സംഭവിക്കുന്നതെന്നും പാപ്പാ പറഞ്ഞു. വ്യക്തികളെയും സമൂഹങ്ങളെയും അവരുടെ സ്വയംഭരണാവകാശത്തിന് വിടാതെ, തങ്ങളുടെ ഇഷ്ടമനുസരിച്ച് എല്ലാം ഒന്നുപോലെയാക്കാനുള്ള ചിലരുടെ പിടിവാശികൾ മൂലവും ചില രാജ്യങ്ങളിൽ സംഘർഷങ്ങൾ ഉയർന്നുവരുന്നുണ്ടെന്ന് പാപ്പാ കൂട്ടിച്ചേർത്തു.

വലിയ പ്രഖ്യാപനങ്ങൾ നിലനിൽക്കുമ്പോഴും, പലപ്പോഴും സാമൂഹ്യനീതി ഉറപ്പാക്കാനായി ദീർഘവീക്ഷണത്തോടെയുള്ള പ്രയത്നങ്ങൾ ഇല്ലാത്തതിന്റെ പോരായ്മ പാപ്പാ പ്രത്യേകം പരാമർശിച്ചു. അതുവഴി മാനവികതയിലെ വലിയൊരു ഭാഗവും സമൂഹത്തിൽ പാർശ്വവത്കരിക്കപ്പെട്ടുപോവുകയും, തങ്ങളുടെ അന്തസ്സിനനുസരിച്ച് ജീവിക്കാനുള്ള മാർഗ്ഗങ്ങൾ അവർക്ക് അപ്രാപ്യമാവുകയും, സാമൂഹ്യ അസമത്വം വളർന്നുവരികയും ചെയ്യുന്നത് പാപ്പാ എടുത്തുപറഞ്ഞു. ഇതിനൊരു പരിഹാരമായി പലപ്പോഴും മുന്നോട്ടുവയ്ക്കപ്പെടുന്നത് കുട്ടികളുടെ എണ്ണം കുറയ്ക്കുക എന്ന ഒരു നയമാണെന്ന് പാപ്പാ അപലപിച്ചു. എന്നാൽ ഇന്തോനേഷ്യയിൽ ഇത്തരമൊരു പ്രശ്നം നിലവിലില്ലെന്നും, കുടുംബങ്ങളിൽ മൂന്ന് മുതൽ അഞ്ചുവരെയെങ്കിലും കുട്ടികൾ ഉണ്ടെന്നും പറഞ്ഞ പാപ്പാ, ഇത് ഏവർക്കും ഒരു മാതൃകയാണെന്നും, ഇത് തുടരണമെന്നും ഓർമ്മിപ്പിച്ചു. ഒരു കുട്ടിക്ക് പകരം, പൂച്ചയേയോ പട്ടിയേയോ തിരഞ്ഞെടുക്കുന്നതിലെ വിരോധാഭാസം പാപ്പാ പ്രത്യേകം എടുത്തുപറഞ്ഞു.

ദൈവവിശ്വാസത്തെ ഒഴിവാക്കുന്ന സംസ്കാരത്തെ പാപ്പാ അപലപിച്ചു. ചിലയിടങ്ങളിൽ ദൈവാനുഗ്രഹം തേടുക എന്നതിനേക്കാൾ, സ്വന്തം കഴിവുകൾ കൊണ്ട് എല്ലാം നേടാനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ടെന്നും എന്നാൽ അവർ പലപ്പോഴും പരാജയമാണ് നേരിടുന്നതെന്നും പാപ്പാ പറഞ്ഞു. അതേസമയം മറ്റു ചിലയിടങ്ങളിൽ ദൈവത്തെ മുന്നിൽ നിറുത്തുന്നത്, സമൂഹത്തിൽ സമാധാനം സ്ഥാപിക്കാനോ, പരസ്പരബഹുമാനവും സഹകരണവും സാഹോദര്യവും വളർത്താനോ അല്ല, മറിച്ച് സ്വന്തം കാര്യസാധ്യതകൾക്കും, ഭിന്നതയും വൈരാഗ്യവും വളർത്താനുമാണെന്നും പാപ്പാ അപലപിച്ചു.

ഇത്തരം കരിനിഴലുകൾക്ക് മുന്നിൽ, ഇന്തോനേഷ്യയെ പടുത്തുയർത്തുന്നതിന് പിന്നിലുള്ള തത്വശാസ്ത്രചിന്തയെക്കുറിച്ച് ചിന്തിക്കുന്നത് സന്തോഷദായകമാണെന്ന് പറഞ്ഞ പാപ്പാ, വിശുദ്ധ ജോൺ പോൾ രണ്ടാമൻ പാപ്പാ 1989-ൽ ഇതേ കൊട്ടാരത്തിൽവച്ചു നടത്തിയ പ്രഭാഷണത്തിൽ, വൈവിധ്യങ്ങളെ തിരിച്ചറിയുന്നതിന്റെയും, മനുഷ്യന്റെ അടിസ്ഥാനാവകാശങ്ങൾ ബഹുമാനിക്കപ്പെടുന്നതിന്റെയും, പരസ്പരബഹുമാനത്തിലും സഹിഷ്ണുതയിലും അടിസ്ഥാനമിട്ട് രാജ്യത്തിന്റെ വളർച്ചയെ പ്രോത്സാഹിപ്പിക്കുന്നതിന്റെയും ആവശ്യകതയെക്കുറിച്ച് പറഞ്ഞ വാക്കുകൾ ആവർത്തിച്ചു.

ചരിത്രത്തിന്റെ മുന്നോട്ടുള്ള യാത്രയിൽ, ചില പ്രത്യേക കാരണങ്ങളാൽ, മുൻപ് പറഞ്ഞ തത്വങ്ങൾ എപ്പോഴും പാലിക്കപ്പെട്ടിട്ടിലായിരിക്കാം എങ്കിലും, മാർഗ്ഗദർശിയായ ഒരു ദീപം പോലെ, ഏതുവഴിയേ സഞ്ചരിക്കണമെന്ന് കാണിച്ചുതരാനും, ഏതൊക്കെ അപകടങ്ങൾ ഒഴിവാക്കണമെന്ന് കാണിച്ചുതരാനും ആ തത്വങ്ങൾ വിശ്വസനീയമായവയാണെന്ന് പാപ്പാ കൂട്ടിച്ചേർത്തു.

ഇത്തരം തത്വങ്ങളിൽനിന്ന് പ്രേരിതരാകാനും, അനുദിനജീവിതത്തിലെ പ്രവർത്തനങ്ങളിലും കടമകളിലും ഇവ ഉപയോഗപ്പെടുത്താനും ഏവരെയും ആഹ്വാനം ചെയ്ത പാപ്പാ, സമാധാനം നീതിയുടെ ഫലമാണെന്ന് ഓർമ്മിപ്പിച്ചു. സ്വാർത്ഥതാല്പര്യങ്ങൾക്കും, കാഴ്ചപ്പാടുകൾക്കും വേണ്ടിയല്ല, പൊതുനന്മയെ മുൻനിറുത്തി, പരസ്പരബന്ധത്തിന്റെ പാലങ്ങൾ പണിയാനും, അധാർമ്മികതയെ തകർക്കാനും സാമ്പത്തികവും, സാമൂഹികവുമായ തിന്മകളെ പരാജയപ്പെടുത്താനും ഏവരും ചേർന്ന് പ്രവർത്തിക്കുമ്പോഴാണ് സമൂഹത്തിൽ ഐക്യം സാധിതമാവുകയെന്ന് പാപ്പാ ഉദ്‌ബോധിപ്പിച്ചു.

ഇപ്പോഴത്തെ നിങ്ങളുടെ ശരിയായ പാതയിൽ മുന്നോട്ടുപോകാൻ പാപ്പാ ഇന്തോനേഷ്യൻ സമൂഹത്തെ ആഹ്വാനം ചെയ്തു. ഇത് ഏവർക്കും ഒരു അനുഗ്രഹമായി മാറുമെന്ന് പാപ്പാ അഭിപ്രായപ്പെട്ടു. ദൈവം ഇന്തോനേഷ്യയെ, പ്രത്യാശയുടേതായ ഒരു നല്ല ഭാവിക്കായി സമാധാനം നൽകി അനുഗ്രഹിക്കട്ടെയെന്ന് പാപ്പാ ആശംസിച്ചു. ഏവർക്കും ദൈവാനുഗ്രഹങ്ങൾ നേർന്നുകൊണ്ടാണ് പാപ്പാ തന്റെ പ്രഭാഷണം അവസാനിപ്പിച്ചത്. 

What's Your Reaction?

like

dislike

love

funny

angry

sad

wow