സമാധാനത്തിന്റെ പ്രാധാന്യം കുട്ടികളെ ഓർമ്മിപ്പിച്ച് ഫ്രാൻസിസ് പാപ്പാ

സമാധാനം സ്ഥാപിക്കുകയെന്നത് ജീവിതത്തിലെ ഏറ്റവും മനോഹരമായ കാര്യങ്ങളിൽ ഒന്നാണെന്ന് കുട്ടികളെ ഓർമ്മിപ്പിച്ച് ഫ്രാൻസിസ് പാപ്പാ.

Jul 19, 2024 - 11:47
 0  4
സമാധാനത്തിന്റെ പ്രാധാന്യം കുട്ടികളെ ഓർമ്മിപ്പിച്ച് ഫ്രാൻസിസ് പാപ്പാ

സമാധാനം സ്ഥാപിക്കുകയെന്നത് ജീവിതത്തിലെ ഏറ്റവും മനോഹരമായ കാര്യങ്ങളിൽ ഒന്നാണെന്ന് കുട്ടികളെ ഓർമ്മിപ്പിച്ച് ഫ്രാൻസിസ് പാപ്പാ. വത്തിക്കാൻ ആശ്രിതരുടെ കുട്ടികൾക്കായി "കുട്ടികളുടെ വേനൽക്കാലം" എന്ന പേരിലൊരുക്കിയ വേനൽക്കാല ക്യാമ്പിൽ പങ്കെടുത്ത് സംസാരിക്കവെയാണ്, സഹോദരങ്ങൾ തമ്മിലും, കുടുംബത്തിലും വഴക്കുകളുണ്ടാകുമ്പോൾ, അവ കഴിയുന്നതും വേഗം അവസാനിപ്പിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് പാപ്പാ ഓർമ്മിപ്പിച്ചത്. ഒരിക്കലും സംഘർഷമനോഭാവത്തോടെ ഉറങ്ങാൻ പോകരുതെന്ന് പാപ്പാ കുട്ടികളെ ഉദ്‌ബോധിപ്പിച്ചു.

കുട്ടികളുമായി സംവദിച്ച പാപ്പാ, ചെറുപ്പത്തിൽ പാപ്പായ്ക്ക് പ്രിയപ്പെട്ട പോരാളികൾ ആരായിരുന്നുവെന്ന ഒരു കുട്ടിയുടെ ചോദ്യത്തിന്, അവർ തന്റെ മാതാപിതാക്കളായിരുന്നുവെന്ന് മറുപടി നൽകി. തന്റെ ബാല്യകാലസ്മരണകൾ കുട്ടികളോട് പങ്കുവച്ച പാപ്പാ, മാതാപിതാക്കളും കുടുംബവും നമ്മെ വളരാൻ സഹായിക്കുന്നവരാണെന്ന് ഓർമ്മിപ്പിച്ചു.

താൻ തന്റെ പിതൃ, മാതൃ വഴികളിലുള്ള മുത്തശ്ശീമുത്തച്ഛന്മാരുടെ കൂടെ സമയം ചിലവഴിച്ചിരുന്ന കാര്യം അനുസ്മരിച്ച പാപ്പാ, കുട്ടികൾ മുത്തശ്ശീമുത്തച്ഛന്മാർക്കൊപ്പം സമയം ചിലവഴിക്കുന്നതിലൂടെ അവരിൽനിന്ന് അനേകകാര്യങ്ങൾ പഠിക്കുവാൻ സാധിക്കുമെന്ന കാര്യം പ്രത്യേകം എടുത്തുപറഞ്ഞു.

2025-ൽ ആഘോഷിക്കപ്പെടുന്ന ജൂബിലി വർഷത്തിനായി എങ്ങനെയാണ് ഒരുങ്ങേണ്ടതെന്ന ചോദ്യത്തിന് മറുപടി പറയവേ, ജൂബിലി, എന്നത് സന്തോഷം എന്ന വക്കിൽനിന്നാണ് വരുന്നതെന്ന് പാപ്പാ ഓർമ്മിപ്പിച്ചു. അതുകൊണ്ടുതന്നെ, സന്തോഷത്തോടെ വേണം ജൂബിലിക്കായി ഒരുങ്ങേണ്ടതെന്നും, എന്നാൽ ഇതിന് വിനോദകലാപരിപാടികളിലേർപ്പെടുക എന്ന അർത്ഥമില്ലെന്നും, എല്ലാ വിനോദപരിപാടികളും നല്ലതാകണമെന്നില്ലെന്നും പാപ്പാ കുട്ടികളോട് പറഞ്ഞു.

സമ്മേളനത്തിന്റെ അവസാനത്തിൽ ക്യാമ്പിൽ സംബന്ധിച്ച എല്ലാ കുട്ടികൾക്കുമൊപ്പം പ്രാർത്ഥനയിൽ പങ്കെടുത്ത ഫ്രാൻസിസ് പാപ്പാ, അവർക്കൊപ്പം വിവിധ വർണ്ണങ്ങളിലുള്ള ബലൂണുകൾ ആകാശത്തേക്ക് പറത്തി. പ്രകൃതിയിൽ ജീർണ്ണിച്ചുചേരുന്ന സ്വാഭാവികറബറുകൊണ്ടുള്ള ബലൂണുകളാണ് ഏവരും പറത്തിയത്. കുട്ടികൾ ദൈവത്തിന് പ്രിയപ്പെട്ടവരാണ് എന്ന സന്ദേശവും ബലൂണുകളിൽ രേഖപ്പെടുത്തിയിരുന്നു.

What's Your Reaction?

like

dislike

love

funny

angry

sad

wow