ഷിരൂരില്‍ തിരച്ചില്‍ ഇനി ഡ്രഡ്ജര്‍ എത്തിയ ശേഷം

ഉത്തര കന്നട ജില്ലയിലെ ഷിരൂർ അങ്കോല ദേശീയ പാത 66ല്‍ മണ്ണിടിച്ചിലില്‍ കാണാതായ കോഴിക്കോട് സ്വദേശി ലോറി ഡ്രൈവർ അർജുൻ

Aug 18, 2024 - 11:33
 0  4
ഷിരൂരില്‍ തിരച്ചില്‍ ഇനി ഡ്രഡ്ജര്‍ എത്തിയ ശേഷം

മംഗളൂരു: ഉത്തര കന്നട ജില്ലയിലെ ഷിരൂർ അങ്കോല ദേശീയ പാത 66ല്‍ മണ്ണിടിച്ചിലില്‍ കാണാതായ കോഴിക്കോട് സ്വദേശി ലോറി ഡ്രൈവർ അർജുൻ (30) ഉള്‍പ്പെടെ മൂന്ന് പേരെ കണ്ടെത്താനുള്ള തിരച്ചില്‍ ഇനി ഡ്രഡ്ജർ ഉപയോഗിച്ച്‌ ഗംഗാവാലി നദിയിലെ മണ്‍തിട്ടകള്‍ നീക്കിയ ശേഷം മാത്രം.

ഉത്തര കന്നഡ ജില്ല ഭരണകൂടം വെള്ളിയാഴ്ച രാത്രി ഇതുസംബന്ധിച്ച്‌ ഉത്തരവ് ഇറക്കിയതിന് പിന്നാലെ ശനിയാഴ്ച മുഴുവൻ ഏജൻസികളുടേയും തിരച്ചില്‍ നിലച്ചു.

ഗോവയില്‍നിന്ന് ഡ്രഡ്ജർ വ്യാഴാഴ്ച എത്തുമെന്നാണ് ജില്ല ഭരണകൂടം നല്‍കുന്ന വിവരം. വെയില്‍ പരന്ന അന്തരീക്ഷവും ഗംഗാവാലി നദി അടിയൊഴുക്ക് വേഗം രണ്ട് നോട്സ് വരെ താഴ്ന്ന തെളിനീരും കഴിഞ്ഞ ദിവസങ്ങളില്‍ തിരച്ചിലിന് ഏറെ അനുകൂലമായിരുന്നു. എന്നാല്‍, വെള്ളിയാഴ്ച മുതല്‍ മഴ പെയ്തതോടെ നദിയിലെ വെള്ളം കലങ്ങി. ശനിയാഴ്ച നാവികസേന, മുങ്ങല്‍ വിദഗ്ധൻ ഈശ്വർ മല്‍പെയും സംഘവും, കേന്ദ്ര-കർണാടക പ്രകൃതി ദുരന്ത നിവാരണസേനകള്‍ എന്നിവർ ഉത്തര കന്നട ജില്ല ഭരണകൂട ഉത്തരവിന്റെ അടിസ്ഥാനത്തില്‍ തിരച്ചില്‍ നടത്തിയില്ല.

തിരച്ചില്‍ പുനരാരംഭിച്ച ബുധനാഴ്ച, അർജുൻ ഓടിച്ച ലോറിയില്‍ മരം കെട്ടാൻ ഉപയോഗിച്ച കയർ നാവികസേന കണ്ടെത്തിയത് പ്രതീക്ഷ നല്‍കിയിരുന്നു. അർജുൻ അവസാനമായി ആഹാരം കഴിച്ചതായി പറഞ്ഞ ലക്ഷ്മണ നായ്കിന്റെ ഹോട്ടല്‍ സ്ഥിതി ചെയ്തിരുന്ന ഭാഗത്ത് നദിയില്‍ നിന്നായിരുന്നു കയർ കിട്ടിയത്.

ഏതാനും ലോഹക്കഷണങ്ങളും ലഭിച്ചു. സ്വാതന്ത്ര്യദിനത്തില്‍ തിരച്ചിലിന് അവധി നല്‍കി വെള്ളിയാഴ്ച തുടർന്നപ്പോള്‍ ലോഹക്കഷണങ്ങല്ലാതെ ആശാവഹമായി ഒന്നും കിട്ടിയില്ല. മഴയും നദിയിലെ കലക്കവും പ്രതികൂലമാവുകയും ചെയ്തു. ഇതോടെയാണ് തിരച്ചില്‍ ദൗത്യം ഏകോപനത്തിന് മുഖ്യമന്ത്രി സിദ്ധരാമയ്യ നിയോഗിച്ച കാർവാർ എം.എല്‍.എ സതീഷ് കൃഷ്ണ സയില്‍, ഉത്തര കന്നഡ ജില്ല ഡെപ്യൂട്ടി കമീഷണർ കെ. ലക്ഷ്മി പ്രിയ, ജില്ല പൊലീസ് സൂപ്രണ്ട് എം. നാരായണ തുടങ്ങിയവരുടെ നേതൃത്വത്തില്‍ വെള്ളിയാഴ്ച രാത്രി യോഗം ചേർന്ന് തിരച്ചില്‍ താല്‍ക്കാലികമായി നിർത്താൻ തീരുമാനിച്ചത്.

കേരളം ഡ്രഡ്ജർ അയച്ചില്ലെന്ന ആരോപണം നിലനില്‍ക്കെ ഗോവയില്‍ നിന്നാണ് കൊണ്ടുവരുന്നത്. ഡ്രെഡ്ജിങ് കമ്ബനി മാനേജിങ് ഡയറക്ടർ മഹേന്ദ്ര ജില്ല ഭരണകൂടത്തെ അറിയിച്ച പ്രകാരം വ്യാഴാഴ്ച ഡ്രഡ്ജർ എത്തുമെന്നാണ് കരുതുന്നത്. 28.5 മീറ്റര്‍ നീളവും 8.5 മീറ്റര്‍ വീതിയും രണ്ടു മീറ്റര്‍ ആഴവുമുള്ളതാണ് ഡ്രെഡ്ജർ. ഡ്രാഫ്റ്റിന് മൂന്ന് മീറ്ററാണ് നീളം. അർജുന് പുറമേ കർണാടക സ്വദേശികളായ ലോകേഷ്, ജഗന്നാഥ് എന്നിവരെയാണ് മണ്ണിടിച്ചിലില്‍ കാണാതായവരില്‍ ഇനി കണ്ടെത്താനുള്ളത്.

What's Your Reaction?

like

dislike

love

funny

angry

sad

wow