ഫെമ നിയമ ലംഘനം: കിഫ്ബി മസാല ബോണ്ട് കേസിൽ മുഖ്യമന്ത്രി പിണറായി വിജയന് ഇ.ഡി. നോട്ടിസ്

ഫെമ നിയമ ലംഘനം: കിഫ്ബി മസാല ബോണ്ട് കേസിൽ മുഖ്യമന്ത്രി പിണറായി വിജയന് ഇ.ഡി. നോട്ടിസ്

പ്രസിദ്ധീകരിച്ചത്: 01 Dec, 2025
ഷെയർ ചെയ്യുക:

കേരള ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്മെന്റ് ഫണ്ട് ബോർഡിന്റെ (കിഫ്ബി) മസാല ബോണ്ട് ഇടപാടിൽ വിദേശനാണ്യ വിനിമയ ചട്ടങ്ങൾ (FEMA) ലംഘിച്ചെന്ന് കണ്ടെത്തിയതിനെ തുടർന്ന് മുഖ്യമന്ത്രി പിണറായി വിജയന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) നോട്ടിസ് അയച്ചു. മൂന്ന് വർഷത്തിലധികം നീണ്ടുനിന്ന വിശദമായ അന്വേഷണത്തിന് ഒടുവിലാണ് ഇ.ഡി. ഈ നിർണായക നടപടിയിലേക്ക് കടന്നിരിക്കുന്നത്.

ശനിയാഴ്ചയാണ് മുഖ്യമന്ത്രിക്ക് നോട്ടിസ് കൈമാറിയത്. നൽകുന്ന വിശദീകരണത്തിന്റെ അടിസ്ഥാനത്തിലായിരിക്കും കേസിൽ തുടർനടപടികൾ സ്വീകരിക്കുകയെന്ന് ഇ.ഡി. വൃത്തങ്ങൾ സൂചിപ്പിച്ചു. മുൻ ധനമന്ത്രി ഡോ. ടി.എം. തോമസ് ഐസക്, മറ്റ് കിഫ്ബി ഉദ്യോഗസ്ഥർ എന്നിവർക്കും ഇ.ഡി. നോട്ടിസ് അയച്ചിട്ടുണ്ട്. അന്വേഷണത്തിന്റെ റിപ്പോർട്ട് ഇ.ഡി. അഡ്ജുഡിക്കേറ്റിങ് അതോറിറ്റിക്ക് സമർപ്പിച്ച ശേഷമാണ് ഇപ്പോൾ ഈ നീക്കം.

 

അടിസ്ഥാന സൗകര്യ വികസന പദ്ധതികൾക്കായി മസാല ബോണ്ട് വഴി സമാഹരിച്ച തുക വിനിയോഗിച്ചതിൽ ചട്ടലംഘനം നടന്നിട്ടുണ്ടെന്നാണ് ഇ.ഡിയുടെ പ്രധാന കണ്ടെത്തൽ. 2019-ലാണ് കിഫ്ബി, ലണ്ടൻ സ്റ്റോക്ക് എക്സ്ചേഞ്ച് വഴി മസാല ബോണ്ടുകൾ പുറത്തിറക്കി 9.72 ശതമാനം പലിശയ്ക്ക് 2,150 കോടി രൂപ സമാഹരിച്ചത്. ബോണ്ടിറക്കാനുള്ള നടപടികൾ പൂർത്തിയാക്കിയത് 2019 ജനുവരി 17-ന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗമായിരുന്നു. ഈ അന്വേഷണത്തിന്റെ ഭാഗമായി കഴിഞ്ഞ വർഷം തോമസ് ഐസക്കിന് രണ്ട് തവണ ഇ.ഡി. നോട്ടിസ് അയച്ചിരുന്നു.