ലിയോ പതിനാലാമൻ പാപ്പാ തുർക്കിയിൽ: ഒന്നും രണ്ടും ദിവസങ്ങളിലെ യാത്രാവിവരണസംഗ്രഹം
നവംബർ 27 വ്യാഴാഴ്ച രാവിലെ 7.00-ന്, ഇന്ത്യയിൽ ഉച്ചയ്ക്ക് 11.30-ന് വത്തിക്കാനിൽനിന്ന് പുറപ്പെട്ട് റോം ഫ്യുമിച്ചീനോയിലുള്ള ലെയൊനാർദോ ദാവിഞ്ചി അന്താരാഷ്ട്രവിമാനത്താവളത്തിലെത്തിയ പാപ്പാ, അവിടെനിന്ന് 7.58-ന് യാത്രയാരംഭിച്ച് 1.930 കിലോമീറ്ററുകൾ ഏതാണ്ട് മൂന്ന് മണിക്കൂറുകൾ കൊണ്ട് താണ്ടി, ഉച്ചയ്ക്ക് പ്രാദേശികസമയം പന്ത്രണ്ടരയോടെ, ഇന്ത്യയിലെ സമയം ഉച്ച കഴിഞ്ഞ് മൂന്ന് മണിയോടെ തുർക്കിയിലെ അങ്കാറയിലുള്ള എസെൻബോഗ (Esenboğa) അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തി. ഈ യാത്രയിൽ, ഇറ്റലി, ക്രോയേഷ്യ, ബോസ്നിയ-എർസെഗോവ്‌ന, മോന്തേനേഗ്രോ, സെർബിയ, ബൾഗേറിയ എന്നീ രാജ്യങ്ങൾക്ക് മുകളിലൂടെയാണ്, പാപ്പാ സഞ്ചരിച്ച ഇറ്റലിയുടെ ഈറ്റാ എയർവെയ്‌സ് യാത്ര ചെയ്തത്. യാത്രയിൽ താൻ കടന്നുപോകുന്ന രാജ്യങ്ങളുടെ തലവന്മാർക്ക് അഭിവാദ്യങ്ങൾ അറിയിച്ച് പാപ്പാ സന്ദേശങ്ങളയച്ചിരുന്നു.
കടൽനിരപ്പിൽ നിന്ന് 850 മീറ്റർ ഉയരത്തിലുള്ള അങ്കാറ നഗരം, ഒന്നാം ലോകമഹായുദ്ധത്തിന് ശേഷം, ഓട്ടോമൻ സാമ്രാജ്യത്തിന്റെ അവശിഷ്ടങ്ങൾക്ക് മേൽ, മുസ്തഫ കെമാൽ അതാത്യുർക്ക് (Mustafa Kemal “Atatürk") 1923-ൽ സ്ഥാപിച്ച തുർക്കിയുടെ രാഷ്ട്രീയ തലസ്ഥാനമാണ്.
പാപ്പാ തുർക്കിയിൽ
എസെൻബോഗ വിമാനത്താവളത്തിലെത്തിയ പാപ്പായെ അവിടേക്കുള്ള അപ്പസ്തോലിക പ്രതിനിധി ആർച്ച്ബിഷപ് മാരെക് സോൾചിൻസ്‌കിയും (H.E. Msgr. Marek Solczyński) രാജ്യത്തെ പ്രോട്ടോക്കോൾ മേധാവിയും വിമാനത്തിൽ കയറി അഭിവാദ്യം ചെയ്‌തു. തുടർന്ന് വിമാനത്തിൽനിന്ന് ഇറങ്ങിയ പാപ്പായെ സർക്കാരിനെ പ്രതിനിധീകരിച്ച് ഒരു മന്ത്രിയെത്തി സ്വീകരിച്ചു. പാരമ്പര്യവേഷം ധരിച്ച രണ്ടു കുട്ടികൾ പാപ്പായ്ക്ക് പൂക്കൾ സമ്മാനിച്ചു. തുടർന്ന് പാപ്പായ്ക്ക് സൈനികബഹുമതി നൽകപ്പെട്ടു. വിമാനത്താവളത്തിൽ വച്ച് പാപ്പായും മന്ത്രിയുമായി ചെറിയ ഒരു സ്വകാര്യ കൂടിക്കാഴ്ചയും ഉണ്ടായിരുന്നു.
മുസ്തഫ കെമാൽ അതാത്യുർക്കിന്റെ ശവകുടീരത്തിലേക്ക്
മന്ത്രിയുമൊത്തുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം, പാപ്പാ വിമാനത്താവളത്തിൽനിന്ന് 28 കിലോമീറ്ററിലോളം അകലെ, രാഷ്ട്രനിർമ്മാതാവും പ്രഥമ പ്രസിഡന്റുമായ മുസ്തഫ കെമാൽ അതാത്യുർക്കിന്റെ (Mustafa Kemal “Atatürk") ശവകുടീരം സ്ഥിതിചെയ്യുന്ന ഇടത്തേക്ക് കാറിൽ യാത്രയായി.
1944-നും 1953 -നും ഇടയിൽ പണിയപ്പെട്ട ഈ മന്ദിരം ഗ്രീക്ക് ദേവാലയങ്ങളുടെ മാതൃകയിലുള്ളതാണ്. ഓട്ടോമൻ ഭരണത്തിന് കീഴിലുണ്ടായിരുന്ന ഖുർആൻ നിയമസംഹിതയ്ക്ക് പകരം ഒരു സിവിൽ കോഡ് കൊണ്ടുവന്നതും, ഇസ്ലാം മതവിശ്വാസം രാജ്യത്തിന്റെ മതമായിരുന്ന സ്ഥിതിയിൽനിന്ന് മാറി, മതേതരസ്വഭാവമുള്ള ഒരു രാജ്യമാക്കി അതിനെ മാറ്റിയതും അതാത്യുർക്കാണ്. ഇസ്ലാം വിധിപ്രകാരമുള്ള വിദ്യഭ്യാസ, വിധിന്യായ വ്യവസ്ഥകൾ മാറ്റിയതും, വെള്ളിയാഴ്ചയിൽനിന്ന് അവധിദിവസം ഞായറാഴ്ചയിലേക്ക് മാറ്റിയതും, ബഹുഭാര്യത്വം നിരോധിച്ചതും, സ്ത്രീകൾക്ക് വോട്ട് നൽകിയതും, പുരുഷന്മാർക്ക് തൊപ്പിയും, സ്ത്രീകൾക്ക് ബുർക്കയും നിരോധിച്ചതും, അറബ് അക്ഷരങ്ങൾക്ക് പകരം ലാറ്റിൻ അക്ഷരങ്ങൾ ഉപയോഗിച്ച് ടർക്കിഷ് ഭാഷ എഴുതാൻ തീരുമാനിച്ചതും അദ്ദേഹത്തിന്റെ കാലത്താണ്.
അതാത്യുർക്കിന്റെ ശവകുടീരത്തിനരികിലെത്തിയ പാപ്പായെ, അങ്കാറയുടെ ഉപ ഗവർണറും, മറ്റ് പ്രാദേശിക നേതൃത്വങ്ങളും ചേർന്ന് സ്വീകരിച്ചു. തുടർന്ന് പാപ്പാ അവിടെ ഒരു പൂമാല ഉപചാരമായി ചാർത്തി. അവിടെയുള്ള മിസാക്-ഇ-മില്ലി (Misak-ı Millî) ടവറിൽ പ്രമുഖ സന്ദർശകർക്കായുള്ള ഡയറിയിൽ ഒപ്പുവച്ച ശേഷം പാപ്പാ അവിടെനിന്ന് ഏഴ് കിലോമീറ്ററുകൾ അകലെയുള്ള പ്രസിഡന്റിന്റെ കൊട്ടാരത്തിലേക്ക് കാറിൽ യാത്രയായി.