ബംഗാൾ ഉൾക്കടലിൽ ചുഴലിക്കാറ്റ് സാധ്യത; സംസ്ഥാനത്ത് റെഡ്, ഓറഞ്ച് അലർട്ടുകൾ പ്രഖ്യാപിച്ചു
തെക്കുകിഴക്കൻ അറബിക്കടലിനും ലക്ഷദ്വീപിനും മുകളിലായി ന്യൂനമർദം നിലനിൽക്കുന്നതിനാൽ സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. മധ്യകിഴക്കൻ ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ശക്തികൂടിയ ന്യൂനമർദം ഒക്ടോബർ 26-ഓടെ ചുഴലിക്കാറ്റായി മാറാൻ സാധ്യതയുണ്ട്. ഈ ചുഴലിക്കാറ്റ് ഒക്ടോബർ 28-ന് ആന്ധ്രാപ്രദേശ് തീരത്തിനടുത്ത് എത്തുമെന്നാണ് പ്രവചനം.
കേരളത്തിൽ ഒക്ടോബർ 25, 26 തീയതികളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ അതിതീവ്ര മഴ ലഭിച്ചേക്കാം. ഒക്ടോബർ 24 മുതൽ 27 വരെ ഇടിമിന്നലോടുകൂടിയ മഴയ്ക്കും മണിക്കൂറിൽ 30-40 കി.മീ. വേഗതയിൽ കാറ്റിനും സാധ്യതയുണ്ട്. വയനാട്, കോഴിക്കോട്, മലപ്പുറം ജില്ലകളിൽ ഞായറാഴ്ചയും പാലക്കാട്, ഇടുക്കി ജില്ലകളിൽ തിങ്കളാഴ്ചയും റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
ഒക്ടോബർ 24-ന് തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിലും ഒക്ടോബർ 25-ന് പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, കണ്ണൂർ ജില്ലകളിലും ഒക്ടോബർ 26-ന് പത്തനംതിട്ട, കോട്ടയം, എറണാകുളം, തൃശ്ശൂർ, മലപ്പുറം ജില്ലകളിലും ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു. ഒക്ടോബർ 24-ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലും, ഒക്ടോബർ 25-ന് തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കാസറഗോഡ് ജില്ലകളിലും, ഒക്ടോബർ 26-ന് തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോഴിക്കോട്, വയനാട് ജില്ലകളിലും, ഒക്ടോബർ 27-ന് പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിലും മഞ്ഞ അലർട്ട് നിലവിലുണ്ട്.