ഫെഡ്എക്സ് ചമഞ്ഞുള്ള തട്ടിപ്പ്; കോഴിക്കോട് സ്വദേശി സിബിഐയുടെ കസ്റ്റഡിയിൽ

ഫെഡ്എക്സ് ചമഞ്ഞുള്ള തട്ടിപ്പ്; കോഴിക്കോട് സ്വദേശി സിബിഐയുടെ കസ്റ്റഡിയിൽ

പ്രസിദ്ധീകരിച്ചത്: 18 Oct, 2026
ഷെയർ ചെയ്യുക:

അന്താരാഷ്ട്ര സൈബർ തട്ടിപ്പ്, എടിഎം കാർഡ് കടത്ത് എന്നിവയുമായി ബന്ധപ്പെട്ട് കോഴിക്കോട് താമരശ്ശേരി സ്വദേശി മുഹമ്മദ് ഫസൽ കെ യെ സിബിഐ അറസ്റ്റ് ചെയ്തു. 1.04 കോടി രൂപയുടെ തട്ടിപ്പ് കേസിൽ ഇയാൾക്ക് പങ്കുണ്ടെന്ന് സിബിഐ പറയുന്നു. കഴിഞ്ഞ ശനിയാഴ്ച താമരശ്ശേരിയിലെ വീട്ടിൽ വെച്ചാണ് മുഹമ്മദ് ഫസലിനെ സിബിഐ അറസ്റ്റ് ചെയ്തത്.

 

നേരത്തെ രാജ്യം വിടാൻ ശ്രമിച്ച ഇയാളെ സിബിഐ നിരീക്ഷിച്ച് വരികയായിരുന്നു. 2024 ജൂലൈയിൽ തൃശൂർ സ്വദേശിക്ക് 1,04,40,111 രൂപ നഷ്ടപ്പെട്ട സൈബർ തട്ടിപ്പുമായി ബന്ധപ്പെട്ടാണ് ഇപ്പോഴത്തെ അറസ്റ്റ്. ഫെഡ്എക്സ് ഉദ്യോഗസ്ഥരായും സൈബർ ക്രൈം പോലീസ് ഉദ്യോഗസ്ഥരായും പരിചയപ്പെടുത്തിയാണ് തട്ടിപ്പുകാർ പരാതിക്കാരനെ സമീപിച്ചത്.

 

ബാങ്ക് അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടെന്നും അടിയന്തിര അന്വേഷണത്തിലാണെന്നും വിശ്വസിപ്പിച്ച് പല ബാങ്ക് അക്കൗണ്ടുകളിലേക്ക് പണം കൈമാറാൻ തട്ടിപ്പുകാർ ഇരയെ പ്രേരിപ്പിക്കുകയായിരുന്നു. കേരളത്തിലെ യുവജനങ്ങളിൽ നിന്നും വിദ്യാർത്ഥികളിൽ നിന്നും 3,000 മുതൽ 7,000 രൂപ വരെ നൽകി ഡെബിറ്റ്, എടിഎം കാർഡുകൾ സംഘടിപ്പിക്കുന്ന ഒരു ശൃംഖലയെക്കുറിച്ച് സിബിഐ അന്വേഷണത്തിൽ വ്യക്തമായി. ഈ കാർഡുകൾ പിന്നീട് അനധികൃതമായി ദുബായിലേക്ക് കടത്തി.