ഫ്രാൻസിലെ കലാപങ്ങൾക്ക് കാരണം കുടിയേറ്റം; യുഎസിനും മുന്നറിയിപ്പുമായി വൈസ് പ്രസിഡന്റ് ജെഡി വാൻസ്
ഫ്രാൻസിലെ അക്രമസംഭവങ്ങൾക്കും വ്യാപകമായ കലാപങ്ങൾക്കും കാരണം പാശ്ചാത്യ ലിബറലുകളുടെ കുടിയേറ്റ, വൈവിധ്യ നയങ്ങളാണെന്ന് യുഎസ് വൈസ് പ്രസിഡന്റ് ജെഡി വാൻസ്. ഈ ‘ഭ്രാന്ത്’ അവസാനിപ്പിക്കാൻ ഫ്രാൻസ് തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ലക്ഷ്വറി സ്റ്റോറുകളും പൊതു കെട്ടിടങ്ങളും ആക്രമിക്കപ്പെടുന്ന സാഹചര്യത്തിലാണ് വാൻസിന്റെ ഈ പ്രതികരണം.
കുടിയേറ്റ നയങ്ങൾ പിന്തുടരുമ്പോൾ, ആളുകൾക്ക് അവിടത്തെ സാഹചര്യങ്ങളുമായി യോജിച്ച് പോകാൻ കഴിയുമോ എന്നുള്ള അടിസ്ഥാനപരമായ ചോദ്യങ്ങൾ പാശ്ചാത്യ ഗവൺമെന്റുകൾ അവഗണിച്ചുവെന്നും വാൻസ് എക്സിൽ കുറിച്ചു. ഈ നയങ്ങൾ ഇങ്ങനെയുള്ള സാഹചര്യങ്ങളിലേക്ക് നയിക്കുമെന്ന് മുന്നറിയിപ്പ് നൽകിയിരുന്നിട്ടും അവർ അത് കേട്ടില്ല എന്നും അദ്ദേഹം വിമർശിച്ചു. കൂടുതൽ ചരിത്രപരമായ കെട്ടിടങ്ങൾ തീവെച്ച് നശിപ്പിക്കപ്പെടുന്നതിന് മുൻപ് ഫ്രാൻസ് നടപടിയെടുക്കുമെന്ന് പ്രാർത്ഥിക്കുന്നു എന്നും വാൻസ് കൂട്ടിച്ചേർത്തു.