37,000 അടി ഉയരത്തിൽ നിന്ന് ഒറ്റയടിക്ക് താഴേക്ക്; ലണ്ടനിൽ നിന്ന് ഷിക്കാഗോയിലേക്ക് പറന്നുയർന്ന ബ്രിട്ടീഷ് എയർവേയ്‌സ് വിമാനത്തിൽ അടിയന്തര സാഹചര്യം
ആകാശച്ചുഴിയിലോ സാങ്കേതിക തകരാറിലോപ്പെട്ട് ബ്രിട്ടീഷ് എയർവേയ്‌സ് വിമാനം മിനിറ്റുകൾക്കുള്ളിൽ പതിനായിരക്കണക്കിന് അടി താഴേക്ക് പതിച്ചതോടെ അറ്റ്‌ലാന്റിക് സമുദ്രത്തിന് മുകളിൽ വൻ പരിഭ്രാന്തി പരന്നു. ലണ്ടൻ ഹീത്രൂ വിമാനത്താവളത്തിൽ നിന്ന് അമേരിക്കയിലെ ഷിക്കാഗോയിലേക്ക് പറന്നുയർന്ന ബിഎ295 ബോയിംഗ് 777-200ഇആർ വിമാനത്തിലാണ് ഞെട്ടിക്കുന്ന സംഭവങ്ങൾ അരങ്ങേറിയത്.
അയർലൻഡിന്റെ ആകാശപരിധിയിൽ വെച്ച് വിമാനം പെട്ടെന്ന് 28,000 അടി താഴേക്ക് പതിക്കുകയായിരുന്നു. 37,000 അടി ഉയരത്തിൽ സുഗമമായി പറന്നുകൊണ്ടിരുന്ന വിമാനം മിനിറ്റുകൾക്കുള്ളിൽ 9,000 അടിയോളം താഴേക്ക് കൂപ്പുകുത്തി.
വിമാനത്തിൽ കാബിൻ പ്രഷർ പെട്ടെന്ന് കുറഞ്ഞതാണ് ഈ അടിയന്തര സാഹചര്യത്തിന് വഴിവെച്ചതെന്നാണ് പ്രാഥമിക റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇതോടെ പൈലറ്റുമാർ വിമാനത്തിലെ അന്താരാഷ്ട്ര അടിയന്തര സന്ദേശ കോഡായ 7700 എയർ ട്രാഫിക് കൺട്രോളിലേക്ക് അയക്കുകയായിരുന്നു.