അയോഗ്യത ആവശ്യപ്പെട്ടുള്ള ഹർജിയിൽ സ്പീക്കർ തീരുമാനമെടുക്കാൻ ഹൈക്കോടതി നിർദ്ദേശം
ചെക്ക് കേസിൽ ശിക്ഷിക്കപ്പെട്ട പാലാ എംഎൽഎ മാണി സി കാപ്പന്റെ അയോഗ്യത സംബന്ധിച്ച് നിയമസഭാ സ്പീക്കർ ഉചിതമായ തീരുമാനമെടുക്കണമെന്ന് കേരള ഹൈക്കോടതി. മുംബൈ കോടതി ശിക്ഷ വിധിച്ച സാഹചര്യത്തിൽ എംഎൽഎസ്ഥാനത്ത് നിന്ന് മാണി സി കാപ്പനെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജി തീർപ്പാക്കിക്കൊണ്ടാണ് ഹൈക്കോടതി ഉത്തരവ്. നിയമസഭാ സ്പീക്കർക്ക് ഇതേക്കുറിച്ച് വിവരം ലഭിച്ചിട്ടുള്ള സാഹചര്യത്തിൽ നിയമപ്രകാരമുള്ള ആവശ്യമായ നടപടികൾ സ്വീകരിക്കാമെന്ന് ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് വ്യക്തമാക്കി.
പ്രവാസി വ്യവസായിയായ ദിനേശ് മേനോൻ നൽകിയ ഹർജിയിലാണ് ഹൈക്കോടതിയുടെ ഈ നിർണ്ണായക ഉത്തരവ് ഉണ്ടായിരിക്കുന്നത്. നാല് ചെക്ക് കേസ് ഹർജികളിലായി മാണി സി കാപ്പന് ശിക്ഷ വിധിച്ച മുംബൈ കോടതി ഉത്തരവ് ചൂണ്ടിക്കാട്ടിയാണ് ഹർജിക്കാരൻ കോടതിയെ സമീപിച്ചത്. കേസിൽ പരമാവധി ശിക്ഷ വിധിച്ചതിനാൽ കാപ്പന് എംഎൽഎയായി തുടരാൻ അർഹതയില്ലെന്നും പാലാ നിയമസഭാ മണ്ഡലം ഒഴിവുള്ളതായി പ്രഖ്യാപിക്കണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു.