മുണ്ടംവേലി ഫ്ലാറ്റ് നിവാസികളെ അപമാനിച്ച സംഭവം: പ്രസ്താവന പിൻവലിക്കാമെന്ന് കെ ജെ മാക്സി
പ്രസിദ്ധീകരിച്ചത്: 28 Sep, 2026
മുണ്ടംവേലി ഫ്ലാറ്റ് വിഷയത്തിൽ താമസക്കാരെ അപമാനിച്ച പ്രസ്താവന തിരുത്താൻ തയ്യാറായി കൊച്ചി മുൻ എംഎൽഎ കെ ജെ മാക്സി. താമസക്കാർക്ക് വേദന ഉണ്ടായെങ്കിൽ പ്രസ്താവന പിൻവലിക്കാമെന്ന് മാക്സി പറഞ്ഞു.
ഭരണം മാറിയപ്പോൾ താമസക്കാർ ഒതളങ്ങപോലെ തിരിഞ്ഞു എന്നായിരുന്നു മാക്സി കഴിഞ്ഞ ദിവസം പറഞ്ഞത്. നിർമ്മാണ അപാകതയിൽ അന്വേഷണം നടത്തുകയാണെങ്കിൽ സഹകരിക്കും. ഫ്ലാറ്റിലെ പാവങ്ങളായ താമസക്കാരെ സംരക്ഷിക്കണമെന്നാണ് തൻ്റെ നിലപാടെന്നും കെ ജെ മാക്സി പറഞ്ഞു.
പിന്നാക്ക അവസ്ഥയിൽ നിൽക്കുന്ന ജനവിഭാഗത്തെ ഉയർത്തിക്കൊണ്ടുവരാനുള്ള ശ്രമമാണ് എൽഡിഎഫ് സർക്കാർ ചെയ്തത്. കെട്ടിട നിർമാണത്തിൽ എന്തെങ്കിലും അപാകതകൾ ഉണ്ടായിട്ടുണ്ടെങ്കിൽ പരിഹരിക്കാൻ എല്ലാവരും ബാധ്യസ്ഥരാണ്. ഇതിനായുള്ള ശ്രമം നടക്കുമ്പോൾ ഭരണം മാറിയതോടെ സ്ഥിതി മാറി.