വ്യാജ മുദ്രയടിച്ച് വിതരണം ചെയ്ത അസംസ്കൃത മാംസം തിരിച്ചുവിളിച്ച് യു.എസ്.ഡി.എ
അമേരിക്കയിലെ നോർത്ത് കരോലിന ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്റ്റാർ മീറ്റ് ഡെലിവറി എന്ന കമ്പനി വിതരണം ചെയ്ത 160,000ലധികം പൗണ്ട് അസംസ്കൃത മാംസ ഉത്പന്നങ്ങൾ തിരിച്ചുവിളിക്കുന്നു. അമേരിക്കൻ കൃഷി മന്ത്രാലയത്തിന്റെ ഫെഡറൽ പരിശോധനകൾ പൂർത്തിയാക്കാതെയും, ഉത്പന്നങ്ങൾ സുരക്ഷിതവും ഗുണനിലവാരമുള്ളതുമാണെന്ന് സാക്ഷ്യപ്പെടുത്താതെയും വിപണിയിലെത്തിച്ചതിനെ തുടർന്നാണ് ഈ നടപടി.
പരിശോധന നടത്തിയിട്ടില്ലെന്ന് മാത്രമല്ല, ഭരണകൂടത്തിന്റെ വ്യാജ പരിശോധനാ മുദ്ര പതിപ്പിച്ചാണ് ഇവ വിതരണം ചെയ്തതെന്നും ഭക്ഷ്യ സുരക്ഷാ വിഭാഗം കണ്ടെത്തിയിട്ടുണ്ട്. ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്കോ മരണത്തിനോ വരെ കാരണമായേക്കാവുന്ന ഉയർന്ന ആരോഗ്യ അപകടസാധ്യതയുള്ള ഉത്പന്നങ്ങളുടെ ഗണത്തിലാണ് ഇവയെ ഉൾപ്പെടുത്തിയിരിക്കുന്നത്.പരിശോധന ഇല്ലാത്ത മാംസങ്ങളിൽ അലർജി ഉണ്ടാക്കുന്ന ഘടകങ്ങളോ രോഗാണുക്കളോ അടങ്ങിയിരിക്കാൻ സാധ്യതയുണ്ടെന്ന് അധികൃതർ വ്യക്തമാക്കുന്നു. സ്ഥാപന നമ്പർ അടങ്ങിയ വ്യാജ മുദ്ര പതിപ്പിച്ച ഈ ഉത്പന്നങ്ങൾ ഉപയോഗിക്കുന്നത് സുരക്ഷിതമല്ലെന്നും ജാഗ്രത പാലിക്കണമെന്നും ഉദ്യോഗസ്ഥർ നിർദ്ദേശം നൽകി.