വന്യജീവികൾ വിള നശിപ്പിച്ചാൽ ഇനി നഷ്ടപരിഹാരം ഇരട്ടി; തേങ്ങയും അടയ്ക്കയും നശിപ്പിച്ചാലും ധനസഹായം
പ്രസിദ്ധീകരിച്ചത്: 18 Sep, 2026
വന്യജീവികൾ കാർഷിക വിളകൾ നശിപ്പിച്ചാൽ കർഷകർക്കുണ്ടാകുന്ന നഷ്ടങ്ങൾക്ക് ആശ്വാസവുമായി വനംവകുപ്പ്. വിപണി മൂല്യവും വിളനാശത്തിന്റെ അളവും കണക്കാക്കി കർഷകർക്ക് നൽകുന്ന നഷ്ടപരിഹാരത്തുക നിലവിലുള്ളതിന്റെ ഇരട്ടിയാക്കാനുള്ള നിർണ്ണായക ഉത്തരവ് ഉടൻ പുറത്തിറങ്ങും. മന്ത്രി ഷിബു ബേബിജോണിന്റെ നിർദേശപ്രകാരമാണ് വനംവകുപ്പ് പുതിയ നിർദ്ദേശങ്ങൾ തയ്യാറാക്കിയിരിക്കുന്നത്.നിലവിൽ തെങ്ങിനോ മറ്റ് മരങ്ങൾക്കോ കേടുപാടുകൾ സംഭവിച്ചാൽ മാത്രമേ നഷ്ടപരിഹാരത്തിന് വ്യവസ്ഥയുണ്ടായിരുന്നുള്ളൂ. എന്നാൽ പുതിയ നിർദ്ദേശപ്രകാരം മരത്തിന് കേടുപാടുകൾ പറ്റിയില്ലെങ്കിലും കുരങ്ങോ മലയണ്ണാനോ തേങ്ങയോ അടയ്ക്കയോ നശിപ്പിച്ചാൽ പോലും നഷ്ടപരിഹാരം ലഭിക്കും. കൊക്കോ, അടയ്ക്ക, പച്ചക്കറികൾ, മയിലുകൾ നശിപ്പിക്കുന്ന വിളകൾ എന്നിവയും ഇതിൽ ഉൾപ്പെടും. വാഴ, പച്ചക്കറി, കപ്പ, റബർ തുടങ്ങി 21 വിളകളാണ് പട്ടികയിലുള്ളത്.
- വന്യജീവി ആക്രമണത്തിലെ മരണം: മരണമുണ്ടായാൽ ആശ്രിതർക്ക് നൽകുന്ന നഷ്ടപരിഹാരം 14 ലക്ഷത്തിൽ നിന്ന് 21 ലക്ഷമായി ഉയർത്തും (പാമ്പ്, തേനീച്ച, കടന്നൽ ആക്രമണങ്ങൾ ഒഴികെ).
- പാമ്പ്/തേനീച്ച/കടന്നൽ കുത്തേറ്റുള്ള മരണം: നഷ്ടപരിഹാരം 4 ലക്ഷത്തിൽ നിന്ന് 6 ലക്ഷമാക്കും.
- 40 മുതൽ 60 ശതമാനം വരെ അംഗവൈകല്യമുണ്ടായാൽ നൽകുന്ന രണ്ടു ലക്ഷം രൂപ മൂന്നു ലക്ഷമാക്കാനും ശുപാർശയുണ്ട്. 60 ശതമാനത്തിലധികം അംഗവൈകല്യമുണ്ടായാൽ നൽകുന്ന രണ്ടരലക്ഷം രൂപ 3.75 ലക്ഷമാക്കും.