കീടനാശിനി വിൽപ്പനയിൽ കടുത്ത നിയന്ത്രണം; ശേഖരിക്കൽ, വിതരണം, വിൽപ്പന എന്നിവ ഡിജി രജിസ്ട്രിവഴിയാക്കി

കീടനാശിനി വിൽപ്പനയിൽ കടുത്ത നിയന്ത്രണം; ശേഖരിക്കൽ, വിതരണം, വിൽപ്പന എന്നിവ ഡിജി രജിസ്ട്രിവഴിയാക്കി

പ്രസിദ്ധീകരിച്ചത്: 17 Sep, 2026
ഷെയർ ചെയ്യുക:

കീടനാശിനികളുടെ വിൽപ്പന, സംഭരണം, ലൈസൻസിങ് എന്നിവയിൽ കടുത്ത നിയന്ത്രണങ്ങളുമായി കേന്ദ്ര സർക്കാർ. കീടനാശിനി നിയമത്തിൽ വരുത്തിയ ഭേദഗതികളുടെ ഭാഗമായി ഇനി മുതൽ ഡിജി രജിസ്ട്രി വഴി മാത്രമേ ഇവയുടെ വിതരണവും വിൽപ്പനയും സാധ്യമാകൂ. 

സംസ്ഥാനതല അതോറിറ്റികൾ രാജ്യത്തെ അന്തിമ അധികാരിയായ സെൻട്രൽ ഇൻസെക്റ്റിസൈഡ് ബോർഡിന്റെ മാതൃകയിൽ പരിശോധനകൾ നടത്തണം. രാജ്യത്തെവിടെയുമുള്ള കീടനാശിനികളുടെ തത്സമയ വിവരങ്ങൾ കേന്ദ്ര കൃഷി മന്ത്രാലയത്തിന് ലഭ്യമാകുന്ന രീതിയിലാണ് പുതിയ സംവിധാനം ക്രമീകരിച്ചിരിക്കുന്നത്.

 

ഡിജി രജിസ്ട്രിയിൽ രേഖപ്പെടുത്താത്ത കീടനാശിനികൾ എത്ര ചെറിയ അളവിലും കൈവശം വെയ്ക്കാനോ, കൊണ്ടുനടക്കാനോ, കൃഷിയിടങ്ങളിൽ പ്രയോഗിക്കാനോ അനുമതിയുണ്ടായിരിക്കില്ല. മദ്യ വിൽപ്പനയ്ക്ക് സമാനമായ കർശനമായ നിയന്ത്രണങ്ങളാണ് ഇതിനായി ഏർപ്പെടുത്തുന്നത്. 

കീടനാശിനികളുടെ അമിത വിൽപ്പന, അശാസ്ത്രീയമായ ഉപയോഗം, നിരോധിച്ച ഉൽപ്പന്നങ്ങൾ പേരുമാറ്റി വിൽക്കൽ, വ്യാജ ക്ഷാമം സൃഷ്ടിച്ചുള്ള വിലക്കയറ്റം എന്നിവ തടയുകയാണ് 1971-ലെ നിയമത്തിൽ ഭേദഗതി വരുത്തിക്കൊണ്ട് കേന്ദ്ര കൃഷി മന്ത്രാലയം ലക്ഷ്യമിടുന്നത്.

 

പുതിയ ഉത്തരവ് പ്രകാരം വ്യാപാരികളും വിതരണക്കാരും എല്ലാ മാസവും 15-നകം തങ്ങളുടെ സ്റ്റോക്ക്, വിൽപ്പന വിവരങ്ങൾ ഓൺലൈനായി കൃഷി മന്ത്രാലയത്തിന് സമർപ്പിക്കണം. ഓരോ കീടനാശിനിയുടെയും ലൈസൻസ് ഫീസ് 2000 രൂപയായിരിക്കും. വിവിധ കീടനാശിനികൾക്ക് നൽകേണ്ട ആകെ രജിസ്ട്രേഷൻ ഫീസ് പരമാവധി 20,000 രൂപയായി നിജപ്പെടുത്തിയിട്ടുമുണ്ട്.