ജെഫ്രി എപ്‌സ്റ്റീനെതിരെ പുതിയ നിയമപോരാട്ടം

ജെഫ്രി എപ്‌സ്റ്റീനെതിരെ പുതിയ നിയമപോരാട്ടം

പ്രസിദ്ധീകരിച്ചത്: 17 Sep, 2026
ഷെയർ ചെയ്യുക:

പ്രമുഖ വ്യവസായിയും ലൈംഗിക കുറ്റവാളിയുമായ ജെഫ്രി എപ്‌സ്റ്റീന്റെ പക്കൽ നിന്ന് പിടിച്ചെടുത്ത ചൈൽഡ് സെക്ഷ്വൽ അബ്യൂസ് മെറ്റീരിയലുകളിൽ ഉൾപ്പെട്ട ഇരകൾ എപ്‌സ്റ്റീന്റെ സ്വത്തുക്കളിൽ നിന്ന് നഷ്ടപരിഹാരം ആവശ്യപ്പെട്ട്  ഹർജി നൽകി. 

 

കുട്ടിക്കാലത്ത് എപ്‌സ്റ്റീന്റെ ശേഖരത്തിലകപ്പെട്ട രണ്ട് സ്ത്രീകളാണ് മാൻഹട്ടൻ ഫെഡറൽ ഡിസ്ട്രിക്റ്റ് കോടതിയിൽ ഹർജി നൽകിയത്. എപ്‌സ്റ്റീന്റെ സ്വത്തുക്കളുടെ ചുമതലക്കാരായ ഡാരൻ ഇൻഡൈക്ക്, റിച്ചാർഡ് ഖാൻ എന്നിവർക്കെതിരെയാണ് നിയമനടപടി.

എപ്‌സ്റ്റീന്റെ ന്യൂയോർക്കിലെ വസതിയിൽ നിന്ന് ഫെഡറൽ അന്വേഷണ ഏജൻസികൾ 2019-ൽ പിടിച്ചെടുത്ത ആയിരക്കണക്കിന് ചിത്രങ്ങളിലും വീഡിയോകളിലും ഉൾപ്പെട്ട 40-ലധികം ആളുകൾക്കായി കുറഞ്ഞത് 6 മില്യൺ ഡോളറാണ് (ഏകദേശം 50 കോടിയോളം രൂപ) ഹർജിയിലൂടെ ആവശ്യപ്പെട്ടിരിക്കുന്നത്. 

ഹർജിക്കാരിൽ ഒരാളായ 'ജെയ്ൻ ഡോ' തനിക്ക് 12 വയസ്സുള്ളപ്പോൾ എടുത്ത ചിത്രങ്ങൾ എപ്‌സ്റ്റീൻ മോഷ്ടിച്ചതാണെന്ന് ആരോപിക്കുമ്പോൾ, എപ്‌സ്റ്റീന്റെ പക്കൽ നിന്ന് പിടിച്ചെടുത്ത ദൃശ്യങ്ങൾ ഇന്നും ഇന്റർനെറ്റിൽ വിറ്റഴിക്കപ്പെടുന്നുണ്ടെന്ന് 'ആമി' എന്ന രണ്ടാമത്തെ ഹർജിക്കാരി വ്യക്തമാക്കുന്നു. 

 

എപ്‌സ്റ്റീനിൽ നിന്ന് നേരിട്ട് ലൈംഗികാതിക്രമം നേരിട്ടവർക്ക് പുറമെ, ചിത്രങ്ങളിലൂടെയും വീഡിയോകളിലൂടെയും ചൂഷണത്തിന് ഇരയായവർക്കും നീതി ഉറപ്പാക്കുകയാണ് ഈ ഹർജിയുടെ ലക്ഷ്യം.

 

ശേഖരത്തിൽ ഉൾപ്പെട്ട വ്യക്തികളെ തിരിച്ചറിയുന്നതിനായി എപ്‌സ്റ്റീന്റെ എസ്റ്റേറ്റും ഫെഡറൽ അധികൃതരും ചേർന്ന് 'നാഷണൽ സെന്റർ ഫോർ മിസ്സിംഗ് ആൻഡ് എക്സ്പ്ലോയിറ്റഡ് ചിൽഡ്രൻ' (NCMEC) എന്ന സംഘടനയുമായി സഹകരിച്ച് പ്രവർത്തിക്കണമെന്ന് ഹർജിയിൽ ആവശ്യപ്പെടുന്നു.