അമേരിക്കൻ സുപ്രീം കോടതിയിൽ ഡൊണാൾഡ് ട്രംപിന് വൻ തിരിച്ചടി

അമേരിക്കൻ സുപ്രീം കോടതിയിൽ ഡൊണാൾഡ് ട്രംപിന് വൻ തിരിച്ചടി

പ്രസിദ്ധീകരിച്ചത്: 12 Sep, 2026
ഷെയർ ചെയ്യുക:

യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ശക്തമായ പിന്തുണയോടെ റിപ്പബ്ലിക്കൻ പാർട്ടി തയാറാക്കിയ പുതിയ കോൺഗ്രഷണൽ മണ്ഡല നിർണ്ണയ ഭൂപടത്തിന് അമേരിക്കൻ സുപ്രീം കോടതിയുടെ തിരിച്ചടി. വരാനിരിക്കുന്ന ഇടക്കാല തിരഞ്ഞെടുപ്പിൽ പുതിയ ഭൂപടം ഉപയോഗിക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് മിസോറി സംസ്ഥാന അധികൃതർ സമർപ്പിച്ച അപ്പീൽ രാജ്യത്തെ പരമോന്നത കോടതി തള്ളി.

 

മിസോറിയിലെ പൗരന്മാർ സമർപ്പിച്ച പൊതുജന ഹർജി കണക്കിലെടുത്ത് സംസ്ഥാന സുപ്രീം കോടതി നേരത്തെ പുറപ്പെടുവിച്ച വിധി അമേരിക്കൻ സുപ്രീം കോടതി ശരിവയ്ക്കുകയായിരുന്നു. ജനങ്ങളുടെ വോട്ടെടുപ്പിലൂടെ മാത്രമേ പുതിയ മണ്ഡല പുനർനിർണ്ണയം നടപ്പിലാക്കാൻ സാധിക്കൂ എന്ന നിലപാടിലാണ് കോടതി എത്തിച്ചേർന്നത്.നവംബറിൽ നടക്കുന്ന യുഎസ് ജനപ്രതിനിധി സഭാ തിരഞ്ഞെടുപ്പിൽ നേരിയ ഭൂരിപക്ഷം നിലനിർത്താൻ ശ്രമിക്കുന്ന റിപ്പബ്ലിക്കൻ പാർട്ടിക്ക് ഈ കോടതി വിധി വലിയ തിരിച്ചടിയാണ് സമ്മാനിച്ചിരിക്കുന്നത്. ട്രംപിന്റെ നിർദ്ദേശപ്രകാരം സംസ്ഥാനങ്ങളിൽ മണ്ഡലതിർത്തികൾ പുനർനിർണ്ണയിക്കാൻ നടത്തിയ ശ്രമങ്ങൾക്കാണ് ഇപ്പോൾ തിരിച്ചടി നേരിട്ടിരിക്കുന്നത്.

കഴിഞ്ഞ വർഷമാണ് ട്രംപിന്റെ പ്രേരണയാൽ മിസോറിയിൽ ഡെമോക്രാറ്റിക് പാർട്ടിയുടെ ഉറച്ച മണ്ഡലങ്ങളെ തകർക്കുന്ന രീതിയിൽ പുതിയ മണ്ഡല ഭൂപടം നിർമ്മിച്ചത്. കാൻസസ് സിറ്റിയിൽ നിന്നുള്ള പ്രമുഖ ഡെമോക്രാറ്റിക് പ്രതിനിധി ഇമ്മാനുവൽ ക്ലീവറിന്റെ മണ്ഡലത്തെ ലക്ഷ്യമിട്ടായിരുന്നു പ്രധാന മാറ്റങ്ങൾ.

 

ഡെമോക്രാറ്റുകൾക്ക് മുൻതൂക്കമുള്ള മേഖലകളെ ഗ്രാമീണ റിപ്പബ്ലിക്കൻ മേഖലകളുമായി കൂട്ടിച്ചേർത്ത് വോട്ട് വിഭജിക്കുക എന്ന തന്ത്രമാണ് റിപ്പബ്ലിക്കൻ പാർട്ടി പയറ്റിയത്. എന്നാൽ ഇതിനെതിരെ മൂന്ന് ലക്ഷത്തിലധികം ജനങ്ങൾ ഒപ്പുവെച്ച ഭീമഹർജി സമർപ്പിക്കപ്പെടുകയായിരുന്നു.

 

മണ്ഡല പുനർനിർണ്ണയ നിയമം ജനഹിത പരിശോധനയ്ക്ക് വിധേയമാക്കണമെന്ന് ആവശ്യപ്പെട്ട് ഉയർന്ന പ്രതിഷേധം സംസ്ഥാന സുപ്രീം കോടതി അംഗീകരിച്ചു. ജനങ്ങൾ വോട്ട് ചെയ്ത് അംഗീകരിക്കുന്നത് വരെ പുതിയ ഭൂപടം പ്രാബല്യത്തിൽ വരില്ലെന്ന് സംസ്ഥാന കോടതി വിധിച്ചിരുന്നു.