യുഡിഎഫ് കേന്ദ്രങ്ങളിൽ വോട്ട് ചോർന്നു, കണക്കുകൾ പുറത്ത് വിടും; പി വി അൻവർ
ബേപ്പൂരിലെ തോൽവിയിൽ വീണ്ടും ഫേസ്ബുക്ക് പോസ്റ്റുമായി പി വി അൻവർ.
യുഡിഎഫ് കേന്ദ്രങ്ങളിൽ വോട്ടു കുറഞ്ഞെന്നും എന്നാൽ ഇടത് കോട്ടകളിൽ മുന്നേറ്റമുണ്ടായെന്നുമാണ് അൻവർ ചൂണ്ടിക്കാട്ടുന്നത്. യുഡിഎഫ് പ്രവർത്തകരിൽ ചിലർ സഹകരിച്ചില്ല. പോസ്റ്ററുകളും നോട്ടീസുകളും ഉപയോഗിക്കാതെ കൂട്ടിയിട്ടത് കണ്ടെന്നും അൻവർ ആരോപിക്കുന്നുമുണ്ട്.
ബേപ്പൂരിൽ പരാജയപ്പെട്ടതോ അതോ,പരാജയപ്പെടുത്തിയതോ….?
പിണറായി സർക്കാർ ഏകാധിപത്യ പ്രവണതയും,ഉദ്യോഗസ്ഥ ഭരണവും കൊണ്ട് ജനഹിതം മറന്നപ്പോൾ ഞാൻ നടത്തിയ പോരാട്ടങ്ങളെ തള്ളിപ്പറയാൻ ഇതു വായിക്കുന്ന നിങ്ങൾക്ക് സാധിക്കുമോ?
ജനങ്ങൾക്കെതിരായി മാറിയ ആ സർക്കാറിനെ താഴെയിറക്കാൻ ഞാൻ ഉന്നയിച്ച വിഷയങ്ങളും,അതിലുറച്ചു നിന്ന് ഞാൻ നടത്തിയ മുന്നേറ്റങ്ങളും അതിനു വേണ്ടി ഞാൻ സഹിച്ച ത്യാഗങ്ങളും ഇല്ലെന്നു പറയാൻ ആർക്കാണ് സാധിക്കുക!?
ഉണ്ടായിരുന്ന സ്ഥാനമാനങ്ങളെ ത്യജിച്ചു കൊണ്ട് സ്വന്തം രാഷ്ട്രീയ ഭാവിക്കോ,ജീവനോ സ്വത്തിനോ പോലും ഉണ്ടായേക്കാവുന്ന നാശനഷ്ടങ്ങളെ ഭയപ്പെടാതെ, ഉന്നയിച്ച വിഷയങ്ങളിൽ അവസാന നിമിഷം വരെ നീതിക്കുവേണ്ടി പോരാടാൻ ഞാൻ ശ്രമിക്കുകയും അതിൽ വിജയിക്കുകയും ചെയ്തതിൽ എനിക്ക് അനല്പമായ സന്തോഷം ഇന്നുമുണ്ട്.
നിയമസഭയ്ക്കകത്ത് തുടക്കം കുറിക്കുകയും പിന്നീട് കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പ് വരെ രണ്ടു വർഷത്തോളം കാലം നീണ്ടുനിൽക്കുകയും ചെയ്ത ആ സംഭവ വികാസങ്ങൾ കേരളത്തിലെ ജനങ്ങൾ പത്രമാധ്യമങ്ങളിലൂടെടെയും,സോഷ്യൽ മീഡിയയിലൂടെയും നേരിട്ട് കണ്ടവരാണ്.