തൃപ്പൂണിത്തുറ അത്തച്ചമയ ഘോഷയാത്രയുടെ ആവേശത്തിൽ കേരളം; മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും, നഗരത്തിൽ ഗതാഗത നിയന്ത്രണം
ഓണാഘോഷങ്ങളുടെ വരവറിയിക്കുന്ന ചരിത്ര പ്രസിദ്ധമായ തൃപ്പൂണിത്തുറ അത്തച്ചമയം ഇന്ന്.അത്തം നഗറിൽ രാവിലെ 9 ന് അത്താഘോഷ പരിപാടികളുടെ ഉദ്ഘാടനം മുഖ്യമന്ത്രി വി ഡി സതീശൻ നിർവഹിക്കും.ചടങ്ങിൽ മന്ത്രി അനൂപ് ജേക്കബ് പതാക ഉയർത്തും. തുടർന്ന് ചലച്ചിത്ര താരം ജഗദീഷ് ഘോഷയാത്ര ഫ്ലാഗ് ഓഫ് ചെയ്യും.
പുലികളി, തെയ്യം, വേലകളി, ചെണ്ടമേളം തുടങ്ങിയ തനത് നാടൻ കലാരൂപങ്ങളുടെ അകമ്പടിയോടെയാണ് ഘോഷയാത്ര തൃപ്പൂണിത്തുറ നഗരത്തെ ആഘോഷത്തിലാഴ്ത്തുന്നത്. ഞായറാഴ്ച അവധി ദിവസമായതിനാൽ വൻ ജനത്തിരക്ക് ഉണ്ടാകാനാണ് സാധ്യത. അതിനാൽ തന്നെ നഗരത്തിൽ വിപുലമായ സുരക്ഷാ സംവിധാനങ്ങളും ഗതാഗത ക്രമീകരണങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്.
അത്തം ഘോഷയാത്രയുടെ ഭാഗമായി തൃപ്പുണിത്തുറ നഗരത്തിൽ ഇന്ന് രാവിലെ 8 മുതൽ വൈകിട്ട് 3 വരെ കൊച്ചിയിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. കോട്ടയം ഭാഗത്തു നിന്നു വരുന്ന വലിയ വാഹനങ്ങൾ മുളന്തുരുത്തി, ചോറ്റാനിക്കര, തിരുവാങ്കുളം, സീപോർട്ട് - എയർപോർട്ട് റോഡ് വഴി എറണാകുളം ഭാഗത്തേക്ക് പോകണം.