നാലരക്കോടി ഫണ്ട് വിനിയോഗം: തന്നെ തെറ്റിദ്ധരിപ്പിച്ചതാണ്, അങ്ങനെ ഒരു സംഭവമുണ്ടായില്ലെന്ന് പി സി ജോർജ്
പൂഞ്ഞാറിൽ നാലരക്കോടി രൂപ ചെലവഴിച്ചെന്ന വെളിപ്പെടുത്തലിൽ മലക്കം മറിഞ്ഞ് പി സി ജോർജ്. തന്നെ തെറ്റിദ്ധരിപ്പിച്ചതാണെന്നും അങ്ങനെ ഒരു സംഭവമുണ്ടായില്ലെന്നും പി സി ജോർജ് പറഞ്ഞു.
'ഈ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഒരു രൂപ പോലും ഞാൻ ആരോടും വാങ്ങിയിട്ടുമില്ല, കൊടുത്തിട്ടുമില്ല. പാർട്ടിക്കുള്ളിലെ കുശുമ്പന്മാരാണ് ഈ വൃത്തികെട്ട പ്രചരണമുണ്ടാക്കിയത്.എരുമേലിയിലെ പ്രസംഗത്തിന് ശേഷം ബിജെപി ഔദ്യോഗികമായി കണക്ക് നൽകി. നാലരക്കോടി എന്നത് തെറ്റായ കണക്കാണ്. എന്നെ തെറ്റിദ്ധരിപ്പിച്ചതാണ്. ഒരു കാരണവശാലും ആ രീതിയിൽ പ്രചരണം നടത്തുന്നത് ശരിയല്ല. പച്ചക്കള്ളമാണ്. സജി കുരിക്കാട് സത്യസന്ധനായ അധ്യാപകനാണ്. ആരോടും ഒരു പണം പോലും വാങ്ങില്ല. അയാളൊന്നും വൃത്തികേട് ചെയ്യില്ല', പി സി ജോർജ് കൂട്ടിച്ചേർത്തു.
എരുമേലിയിലെ ബിജെപി യോഗത്തിലെ വെളിപ്പെടുത്തലാണ് പി സി ജോർജ് തള്ളിപ്പറഞ്ഞത്. പൂഞ്ഞാർ മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് ഫണ്ടിൽ വലിയ തട്ടിപ്പ് നടന്നെന്നാണ് പി സി ജോർജ് വെളിപ്പെടുത്തിയത്.
ബൂത്ത് കമ്മിറ്റികൾക്ക് നൽകാൻ നിശ്ചയിച്ച തുക പോലും നൽകിയില്ലെന്നും ബിജെപി മധ്യമേഖല ജനറൽ സെക്രട്ടറി സജി കുരിക്കാട് ആണ് തട്ടിപ്പിന് നേതൃത്വം നൽകിയതെന്നും പി സി ജോർജ് പറഞ്ഞിരുന്നു. പരമാവധി നാൽപ്പത് ലക്ഷം രൂപ മാത്രമേ ചെലവഴിക്കാവൂ എന്ന് ചട്ടമുള്ളപ്പോൾ എ ക്ലാസ് മണ്ഡലങ്ങളിൽ നാലരക്കോടി രൂപ വീതം ചെലവഴിച്ചെന്നും ജോർജ് വെളിപ്പെടുത്തിയിരുന്നു.