റിപ്പബ്ലിക്കൻ കോട്ടയായ ടെക്സസിൽ എച്ച്-1ബി വിസ അപേക്ഷകളിൽ വൻ കുതിച്ചുചാട്ടം
അമേരിക്കയിലെ ടെക്സസ് സംസ്ഥാനത്ത് എച്ച്-1ബി വിസകൾക്കെതിരെ തീവ്ര വലതുപക്ഷ മാഗ പ്രസ്ഥാനത്തിന്റെ പ്രതിഷേധങ്ങൾ ശക്തമാകുന്നതിനിടയിലും, അവിടെ വിസ അപേക്ഷകളുടെ എണ്ണത്തിൽ വൻ വർധനവാണ് രേഖപ്പെടുത്തുന്നത്. അമേരിക്കൻ തൊഴിലാളികളുടെ അവസരങ്ങൾ വിദേശികൾ കവരുന്നു എന്നാരോപിച്ച് വിസ നിയന്ത്രണങ്ങൾ വേണമെന്ന് പ്രാദേശിക ജനപ്രതിനിധികൾ ആവശ്യപ്പെടുമ്പോഴാണ് കോർപ്പറേറ്റ് സ്ഥാപനങ്ങളുടെ ഈ നീക്കം
റിപ്പബ്ലിക്കൻ പാർട്ടിക്ക് ശക്തമായ സ്വാധീനമുള്ള സബർബൻ മേഖലകളിലാണ് തൊഴിൽ വകുപ്പിൽ സമർപ്പിക്കുന്ന ലേബർ കണ്ടീഷൻ ആപ്ലിക്കേഷനുകളിൽ വൻ കുതിച്ചുചാട്ടം ഉണ്ടായിരിക്കുന്നത്. ടെക്സസിലെ പ്രമുഖ കോൺഗ്രഷണൽ ഡിസ്ട്രിക്റ്റുകളിൽ മുൻ വർഷങ്ങളെ അപേക്ഷിച്ച് വിസ സമർപ്പണം ഇരുനൂറ് ശതമാനത്തിലേറെ ഉയർന്നതായാണ് ഔദ്യോഗിക വിവരങ്ങൾ വ്യക്തമാക്കുന്നത്. ടെക് മേഖലയിലും മറ്റ് സാങ്കേതിക രംഗങ്ങളിലും വിദഗ്ധരായ ജീവനക്കാരുടെ ക്ഷാമം പരിഹരിക്കാനാണ് കമ്പനികൾ ഇപ്പോഴും വിദേശികളെ കൂടുതലായി ആശ്രയിക്കുന്നത്.
അമേരിക്കയിൽ എച്ച്-1ബി വിസ സ്വന്തമാക്കുന്നവരിൽ ഭൂരിഭാഗവും ഇന്ത്യൻ ഐടി വിദഗ്ധരാണ്. അതിനിടെ, വിസ സമ്പ്രദായത്തിൽ കടുത്ത നിയന്ത്രണങ്ങൾ വേണമെന്ന് ആവശ്യപ്പെടുന്ന റിപ്പബ്ലിക്കൻ ജനപ്രതിനിധികൾ വിജയിച്ചുവന്ന മണ്ഡലങ്ങളിൽ തന്നെ വിസ അപേക്ഷകൾ വർധിക്കുന്നത് രാഷ്ട്രീയ തലത്തിലും വലിയ ചർച്ചകൾക്ക് വഴിവെച്ചിട്ടുണ്ട്. സാമ്പത്തിക മുന്നേറ്റത്തിന് വിദഗ്ധ തൊഴിലാളികൾ വേണമെന്ന കമ്പനികളുടെ ആവശ്യവും, വിദേശ തൊഴിലാളികൾക്കെതിരായ രാഷ്ട്രീയ നിലപാടുകളും തമ്മിലുള്ള വലിയൊരു വൈരുധ്യമാണ് നിലവിൽ ടെക്സസിൽ കാണാൻ കഴിയുന്നത്.