ഹെലികോപ്റ്റർ യാത്രയിൽ സർക്കാരിന് ഇരട്ടനിലപാട്; മുഖ്യമന്ത്രിയെയും സർക്കാരിനെയും വിമർശിച്ച് കെ. രാജൻ
മുഖ്യമന്ത്രിയുടെ ഹെലികോപ്റ്റർ യാത്രയെ ചൊല്ലി ഉണ്ടായ വിവാദത്തിൽ സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി മുൻ റവന്യൂ മന്ത്രി കെ. രാജൻ. ഹെലികോപ്റ്റർ യാത്ര സ്വകാര്യ ആവശ്യത്തിനായിരുന്നുവെന്നാണ് ആരോഗ്യമന്ത്രി പറയുന്നതെന്നും, ഔദ്യോഗിക ആവശ്യത്തിനായിരുന്നുവെന്നാണ് മുഖ്യമന്ത്രി പറയുന്നതെന്നും ചൂണ്ടിക്കാട്ടിയ അദ്ദേഹം, ഇക്കാര്യത്തിൽ സർക്കാർ ആദ്യം ഒരു നിലപാടിലെത്തണമെന്ന് പരിഹസിച്ചു.
ഇൻവെസ്റ്ററെ കാണാനാണ് ഹെലികോപ്റ്റർ യാത്ര നടത്തിയതെന്ന മുഖ്യമന്ത്രിയുടെ വിശദീകരണം വിശദമായി പരിശോധിക്കണമെന്നും കെ. രാജൻ ആവശ്യപ്പെട്ടു. വ്യവസായ മന്ത്രിയെ പോലും അറിയിക്കാതെ ഒരു നിക്ഷേപകനെ കാണാൻ മുഖ്യമന്ത്രിക്ക് ഒറ്റയ്ക്ക് പോകാനാകുമോയെന്ന് അദ്ദേഹം ചോദിച്ചു. മുഖ്യമന്ത്രിയുടെ വാദം യാഥാർഥ്യമാണോ എന്ന് പരിശോധിക്കണമെന്നും, ഇപ്പോൾ വെളിപ്പെടുത്തിയില്ലെങ്കിലും ആ നിക്ഷേപകൻ ആരാണെന്ന് പിന്നീട് വ്യക്തമാക്കേണ്ട സാഹചര്യം ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്തെ മഴക്കെടുതിയും ദുരന്തനിവാരണ പ്രവർത്തനങ്ങളിലുണ്ടായ വീഴ്ചകളും കെ. രാജൻ വിമർശിച്ചു. രക്ഷാപ്രവർത്തനങ്ങളിൽ പാളിച്ചകൾ ഉണ്ടായതായി ഭരണകക്ഷി എംഎൽഎ അബിൻ വർക്കി വരെ സമ്മതിച്ചിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.