തൃശൂര്‍ മെഡിക്കൽ കോളേജ് ആശുപത്രിയിൽ തീപിടുത്തം; തീയണയ്ക്കാനുള്ള ശ്രമം തുടരുന്നു
തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ തീപിടുത്തം. നിർമ്മാണം നടക്കുന്ന അമ്മയും കുഞ്ഞും വാർഡിലാണ് തീപിടുത്തം ഉണ്ടായത്.
പുക ഉയരുന്നത് കണ്ടതിനെത്തുടർന്ന് നാട്ടുകാരും രോഗികളുടെ കൂട്ടിരിപ്പുകാരുമാണ് പോലീസിനെ വിവരമറിയിച്ചത്.കിഫ്‌ബി ഫണ്ട് ഉപയോഗിച്ച് നിർമ്മിക്കുന്ന ഈ കെട്ടിടത്തിന്റെ പണി ഏകദേശം 90 ശതമാനവും പൂർത്തിയായിട്ടുണ്ട്. നിലവിൽ അവിടെ ഇലക്ട്രിക്കൽ ജോലികൾ അടക്കമുള്ള അവസാനഘട്ട മിനുക്കുപണികൾ നടന്നു വരികയായിരുന്നു. തൃശ്ശൂരിൽ നിന്നും വടക്കാഞ്ചേരിയിൽ നിന്നുമായി നാലോളം ഫയർഫോഴ്സ് യൂണിറ്റുകൾ സ്ഥലത്തെത്തി തീ അണയ്ക്കാനുള്ള ശ്രമങ്ങൾ നടത്തിക്കൊണ്ടിരിക്കുകയാണ്.നിലവിൽ പണി നടന്നുകൊണ്ടിരിക്കുന്ന കെട്ടിടമായതിനാലും സമീപത്ത് മറ്റ് കെട്ടിടങ്ങൾ ഇല്ലാത്തതിനാലും ആളപായമോ ആർക്കെങ്കിലും പരിക്കോ ഉണ്ടാകാൻ സാധ്യതയില്ലെന്ന് അധികൃതർ വിലയിരുത്തുന്നു.കെട്ടിടത്തിൽ നടന്നുകൊണ്ടിരുന്ന ഡ്രില്ലിംഗ് മെഷീനിൽ നിന്നോ അല്ലെങ്കിൽ ഷോർട്ട് സർക്യൂട്ട് മൂലമോ ആകാം തീപിടുത്തം ഉണ്ടായതെന്നാണ് പ്രാഥമിക നിഗമനം