പരീക്ഷാ ക്രമക്കേട്: കമ്പ്യൂട്ടർ കൈമാറാൻ വിസമ്മതിച്ച് പിഎസ്‌സി; അന്വേഷണം കടുപ്പിച്ച് എസ്‌ഐടി

പരീക്ഷാ ക്രമക്കേട്: കമ്പ്യൂട്ടർ കൈമാറാൻ വിസമ്മതിച്ച് പിഎസ്‌സി; അന്വേഷണം കടുപ്പിച്ച് എസ്‌ഐടി

പ്രസിദ്ധീകരിച്ചത്: 05 Aug, 2026
ഷെയർ ചെയ്യുക:

പരീക്ഷാ ക്രമക്കേട് കേസിൽ അന്വേഷണവുമായി സഹകരിക്കാൻ തയ്യാറാകാതെ കേരള പബ്ലിക് സർവീസ് കമ്മിഷൻ (പിഎസ്‌സി). അന്വേഷണത്തിന് നിർണായക തെളിവായി കണക്കാക്കുന്ന പരീക്ഷാ വിഭാഗത്തിലെ കമ്പ്യൂട്ടർ കൈമാറണമെന്ന പ്രത്യേക അന്വേഷണ സംഘത്തിന്റെ (എസ്‌ഐടി) ആവശ്യമാണ് പിഎസ്‌സി നിരസിച്ചത്.

പരീക്ഷാ നടപടികൾ മുഴുവൻ നിയന്ത്രിക്കാൻ പ്രസ്തുത കമ്പ്യൂട്ടർ അനിവാര്യമാണെന്നാണ് പിഎസ്‌സിയുടെ വിശദീകരണം. തെളിവ് ശേഖരണത്തിന്റെ ഭാഗമായി കമ്പ്യൂട്ടർ കൈമാറണമെന്ന് ആവശ്യപ്പെട്ട് എസ്‌ഐടി കത്തയച്ചിരുന്നെങ്കിലും അനുകൂല പ്രതികരണം ലഭിച്ചില്ല. ഇതോടെ തുടർനടപടികൾക്കായി എസ്‌ഐടി നിയമോപദേശം തേടിയിരിക്കുകയാണ്.

 

അതേസമയം, പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട പരാതികൾ വർധിച്ചുകൊണ്ടിരിക്കുകയാണ്. എസ്‌ഐടിക്ക് ലഭിച്ച പരാതികളുടെ എണ്ണം നൂറ് കടന്നതായി അന്വേഷണസംഘം അറിയിച്ചു. എല്ലാ പരാതിക്കാരുടെയും മൊഴി രേഖപ്പെടുത്തിയിട്ടുണ്ടെന്നും പരമാവധി തെളിവുകൾ ശേഖരിക്കാനുള്ള ശ്രമം തുടരുകയാണെന്നും അധികൃതർ വ്യക്തമാക്കി.