ഇന്ത്യയിലെ എഫ്‌സിആർ‌എ ബിൽ ക്രിസ്ത്യാനികൾക്ക് നേരെയുള്ള കടന്നാക്രമണം

ഇന്ത്യയിലെ എഫ്‌സിആർ‌എ ബിൽ ക്രിസ്ത്യാനികൾക്ക് നേരെയുള്ള കടന്നാക്രമണം

പ്രസിദ്ധീകരിച്ചത്: 05 Aug, 2026
ഷെയർ ചെയ്യുക:

ഇന്ത്യയിൽ വിദേശ സംഭാവന നിയന്ത്രണ നിയമത്തിൽ കൊണ്ടുവരുന്ന പുതിയ ഭേദഗതികൾ ക്രിസ്ത്യാനികൾക്കെതിരെയുള്ള വ്യക്തമായ ആക്രമണമാണെന്ന ആരോപണവുമായി അമേരിക്കൻ ജനപ്രതിനിധി. ഈ നിയമം പാസാക്കുകയാണെങ്കിൽ ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തെ സാരമായി ബാധിക്കുമെന്ന് റിപ്പബ്ലിക്കൻ കോൺഗ്രസ്മാൻ റൈലി മൂർ താക്കീത് നൽകി. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്സിലൂടെയാണ് യുഎസ് ജനപ്രതിനിധി ഇന്ത്യാ സർക്കാരിന്റെ പുതിയ എഫ്സിആർഎ ഭേദഗതി ബില്ലിനെതിരെ കടുത്ത വിമർശനം ഉന്നയിച്ചത്.

യേശുക്രിസ്തുവിന്റെ പുനരുത്ഥാനത്തിന് തൊട്ടുപിന്നാലെ വിശുദ്ധ തോമാശ്ലീഹാ മലബാർ തീരത്ത് എത്തിയത് മുതൽ ഇന്ത്യയിൽ ക്രിസ്തുമതത്തിന് നീണ്ട ചരിത്രമുണ്ടെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. ഇത്രയും ദീർഘമായ ചരിത്ര പാരമ്പര്യമുള്ള ഒരു രാജ്യത്ത് സഭകളുടെയും ചാരിറ്റി സ്ഥാപനങ്ങളുടെയും നിയന്ത്രണം സർക്കാരിന് ഏറ്റെടുക്കാൻ വ്യവസ്ഥ ചെയ്യുന്ന നിയമം കൊണ്ടുവരുന്നത് അംഗീകരിക്കാൻ കഴിയില്ലെന്ന് മൂർ വ്യക്തമാക്കി. എഫ്സിആർഎ രജിസ്ട്രേഷൻ റദ്ദാക്കപ്പെടുകയോ കാലാവധി കഴിയുകയോ ചെയ്യുന്ന സ്ഥാപനങ്ങളുടെ വിദേശ ഫണ്ടുകളും ആസ്തികളും ഏറ്റെടുക്കാൻ കേന്ദ്ര സർക്കാരിന് അധികാരം നൽകുന്നതാണ് പുതിയ ബിൽ.

 

വിദേശ ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച വിദ്യാലയങ്ങളും ആശുപത്രികളും ആരാധനാലയങ്ങളും സർക്കാർ ഏജൻസികളുടെ കീഴിലാക്കാൻ ഈ നിയമ ഭേദഗതി വഴി സാധിക്കും. വിദേശ ധനസഹായം ലഭിക്കുന്ന സഭകൾക്കും മറ്റ് ജീവകാരുണ്യ പ്രസ്ഥാനങ്ങൾക്കും മേൽ വൻ ഭീഷണിയാണ് ഈ നീക്കം ഉയർത്തുന്നതെന്ന് അമേരിക്കൻ ജനപ്രതിനിധി ചൂണ്ടിക്കാട്ടി. ഇത്തരമൊരു വിവേചനപരമായ ബില്ലുമായി കേന്ദ്ര സർക്കാർ മുന്നോട്ട് പോയാൽ അത് ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിൽ വലിയ ആശങ്കകൾക്ക് വഴിതുറക്കും.