ഗണേഷ് കുമാറിന്റെ ഡ്രൈവിംഗ് ലൈസൻസ് വിവാദം: അടിയന്തര അന്വേഷണത്തിന് ഉത്തരവ്; 'MLA' പദവി നീക്കും
പ്രസിദ്ധീകരിച്ചത്: 16 Jul, 2026
മുൻ ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാറിന്റെ ഡ്രൈവിംഗ് ലൈസൻസുമായി ബന്ധപ്പെട്ട വിവാദത്തിൽ ഗതാഗത വകുപ്പ് അടിയന്തര അന്വേഷണം ആരംഭിച്ചു. സംഭവത്തിൽ വിശദമായ പരിശോധന നടത്തി ആവശ്യമായ നടപടി സ്വീകരിക്കാൻ സൗത്ത് സോൺ ഡെപ്യൂട്ടി ട്രാൻസ്പോർട്ട് കമ്മീഷണറെ ഗതാഗത കമ്മീഷണർ ചുമതലപ്പെടുത്തി.
ലൈസൻസിൽ പേരിനൊപ്പം ചേർത്തിരിക്കുന്ന "MLA" എന്ന പദവി ഒഴിവാക്കാനും, ഗതാഗത വകുപ്പിന്റെ ഡാറ്റാബേസിലെ വിവരങ്ങൾ ഉടൻ തിരുത്താനും ബന്ധപ്പെട്ട ലൈസൻസിംഗ് അതോറിറ്റിക്ക് നിർദേശം നൽകും.
അതോടൊപ്പം, 18 വയസ് പൂർത്തിയാകുന്നതിന് മുമ്പ് ഗണേഷ് കുമാറിന് ഡ്രൈവിംഗ് ലൈസൻസ് അനുവദിച്ചെന്ന ആരോപണവും അന്വേഷണ പരിധിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ലൈസൻസ് അനുവദിച്ച സമയത്ത് നിയമങ്ങളും മാനദണ്ഡങ്ങളും പാലിച്ചോയെന്ന കാര്യവും പരിശോധിക്കും.