കൗമാരക്കാരന്റെ ദുരൂഹ മരണം: ബോട്ടില്‍ തര്‍ക്കമുണ്ടായതായി അഭിഭാഷകന്‍; സ്വതന്ത്ര പോസ്റ്റ്മോര്‍ട്ടത്തിന് കുടുംബം
അമേരിക്കയിലെ മിസിസിപ്പിയില്‍ പതിനെട്ടുകാരനായ കോളജ് ഫുട്‌ബോള്‍ താരം നോളന്‍ സേവ്യര്‍ വെല്‍സിന്റെ മരണത്തില്‍ ദുരൂഹതയാരോപിച്ച് കുടുംബം. ജൂലൈ നാലിന് സുഹൃത്തുക്കള്‍ക്കൊപ്പം ബോട്ട് യാത്രയ്ക്ക് പോയ നോളനെ കാണാതാവുകയും പിന്നീട് ഹോണ്‍ ഐലന്‍ഡിന് സമീപം കടലില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയുമായിരുന്നു. എന്നാല്‍ മകന്റെ മരണത്തില്‍ അസ്വാഭാവികതയുണ്ടെന്നും മരണത്തിന് പിന്നിലെ സത്യാവസ്ഥ പുറത്തുകൊണ്ടുവരാന്‍ സ്വതന്ത്ര പോസ്റ്റ്മോര്‍ട്ടം നടത്തുമെന്നും കുടുംബത്തിന്റെ അഭിഭാഷകനായ ബെന്‍ ക്രംപ് വ്യക്തമാക്കി.
നോളന്റെ മരണത്തില്‍ അസ്വാഭാവികതയൊന്നും പ്രഥമദൃഷ്ട്യാ കാണുന്നില്ലെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. എന്നാല്‍ നോളനും സുഹൃത്തുക്കളും സഞ്ചരിച്ച ബോട്ടില്‍ വെച്ച് തര്‍ക്കമുണ്ടായതായി തെളിയിക്കുന്ന ദൃശ്യങ്ങള്‍ മറ്റ് ചില വിദ്യാര്‍ത്ഥികള്‍ റെക്കോര്‍ഡ് ചെയ്തിട്ടുണ്ടെന്ന് അഭിഭാഷകന്‍ ബെന്‍ ക്രംപ് വെളിപ്പെടുത്തി. ബോട്ടില്‍ വെച്ച് നോളനും മറ്റൊരാളും തമ്മില്‍ പരസ്പരം വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെടുന്നതാണ് ദൃശ്യങ്ങളിലുള്ളത്.
മാത്രമല്ല, ഹോണ്‍ ഐലന്‍ഡില്‍ നോളനെ തനിച്ചാക്കിയാണ് സുഹൃത്തുക്കള്‍ മടങ്ങിയത്. നോളന്‍ അവിടെ സ്വമേധയാ തുടരാന്‍ തീരുമാനിക്കുകയായിരുന്നു എന്നാണ് സുഹൃത്തുക്കള്‍ പൊലീസിനോട് പറഞ്ഞത്. എന്നാല്‍ തിരികെ വരുമ്പോള്‍ നോളന്റെ ഫോണ്‍ സുഹൃത്തുക്കള്‍ കൈവശം വെച്ചിരുന്നു. ഈ ഫോണ്‍ പിന്നീട് കുടുംബത്തിന് തിരികെ ലഭിച്ചപ്പോള്‍ അതിലെ പല പ്രധാന സന്ദേശങ്ങളും ഡിലീറ്റ് ചെയ്യപ്പെട്ട നിലയിലായിരുന്നു എന്നും അഭിഭാഷകന്‍ ആരോപിച്ചു.