ട്രംപിന് കനത്ത പ്രഹരം: ഇ. ജീൻ കരോളിന് 48 കോടിയോളം രൂപ ഉടൻ കൈമാറാൻ യു.എസ് കോടതി ഉത്തരവ്

ട്രംപിന് കനത്ത പ്രഹരം: ഇ. ജീൻ കരോളിന് 48 കോടിയോളം രൂപ ഉടൻ കൈമാറാൻ യു.എസ് കോടതി ഉത്തരവ്

പ്രസിദ്ധീകരിച്ചത്: 09 Jul, 2026
ഷെയർ ചെയ്യുക:

 യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെതിരായ ലൈംഗികാതിക്രമ, അപകീര്‍ത്തി കേസില്‍ ഉത്തരവിട്ട നഷ്ടപരിഹാര തുക പ്രമുഖ എഴുത്തുകാരിയും മാധ്യമപ്രവര്‍ത്തകയുമായ ഇ. ജീന്‍ കരോളിന് ഉടനടി കൈമാറാന്‍ യു.എസ് ഫെഡറല്‍ കോടതി ഉത്തരവിട്ടു. പലിശ അടക്കം ഏകദേശം 5.8 മില്യണ്‍ ഡോളര്‍ (ഏകദേശം 48 കോടിയിലധികം രൂപ) കരോളിന് നല്‍കാനാണ് മന്‍ഹാട്ടനിലെ ഡിസ്ട്രിക്റ്റ് ജഡ്ജ് ലൂയിസ് കപ്ലാന്‍ നിര്‍ദേശം നല്‍കിയത്.
അപ്പീല്‍ തള്ളിയതിന് പിന്നാലെയാണ് നടപടി. 2023 ല്‍ മന്‍ഹാട്ടന്‍ ജൂറി ട്രംപ് കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് അഞ്ച് മില്യണ്‍ ഡോളറായിരുന്നു ആദ്യഘട്ടത്തില്‍ നഷ്ടപരിഹാരമായി വിധിച്ചിരുന്നത്. തുടര്‍ന്ന് അപ്പീല്‍ നടപടികള്‍ പുരോഗമിക്കുന്നതിനായി ഈ തുക കോടതിയുടെ നിയന്ത്രണത്തിലുള്ള എസ്‌ക്രോ അക്കൗണ്ടില്‍ നിക്ഷേപിച്ചിരിക്കുകയായിരുന്നു. എന്നാല്‍ ട്രംപ് നല്‍കിയ അപ്പീല്‍ ഹര്‍ജി സ്വീകരിക്കാന്‍ യു.എസ് സുപ്രീം കോടതി വിസമ്മതിച്ചതോടെയാണ് തുക കരോളിന് കൈമാറാന്‍ വഴിതെളിഞ്ഞത്.

നടപടിക്രമങ്ങള്‍ വൈകിപ്പിക്കുന്ന ട്രംപിന്റെ രീതിയെ ശക്തമായ ഭാഷയിലാണ് ജഡ്ജ് ലൂയിസ് കപ്ലാന്‍ വിമര്‍ശിച്ചത്. കേസ് നീട്ടിക്കൊണ്ടുപോകാന്‍ പ്രതി വര്‍ഷങ്ങളായി ശ്രമിക്കുകയാണെന്നും ഇനി സമയം പാഴാക്കാതെ കരോളിന് അര്‍ഹമായ തുക നല്‍കേണ്ട സമയമായെന്നും കോടതി വ്യക്തമാക്കി. അതേസമയം തുക കൈമാറുന്നത് ഉടനടി തടയണമെന്ന് ആവശ്യപ്പെട്ട് ട്രംപിന്റെ അഭിഭാഷകര്‍ ഫെഡറല്‍ അപ്പീല്‍ കോടതിയെ സമീപിച്ചെങ്കിലും ബുധനാഴ്ച രാത്രിയോടെ കോടതി ഈ ആവശ്യവും തള്ളി. സുപ്രീം കോടതിയുടെ മുന്‍പില്‍ പുനപരിശോധനാ ഹര്‍ജി നിലനില്‍ക്കുന്നുണ്ടെന്നും തുക നല്‍കിയാല്‍ പിന്നീട് തിരിച്ചുപിടിക്കാന്‍ സാധിക്കില്ലെന്നുമാണ് ട്രംപിന്റെ അഭിഭാഷകര്‍ വാദിച്ചത്.

എന്നാല്‍ 82 കാരിയായ കരോള്‍ വര്‍ഷങ്ങളായി നീതിക്കായി കാത്തിരിക്കുകയാണെന്നും ഇനി വൈകിപ്പിക്കാനാകില്ലെന്നും കരോളിന്റെ അഭിഭാഷകര്‍ കോടതിയെ അറിയിച്ചു. ലഭിക്കുന്ന തുക തന്റെ വിരമിക്കല്‍ കാല ആവശ്യങ്ങള്‍ക്കായി സൂക്ഷിച്ചുവെക്കാനാണ് കരോളിന്റെ തീരുമാനം.

1990 കളുടെ മധ്യത്തില്‍ മന്‍ഹാട്ടനിലെ ബെര്‍ഗ്‌ഡോര്‍ഫ് ഗുഡ്മാന്‍ ഡിപ്പാര്‍ട്ട്‌മെന്റ് സ്റ്റോറിലെ ഡ്രസ്സിംഗ് റൂമില്‍ വെച്ച് ട്രംപ് തന്നെ ലൈംഗികമായി പീഡിപ്പിച്ചെന്നും പിന്നീട് ഇത് നിഷേധിച്ച് അപകീര്‍ത്തിപ്പെടുത്തിയെന്നുമായിരുന്നു കരോളിന്റെ പരാതി. എന്നാല്‍ ആരോപണങ്ങള്‍ പൂര്‍ണ്ണമായും വ്യാജമാണെന്നും പുസ്തക വിറ്റഴയ്ക്കലിനായുള്ള തന്ത്രമാണെന്നുമാണ് ട്രംപ് വാദിച്ചിരുന്നത്. നിലവിലത്തെ 5.8 മില്യണ്‍ ഡോളറിന് പുറമെ, ട്രംപിന്റെ മറ്റൊരു അപകീര്‍ത്തി പ്രസ്താവനയ്‌ക്കെതിരെ 2024 ജനുവരിയില്‍ 83.3 മില്യണ്‍ ഡോളറിന്റെ മറ്റൊരു നഷ്ടപരിഹാര വിധി കൂടി ട്രംപിനെതിരെ നിലവിലുണ്ട്. ഇതിനെതിരെയുള്ള അപ്പീല്‍ നടപടികളുമായി മുന്നോട്ടുപോകാനാണ് ട്രംപിന്റെ നിയമസംഘത്തിന്റെ തീരുമാനം.