പ്രണയം നിരസിച്ചതിലെ നിരാശ; പത്തനംതിട്ടയിൽ സഹപാഠികൾക്കെതിരായ പീഡന പരാതി വ്യാജമെന്ന് പെൺകുട്ടിയുടെ മൊഴി
സഹപാഠികൾ പീഡിപ്പിച്ചുവെന്ന 13 വയസുകാരിയുടെ പരാതി വ്യാജമാണെന്ന് അന്വേഷണത്തിൽ വ്യക്തമായതായി പൊലീസ്. സഹപാഠികൾ തന്നെ പീഡിപ്പിച്ചിട്ടില്ലെന്നും, പ്രണയം നിരസിച്ചതിലെ നിരാശയിലാണ് പരാതി നൽകിയതെന്നും പെൺകുട്ടി മൊഴി നൽകിയതായി പൊലീസ് അറിയിച്ചു.
ഒൻപതാം ക്ലാസ് വിദ്യാർത്ഥിനിയായ പെൺകുട്ടി ചൈൽഡ് ലൈൻ പ്രവർത്തകരോടാണ് ആദ്യം പീഡനാരോപണം ഉന്നയിച്ചത്. ഇതിന്റെ അടിസ്ഥാനത്തിൽ പൊലീസ് രണ്ട് എഫ്‌ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിരുന്നു. സഹപാഠികളായ നാല് വിദ്യാർത്ഥികളെയും രണ്ട് മുതിർന്നവരെയും മാതാപിതാക്കളുടെ സാന്നിധ്യത്തിൽ വിളിച്ചുവരുത്തി മൊഴിയെടുത്തിരുന്നു. എല്ലാവരും ആരോപണം നിഷേധിച്ചിരുന്നു.
വൈദ്യപരിശോധനയ്ക്കായി ഹാജരാക്കിയപ്പോൾ ഡോക്ടറോടാണ് താൻ പീഡനത്തിനിരയായിട്ടില്ലെന്ന് പെൺകുട്ടി ആദ്യം പറഞ്ഞത്. ഒരു സഹപാഠിയോട് തനിക്ക് പ്രണയം തോന്നിയിരുന്നുവെന്നും, എന്നാൽ ആ വിദ്യാർത്ഥി അത് നിരസിച്ചതായും പെൺകുട്ടി വെളിപ്പെടുത്തി.
തുടർന്ന് നടത്തിയ വൈദ്യപരിശോധനയിൽ പീഡനമോ മർദ്ദനമോ നടന്നതായി തെളിവുകളൊന്നും കണ്ടെത്തിയില്ലെന്ന് പൊലീസ് അറിയിച്ചു. പിന്നീട് മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കിയപ്പോഴും പെൺകുട്ടി ഇതേ മൊഴി ആവർത്തിച്ചു.
പെൺകുട്ടിയുടെ പുതിയ മൊഴിയുടെ അടിസ്ഥാനത്തിൽ വിശദമായ റിപ്പോർട്ട് കോടതിയിൽ സമർപ്പിക്കുമെന്ന് പൊലീസ് അറിയിച്ചു. ആദ്യം ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ രജിസ്റ്റർ ചെയ്ത കേസുകളിലും തുടർനടപടികൾ സംബന്ധിച്ച് നിയമോപദേശം തേടുമെന്നും അധികൃതർ വ്യക്തമാക്കി.